Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:57 PM IST
Kerala

‘പട നയിച്ചവന്‍ നാട് നയിക്കട്ടെ’, വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവ്യശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയ്ക്ക് മെയ്‌ലുകളും ഫെയ്‌സ്ബുക്ക് മുറവിളികളും

SHARE

നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വന്‍ വിജയത്തിന് പിന്നാലെ കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേരയ്ക്കായി ചരടുവലികള്‍ നടത്തുമ്പോള്‍ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയ്ക്ക് ഫെയ്‌സ്ബുക്കിലൂടേയും മെയ്‌ലിലൂടേയും സന്ദേശ പ്രവാഹം. ‘പട നയിച്ചവന്‍ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യങ്ങളോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയ പ്രചാരണം തുടങ്ങിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ പേജില്‍ കമന്റുകള്‍ പെരുകുകയാണ്.

കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രവര്‍ത്തകരേയും നേതാക്കളേയും അഭിനന്ദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിന് താഴെ സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് നിരവധിപേരാണ് കമന്റിട്ടിരിക്കുന്നത്. ഇംഗ്ലീഷിലാണ് കമന്റുകളേറെയും. രാജസ്ഥാനിലേയും മധ്യപ്രദേശിലെയുംപോലെ ചെയ്യരുതെന്നും പാര്‍ട്ടിപ്രവര്‍ത്തകരുടെയും പൊതുജനത്തിന്റെയും മനസ്സ് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നുമുള്ള ഓര്‍മ്മപ്പെടുത്തലും ചിലര്‍ നടത്തിയിട്ടുണ്ട്.

മുസ്‌ലിംലീഗ് പ്രവര്‍ത്തകരടക്കം ഇതേറ്റെടുക്കുകയും മുസ്ലീം ലീഗ് സതീശന് പിന്നില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നുണ്ട്. ലീഗ് സതീശനെ പിന്തുണയ്ക്കുന്നെന്ന് പരോക്ഷമായി വ്യക്തമാക്കിയിരുന്നു. മറ്റ് ഘടകകക്ഷികളും സതീശനോട് ആഭിമുഖ്യം പുലര്‍ത്തുന്നെന്നും സൂചനയുണ്ട്. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമെന്ന നിലയില്‍ ഘടകകക്ഷികള്‍ നേരിട്ട് മുഖ്യമന്ത്രി തിരഞ്ഞെടുപ്പില്‍ ഇടപെടില്ല. കോണ്‍ഗ്രസ് യോജിച്ച് ആരെ തീരുമാനിച്ചാലും അംഗീകരിക്കാമെന്നാണ് നിലപാട്.

കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണ വെച്ചാണ് കെ സി വേണുഗോപാല്‍ ടീം മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നത്. സീനിയോരിറ്റിയാണ് രമേശ് ചെന്നിത്തലയുടെ തുറുപ്പ് ചീട്ട്.

അതിനിടയിലാണ് ‘പട നയിച്ചവന്‍ നാട് നയിക്കട്ടെ’ എന്നെഴുതി സതീശനെ പിന്തുണയ്ക്കുന്ന ഫഌ്‌സ് വയനാട്ടിലടക്കം പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞദിവസം പറവൂരിലെത്തിയ വി.ഡി. സതീശനെ കാണാന്‍ എംഎല്‍എമാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി സതീശന് എറണാകുളത്ത് ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയില്ലെങ്കിലും ഘടകകക്ഷി നേതാക്കള്‍ വി.ഡി. സതീശനുമായി അനൗദ്യോഗിക ആശയവിനിമയം തുടങ്ങിയിട്ടുണ്ട്. മുസ്ലിംലീഗ് നേതാക്കള്‍ കഴിഞ്ഞദിവസം സതീശനുമായി ഫോണില്‍ ബന്ധപ്പെട്ടു. കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫ്, ആര്‍.എസ്.പി. നേതാവ് ഷിബു ബേബി ജോണ്‍, കേരള കോണ്‍ഗ്രസ് ജേക്കബ് നേതാവ് അനൂപ് ജേക്കബ്, സി.എം.പി. നേതാവ് സി.പി. ജോണ്‍ എന്നിവരും സതീശനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസിലെ തര്‍ക്കം മുറുകുന്നതിനിടെയാണ് ഘടകകക്ഷി നേതാക്കള്‍ സതീശനെ കണ്ടത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →