Sunday, 9 August 2026
‘Honest storytelling is a powerful means of change
03:37:00 AM IST
Cricket

ഇന്ത്യയെ രക്ഷിക്കാൻ രോഹിതും കോഹ്‌ലിയും വരുന്നു, അവരുടെ ഫോം ഗംഭീറിന് ഗുണം ചെയ്യും: മുഹമ്മദ് കൈഫ്

SHARE

ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ കനത്ത പരാജയത്തിന് പിന്നാലെ, ഏകദിന പരമ്പരയിലേക്ക് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തിരിച്ചെത്തുന്നത് ഇന്ത്യൻ ടീമിന് വലിയ അനുഗ്രഹമാണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. അഞ്ച് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിൽ 0-4 ന്റെ നാണംകെട്ട തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. യുകെ പര്യടനത്തിൽ ഇതുവരെ ഒരു മത്സരം പോലും ജയിക്കാൻ കഴിയാത്ത മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് സീനിയർ താരങ്ങളുടെ സാന്നിധ്യം വലിയ ആശ്വാസം നൽകുമെന്നും കൈഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ കോഹ്‌ലിയുടെ വരവ് ഒരു അനുഗ്രഹമാണ്. അദ്ദേഹം അവസാന നിമിഷം വരെ പോരാടും. കോഹ്‌ലിയുടെയും രോഹിത്തിന്റെയും നിലവിലെ മികച്ച ഫോം ഗംഭീറിന് ഗുണം ചെയ്യും. ഇവർ വരുന്നതോടെ ഏകദിന പരമ്പരയിൽ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും കൈഫ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ട്വന്റി-20 പരമ്പരയിൽ ഇന്ത്യ ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ പരാജയപ്പെട്ടിരുന്നു. എന്നാൽ ഏകദിന സ്ക്വാഡിലേക്ക് ജസ്പ്രീത് ബുംറയും കുൽദീപ് യാദവും മടങ്ങിയെത്തുന്നതോടെ ബോളിങ് നിരയിൽ വലിയ മാറ്റമുണ്ടാകുമെന്ന് കൈഫ് വിലയിരുത്തി. നമ്മൾ ബാറ്റിങ്ങിനെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിലും കഴിഞ്ഞ പരമ്പരകളിൽ ബോളിങ് വളരെ മോശമായിരുന്നു. ബുംറയുടെയും കുൽദീപിന്റെയും തിരിച്ചുവരവാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്. വെള്ളപ്പന്ത് ക്രിക്കറ്റിൽ രോഹിത്തും വിരാടും ഇതിഹാസങ്ങളാണ്.

കടുത്ത സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ തിളങ്ങാൻ കോഹ്‌ലിയെപ്പോലെയുള്ള അനുഭവസമ്പന്നരായ കളിക്കാർക്ക് സാധിക്കും. ഇത് ട്വന്റി-20 പരമ്പരയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പോരാട്ടവീര്യം ഇന്ത്യക്ക് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെ ബർമിങ്ഹാമിലാണ് ആദ്യ ഏകദിന മത്സരം. ജൂലൈ 16 വ്യാഴാഴ്ച കാർഡിഫ് രണ്ടാം മത്സരത്തിനും ജൂലൈ 19 ഞായറാഴ്ച ലണ്ടൻ ഫൈനൽ പോരാട്ടത്തിനും വേദിയാകും.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →