നേപ്പാൾ നോവിന്റെ ആഴം അടയാളപ്പെടുത്തി സാറ്റ്ലൈറ്റ് ചിത്രങ്ങൾ; 165 മരണം, 800 പേരെ കാണാനില്ല; 300ഓളം ഇന്ത്യക്കാരേയും കാണാനില്ല
നേപ്പാളിൽ വ്യാപക നാശം വിതച്ച മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 165 ആയി ഉയർന്നു. 300-ലധികം ഇന്ത്യൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേരെ ഇപ്പോഴും കാണാനില്ല. നേപ്പാൾ – ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപാച്ചിലിലും ഒരു കുട്ടി ഉൾപ്പെടെ 165 പേരെങ്കിലും മരിച്ചുവെന്നാണ് നേപ്പാൾ സർക്കാരിന്റെ ഔദ്യോഗിക കണക്ക്. ഇന്നലെ രാവിലെ ഉണ്ടായ ദുരന്തത്തിൽ 800 ൽ അധികം ആളുകളെ കാണാതായതാണ് വിവരം. കാണാതായവരിൽ 580 പേരും വിനോദസഞ്ചാരികളാണ്. കാണാതായവരിൽ കൈലാസ മാനസസരോവർ യാത്രയ്‌ക്കെത്തിയ 133 ഇന്ത്യൻ തീർഥാടകരും ഉൾപ്പെടുന്നുവെന്നത് രാജ്യത്തും ആശങ്ക ഇരട്ടിയാക്കുന്നു. മുന്നൂറോളം ഇന്ത്യക്കാരെയാണ് കാണാതായിരിക്കുന്നത്.
ഇതുവരെ 157 മൃതദേഹങ്ങൾ നേപ്പാൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നേപ്പാൾ-ചൈന അതിർത്തിക്കു സമീപം റസുവാഗഡിയിൽനിന്ന് ഏകദേശം 20 കി.മീ. വടക്കുകിഴക്കായി ഹിമപാതവും പാറയിടിച്ചിലും ഉണ്ടായതിനെ തുടർന്ന് ലെൻഡെ നദിയിൽ ചെളിയും അവശിഷ്ടങ്ങളും നിറഞ്ഞ വെള്ളപ്പാച്ചിൽ രൂപപ്പെട്ടുവെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. ഈ വെള്ളപ്പാച്ചിൽ ടിമുറെ വഴി ത്രിശൂലി നദിയിലേക്ക് ചേർന്നതാകാമെന്നും നാഷനൽ ഡിസാസ്റ്റർ റിസ്ക് റിഡക്‌ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി വ്യക്തമാക്കി.
നേപ്പാളിലെ പ്രളയത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് രക്ഷാപ്രവർത്തകർ പകർത്തിയ ദൃശ്യങ്ങളടക്കം സാമൂഹിക മാധ്യമങ്ങളിൽ നിരവധി ദൃശ്യങ്ങളാണ് നേപ്പാളിൽ നിന്ന് പ്രചരിക്കുന്നത്. ഇതിൽ രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിൽ നിന്ന് പകർത്തിയ ആകാശ ദൃശ്യങ്ങൾ ദുരന്തത്തിന്റെ വ്യാപ്തിയും ഭീകരതയും വെളിപ്പെടുത്തുന്നുണ്ട്. ഒരു ഗ്രാമം മുഴുവനും വെള്ളത്തിനടിയിലാവുകയും ചെളിയവശിഷ്ടങ്ങൾ കൊണ്ട് മൂടിയനിലയിലുമാണ്.
പ്രളയത്തിന്റെ ശക്തിയിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്ന് ഒലിച്ചുപോയി. പല കെട്ടിടങ്ങളും മണ്ണും ചെളിയും മൂടിയ അവസ്ഥയിലാണ്. ഹെലികോപ്റ്ററിൽ നിന്നും ഡ്രോണുകളിൽ നിന്നും പകർത്തിയ ദൃശ്യങ്ങളിൽ റോഡുകളും പാലങ്ങളും തകർന്ന് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടനിലയിലാണ് കാണപ്പെടുന്നത്. പലയിടങ്ങളിലും റോഡുകളുണ്ടായിരുന്നുവെന്നതിന്റെ തെളിവുകൾ പോലും അവശേഷിക്കുന്നതായി ദൃശ്യങ്ങളിൽ കാണിക്കുന്നില്ല.
ദുരന്ത മേഖല നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ സന്ദർശിച്ചു. ആയിരക്കണക്കിന് ആളുകളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അതിനിടെ ദുരിതബാധിത പ്രദേശത്ത് നിന്ന് 53 മലയാളികൾ നോർക്കയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതായി നോർക്ക സിഇഒ അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളികൾ ഒറ്റപ്പെട്ട സ്ഥാലങ്ങളിലാണെന്നും നോർക്ക സിഇഒ അറിയിച്ചു. പക്ഷെ എവിടെയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേപ്പാളിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ അകപ്പെട്ട ഇന്ത്യൻ പൗരന്മാർക്ക് സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി കഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി പുതുക്കിയ അടിയന്തര ഹെൽപ്‌ലൈൻ നമ്പറുകൾ പുറത്തിറക്കി
സഹായം ആവശ്യമുള്ളവർക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്: +977 985 131 6807, +977 970 910 7500, +977 981 032 6117.
ഈ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകളിലേക്ക് വാട്‌സാപ് മുഖേനയും ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന