Friday, 11 September 2026
‘Honest storytelling is a powerful means of change
07:42:14 PM IST
Kerala

ശബരിമല സ്വർണക്കൊള്ള കേസ്; അന്വേഷണം പൂർത്തിയാക്കി എസ്‌ഐടി, അന്തിമ റിപ്പോർട്ട് 25ന് മുൻപ് സമർപ്പിക്കും

ന്യൂസ് ഡെസ്ക് 3 September 2026, 2:30 pm
SHARE

ശബരിമല സ്വർണക്കൊള്ള കേസിലെ അന്തിമ അന്വേഷണ റിപ്പോർട്ട് ഈ മാസം 25ന് മുൻപ് സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതിയിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് തൃപ്തി രേഖപ്പെടുത്തി. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്നും കോടതി നിർദേശിച്ചു.

എസ്‌ഐടി തലവൻ എസ്.പി.എസ്. ശശിധരൻ നേരിട്ട് ഹാജരായാണ് അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം പൂർത്തിയായതായി എസ്‌ഐടി അറിയിച്ചു. ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനഘട്ടത്തിലാണ്. ശാസ്ത്രീയ പരിശോധനാ ഫലം കൂടി ഉൾപ്പെടുത്തി ഈ മാസം അവസാനത്തോടെ അന്തിമ റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കാനാകുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. എസ്‌ഐടി അന്വേഷണം ആരംഭിച്ചിട്ട് 11 മാസം പിന്നിട്ടു.

അതേസമയം, ദ്വാരപാലക ശിൽപം കോടതി അനുമതിയില്ലാതെ ചെന്നൈയിലേക്ക് കൊണ്ടുപോയ കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം. അറസ്റ്റിലായി 43 ദിവസത്തിന് ശേഷമാണ് പ്രശാന്ത് ജയിൽ മോചിതനാകുന്നത്.

2019ലെ സ്വർണക്കൊള്ള മറച്ചുവെക്കാൻ 2025ൽ പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ ബോധപൂർവമായ ശ്രമം നടന്നെന്നാണ് എസ്‌ഐടിയുടെ കേസ്. ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട നടപടികളിൽ പ്രശാന്തിന് പങ്കുണ്ടെന്നാരോപിച്ചാണ് കേസെടുത്തത്. കേസിലെ അന്വേഷണ നടപടികൾ അന്തിമഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് എസ്‌ഐടി അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കോടതിയെ അറിയിച്ചത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →