Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:29 PM IST
Kerala

42 വർഷമായി പൊലീസ് തെരയുന്ന സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യം; ജോൺ മേനോനെക്കുറിച്ച് പൊലീസിന് ദുരൂഹ വിവരങ്ങൾ

john menon, sukumarakkurupp 28 August 2026, 9:02 am
SHARE

42 വർഷമായി പൊലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് പൊലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ട്. മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള ഇന്ത്യക്കാരിൽ നിന്നാണ് ചില ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിച്ചത്.

ജോൺ മേനോൻ ദുരൂഹ ഇടപാടുകളിൽ ഏർപ്പെട്ടിരുന്നയാളാണെന്നാണ് ലഭിച്ച വിവരങ്ങൾ. രണ്ട് വർഷം മുമ്പ് നിർമാണ സാമഗ്രികളുടെ കരാറുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയ സംഭവത്തിൽ ജോണിന്റെ പാകിസ്താനി പങ്കാളിക്കെതിരെ കേസെടുത്തിരുന്നതായും സൂചനയുണ്ട്. മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബമെന്നാണ് ജോൺ ചിലരോട് പരിചയപ്പെടുത്തിയിരുന്നതെന്നും വിവരമുണ്ട്.

അതേസമയം, പൊലീസിന്റെ കണ്ണുവെട്ടിച്ച് വിദേശത്തേക്ക് കടന്ന സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന പ്രചാരണങ്ങളിൽ സ്ഥിരീകരണം കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് തുടരുകയാണ്. ബ്രൂണെയിൽ സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ഒരാളെ കണ്ടെന്ന വിവരത്തിൽ വ്യക്തത വരുത്താൻ ഇന്റർപോളിന്റെ സഹായം തേടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

നിലവിൽ ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് ഐ.ജി ശ്യാം സുന്ദർ ഇന്റർപോളിന് കത്ത് നൽകും. രൂപസാദൃശ്യമുള്ള വ്യക്തിയുടെ ചിത്രം ഉൾപ്പെടെയുള്ള വിവരങ്ങളും കത്തിനൊപ്പം കൈമാറും. എന്നാൽ പുറത്തുവന്ന വിവരങ്ങൾ പൊലീസ് ഇതുവരെ പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ഇന്റർപോളിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷമായിരിക്കും അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുക.

80 വയസ്സിന് മുകളിൽ പ്രായമുള്ള സുകുമാരക്കുറുപ്പ് ഹൃദ്രോഗബാധിതനായതിനാൽ ജീവിച്ചിരിക്കാൻ സാധ്യത കുറവാണെന്ന നിഗമനത്തിലായിരുന്നു ക്രൈംബ്രാഞ്ച്. ഇതിനിടെയാണ് സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ഒരാൾ ബ്രൂണെയിൽ ‘ജോൺ മേനോൻ’ എന്ന പേരിൽ കഴിയുന്നതായുള്ള പ്രചാരണം ശക്തമായത്. ഇതിന്റെ യാഥാർഥ്യം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച്.

Read More