വിയറ്റ്നാമിൽ ഇന്ത്യൻ വിനോദ സഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞ് അപകടം; 15ഓളം പേർ മരിച്ചതായി റിപ്പോർട്ട്, ബോട്ടിൽ ഉണ്ടായിരുന്നത് 32യാത്രക്കാർ
വിയറ്റ്നാമിൽ ഇന്ത്യൻ വിനോദ സഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞ് അപകടം. വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപമാണ് അപകടം ഉണ്ടായത്. 15ഓളം പേർ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരിച്ചവരുടെ കൃത്യമായ വിവരം സ്ഥിരീകരിച്ചിട്ടില്ല. അപകടസമയത്ത് ബോട്ടിൽ 32 യാത്രക്കാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗം പേരും ഇന്ത്യൻ വിനോദ സഞ്ചാരികളായിരുന്നു.
മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. യാത്ര തിരിച്ച് ഏകദേശം 400 മീറ്റർ പിന്നിട്ടപ്പോഴേക്കും ഉച്ചയ്ക്ക് ഒരു മണിയോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു. ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ വിയറ്റ്‌നാം ഭരണകൂടം സൈന്യം, പൊലീസ്, സിവിൽ രക്ഷാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വലിയ തോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു.
പ്രാദേശിക മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ഇവർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിട്ടുണ്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 23 പേരെ കടലിൽ നിന്ന് രക്ഷപ്പെടുത്തി തീരത്തെത്തിച്ചിട്ടുണ്ട്. ഇവർക്ക് അൻ തോയ് തുറമുഖത്ത് അടിയന്തര പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കാണാതായ മറ്റുള്ളവർക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്.
മൊജ്തബ ഖമനയി ഗുരുതരാവസ്ഥയിലെന്ന് ഇസ്രായേൽ മാധ്യമങ്ങൾ; വാർത്തകളോട് പ്രതികരിക്കാതെ ഇറാൻ
ഫാൽക്കൺ 9 റോക്കറ്റിന്റെ ഇടിച്ചിറക്കൽ ഉയർത്തുന്ന ‘സ്പേസ് റൈറ്റ്സ്’ ചോദ്യങ്ങൾ; ചന്ദ്രനെയും മാലിന്യക്കൂമ്പാരമാക്കുകയാണോ മനുഷ്യൻ?