മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ യുവ താരം അഭിഷേക് ശർമ്മയുടെ സംഹാര താണ്ഡവത്തിനായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ സാക്ഷിയായത്. ഇംഗ്ലണ്ടിന് ഒരിക്കലും മറക്കാനാവാത്ത രാത്രിയായിരുന്നു അദ്ദേഹം സമ്മാനിച്ചത്. 54 പന്തിൽ 13 സിക്സറുകളും 7 ഫോറും അടക്കം അഭിഷേക് നേടിയത് 135 റൺസാണ്.
ബാറ്റ് കൊണ്ട് മാത്രമല്ല ബോൾ കൊണ്ടും താരം ഇംഗ്ലണ്ടിന്റെ പ്രധാന വിക്കറ്റുകൾ എടുക്കുന്നതിൽ പങ്ക് വഹിച്ചിരുന്നു. വെറും ഒരു ഓവറിൽ മൂന്നു റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളും താരം സ്വന്തമാക്കി. ബ്രൈഡൻ കാർസേ, ജെയ്‌മി ഓവർട്ടൻ എന്നിവരുടെ വിക്കറ്റുകളാണ് താരം നേടിയത്. അഭിഷേകിന്റെ ബോളിങ് മികവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്.
ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ:
” അഭിഷേക് കുറച്ചും കൂടെ ബോൾ ചെയ്യണം. അവൻ മികച്ചൊരു ബോളറാണ്. ഞാൻ ആദ്യം അവനെ കണ്ടപ്പോൾ അവന്റെ സീം പൊസിഷൻ നല്ലതാണെന്ന് എനിക്ക് തോന്നി. പക്ഷെ ബാറ്റിംഗിൽ കൊടുക്കുന്ന അത്രയും ശ്രദ്ധ അവൻ ബോളിങ്ങിൽ കൊടുക്കുന്നില്ല”
ഹർഭജൻ സിംഗ് തുടർന്നു:
” അഭിഷേകിനെ എപ്പോഴൊക്കെ കണ്ടാലും എനിക്ക് എന്നെ തന്നെ ഓർമ്മ വരും. അവന്റെ ആദ്യ ഇഷ്ടം എന്നും ബാറ്റിംഗിനോടാണ്. എന്നാൽ തന്റെ ബോളിങ് കഴിവിനെ ഉയർത്തികൊണ്ട് വരാൻ അഭിഷേകിന് സാധിക്കും. ഒരു മികച്ച ഇടംകൈയ്യൻ സ്പിന്നറുടെ എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്. അവൻ കഠിനാധ്വാനിയായ ആളാണ്, അവൻ്റെ പിതാവും തൻ്റെ കരിയറിന് തുല്യമായി അർപ്പണബോധമുള്ളയാളാണ്” ഹർഭജൻ സിംഗ് പറഞ്ഞു.