‘ഇനി ജയിലിലേക്കു തിരിച്ചുവരേണ്ട’; കൊലപാതകക്കേസിൽ 105-കാരന് ജീവപര്യന്തം ശിക്ഷയിൽനിന്ന് മോചനം നൽകി സുപ്രീം കോടതി
കൊലപാതക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് മൂന്ന് പതിറ്റാണ്ടോളം ജയിലിൽ കഴിഞ്ഞ 105-കാരന് സുപ്രീം കോടതി പൂർണ മോചനം അനുവദിച്ചു. പശ്ചിമ ബംഗാളിലെ മാൾഡ സ്വദേശിയായ രസിക് ചന്ദ്ര മൊണ്ടാലിന്റെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ശിക്ഷയിൽ ഇളവ് നൽകി മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിക്കാരന്റെ പ്രായം പരിഗണിച്ച് കേസ് അവസാനിപ്പിക്കുകയാണെന്നും, ശേഷിക്കുന്ന ശിക്ഷാ കാലാവധി പൂർണമായും ഒഴിവാക്കുകയാണെന്നും കോടതി വ്യക്തമാക്കി. ജീവപര്യന്തം ശിക്ഷ സാങ്കേതികമായി ഇതുവരെ അവസാനിച്ചിട്ടില്ലെങ്കിലും, 105-കാരനെ ഇനി ജയിലിലേക്ക് അയക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
1920-ൽ ജനിച്ച രസിക് ചന്ദ്ര മൊണ്ടാലിനെ 1994-ലാണ് കൊലപാതകക്കേസിൽ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2018-ൽ കൊൽക്കത്ത ഹൈക്കോടതിയും ശിക്ഷ ശരിവച്ചു. ഇതിനെതിരെ മൊണ്ടാൽ സമർപ്പിച്ച ഹർജി സുപ്രീം കോടതിയും തള്ളി. തുടർന്ന്, 2020-ൽ 99-ാം വയസ്സിൽ, വാർദ്ധക്യസഹജമായ അസുഖങ്ങളും പ്രായവും ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട് അദ്ദേഹം വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന