Friday, 11 September 2026
‘Honest storytelling is a powerful means of change
07:42:16 PM IST
Voices

സണ്ണി കപിക്കാടിനെതിരായ ഭീഷണികൾ ഉയർത്തുന്ന ചോദ്യങ്ങൾ

Southlive 1 September 2026, 3:21 pm
SHARE

കെ സുനിൽ കുമാർ

എഴുത്തുകാരനും പ്രഭാഷകനും ദലിത് സമുദായ നേതാവുമായ സണ്ണി എം കപിക്കാടിനെതിരെ സംഘപരിവാർ നടത്തുന്ന പ്രതിഷേധങ്ങൾക്ക് ശക്തി കുറഞ്ഞെങ്കിലും തുടരുകയാണ്. ഇപ്പോൾ അണപൊട്ടി ഒഴുകുന്ന വിദ്വേഷ പ്രചാരണങ്ങളും തെറിവിളികളും യാദൃച്ഛികമാണോ? അത് ‘അയ്യപ്പ വിശ്വാസ’ ത്തെ അവഹേളിച്ചതിൻ്റെ പേരിലുള്ള വിശ്വാസികളുടെ സ്വാഭാവിക വികാര പ്രകടനമാണോ? ‘പന്തളം കൊട്ടാര'(ആരാണാവോ അവിടത്തെ രാജാക്കന്മാർ?) പ്രതിനിധികളെയും സംഘപരിവാർ സംഘടനകളെയും യോഗക്ഷേമ സഭക്കാരെയും വെള്ളാപ്പള്ളി നടേശനെയും വരെ പ്രകോപിപ്പിച്ചത് വിശ്വാസത്തിനേറ്റ മുറിവാണോ? എന്താണ് സണ്ണി യഥാർത്ഥത്തിൽ പറഞ്ഞതും ഉദ്ദേശിച്ചതുമെന്ന് മനസ്സിലാക്കിയാണോ ഈ പ്രകടനങ്ങൾ?

തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിലെ ജാതി വിവേചനത്തിനെതിരായ ഗവേഷക വിദ്യാർത്ഥിനി അനഘ ശശിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തിന്റെ ഒരു കഷണം മുറിച്ചെടുത്ത് സംഘപരിവാർ ചാനലായ ജനം ടി വിയും ചില സംഘി സോഷ്യൽ മീഡിയ ഹാൻഡിലുകളുമാണ് പ്രചാരണം തുടങ്ങിവെച്ചത്. പിന്നീട് ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദു പരിഷത്തുമെല്ലാം അത് ഏറ്റെടുക്കുയായിരുന്നു.

എന്താണ് അദ്ദേഹം യഥാർത്ഥത്തിൽ പറഞ്ഞതെന്ന് കൂടി നോക്കണം. പ്രസംഗത്തിലെ വിവാദ ഭാഗം ഇങ്ങനെയാണ്: “മാളികപ്പുറത്തമ്മ ഇടതുവശത്ത് പിറകിലായാണ് ഇരിക്കുന്നത്, ഈ പുള്ളി ഫ്രണ്ടിലേക്ക് നോക്കിയാണ് ഇരിക്കുന്നത്. കണ്ടുപോയാൽ അന്നേരം പുള്ളിയുടെ നൈഷ്ഠിക ബ്രഹ്മചര്യം തകർന്ന് പോകുകയും അക്ഷരാർത്ഥത്തിൽ പുള്ളി ഒരു ബലാത്സംഗ വീരനായി മാറുമെന്നാണ് ഈ പറയുന്നത്. ഇത്രേം ബോധക്കേടുള്ള മനുഷ്യർക്ക് അമ്പലം പണിത് കൊടുത്താൽ കാശ് വരും. ബോധക്കേടാണിത്”. ഇവിടെ അയ്യപ്പനെ ബലാൽസംഗ വീരനെന്ന് സണ്ണി അധിക്ഷേപിക്കുന്നില്ല എന്ന് സാമാന്യബോധവും സൽബുദ്ധിയുമുള്ളവർക്ക് മനസ്സിലാകും. എന്നാൽ അദ്ദേഹം അങ്ങനെ പറഞ്ഞുവെന്ന് സ്ഥാപിച്ചാൽ മാത്രമേ ആക്രമിക്കാൻ കഴിയൂ. തങ്ങളുടെ ബോധക്കേടിനെ പരിഹസിച്ചതിനുള്ള മറുപടിയാണ് സണ്ണിക്കെതിരായ സംഘപരിവാറിൻ്റെ പ്രചാരണമത്രയും.


ഇതിന് തൊട്ട് മുമ്പ് പറഞ്ഞത് കൂടി അറിഞ്ഞാലേ സംഘപരിവാരം എന്തുകൊണ്ട് പ്രകോപിതരായി എന്ന് മനസ്സിലാക്കാൻ കഴിയൂ.

ഡല്‍ഹി ജവഹര്‍ലാല്‍ യൂണിവേഴ്സിറ്റിയില്‍ ക്ഷേത്രം നിര്‍മ്മിച്ച് വരുമാനം ഉണ്ടാക്കാമെന്ന വൈസ് ചാന്‍സലറുടെ വിചിത്രമായ വാദത്തെയാണ് അദ്ദേഹം ആദ്യം പരിഹസിച്ചത്. അയോധ്യയിൽ സംഘപരിവാറുകാർ നടത്തുന്ന സംഭാവന കൊള്ളയെക്കുറിച്ചായിരുന്നു മറ്റൊരു പരാമർശം. പള്ളി പൊളിച്ച് അമ്പലമുണ്ടാക്കി ഒരുവർഷത്തിനകം കോടികളുടെ തട്ടിപ്പാണ് ഇക്കൂട്ടർ നടത്തിയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പണം കൊടുക്കുന്നതും കൊള്ളയടിക്കുന്നതും അവർ തന്നെയെന്നും അതിൽ നമുക്കെന്ത് കാര്യമെന്നുമായിരുന്നു പരിഹാസപൂർവമുള്ള ചോദ്യം. ഇതിനോട് ചേർത്താണ് ശബരിമലയിലെ സ്വർണ കൊള്ളയെക്കുറിച്ചും സൂചിപ്പിച്ചത്. അയ്യപ്പൻ്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെക്കുറിച്ചും മാളികപ്പുറവും അയ്യപ്പനും നേർക്കുനേർ കണ്ടാൽ അത് തകർന്നുപോകുമെന്നാണ് ഇവർ പറയുന്നതെന്നുമാണ് പരിഹസിച്ചത്. വിശ്വാസത്തെയും ഭക്തിയെയും വിൽപ്പറ നടത്തുന്ന ഭക്തിക്കച്ചവട സംഘങ്ങളെയും സംഘപരിവാർ കൂട്ടങ്ങളെയുമാണ് പ്രസംഗത്തിൽ തുറന്നുകാട്ടിയത്. ഇത് തന്നെയാണ് യഥാർത്ഥത്തിൽ അവരെ പ്രകോപിപ്പിച്ചത്.

പ്രസംഗത്തിനിടയിൽ ഉണ്ടായ ‘ബലാത്സംഗ വീരൻ’ എന്ന അനുചിതമായ പ്രയോഗത്തിൽ സണ്ണി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നിട്ടും സംഘപരിവാർ സംഘടനകൾ അദ്ദേഹത്തിനും മരിച്ചുപോയ അച്ഛനും അമ്മക്കും ജീവിച്ചിരിക്കുന്ന ഭാര്യക്കും പെൺമക്കൾക്കും നേരെ നടത്തുന്ന ഹീനമായ തെറി പ്രയോഗങ്ങൾക്കും ഭീഷണികൾക്കും കാരണം ശബരിമല അയ്യപ്പൻ എന്ന ദൈവത്തെ ‘നിന്ദി’ച്ചതാണെന്ന് കരുതാനാകില്ല. വിശ്വാസത്തിന്റെ പേരിൽ അന്ധവിശ്വാസവും സ്ത്രീവിരുദ്ധതയും അടിച്ചേൽപ്പിക്കുന്ന ഹിന്ദുത്വ കച്ചവടത്തെയാണ് അദ്ദേഹം വിമർശിക്കുന്നത് എന്ന് വ്യക്തമാണ്. ശബരിമല സ്ത്രീ പ്രവേശന സമരകാലത്ത് സ്വീകരിച്ച നിലപാട് ആവർത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.

‘അയ്യപ്പ നിന്ദ’യായിരുന്നു ഇവരുടെ പ്രശ്‌നമെങ്കിൽ ശബരിമല ഷേത്രത്തിൽ നടന്ന സ്വർണ കൊള്ളക്കും അതിൽ പങ്കാളികളായവർക്കുമെതിരെ എത്ര വലിയ പ്രതിഷേധം നടത്തേണ്ടതായിരുന്നു. ഒരു സംഘപരിവാറുകാരനും അതിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങുന്നത് കണ്ടില്ല. കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യമുന്നയിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രതി ചേർത്തപ്പോൾ ശബരിമലക്കെതിരായ ഗൂഢാലോചനയെന്ന് ആരോപിച്ച് ഹിന്ദു സംഘടനകൾ തെരുവിലിറങ്ങി സംഘർഷം സൃഷ്ടിക്കുകയും ചെയ്തു. ആരോപണ വിധേയനായ തന്ത്രിയെ രക്ഷപ്പെടുത്തുകയായിരുന്നു അതിൻ്റെ ലക്ഷ്യം. യഥാർത്ഥത്തിൽ അയ്യപ്പ സംരക്ഷണമാണ് അവരുടെ ലക്ഷ്യമെങ്കിൽ സ്വർണക്കൊള്ളക്ക് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് സമരം ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതൊന്നും അവരുടെ പ്രശ്നമല്ല.

ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ സണ്ണി കപിക്കാട് എന്ന വ്യക്തിക്ക് നേരെയുള്ള പ്രതിഷേധം മാത്രമായി കരുതാൻ കഴിയില്ല. അതിന് പിന്നിൽ സംഘപരിവാറിന് രാഷ്ട്രീയവും സാമൂഹികവുമായ ഉദ്ദേശങ്ങളുണ്ട്. അതിലൊന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ വിദ്വേഷപരവും സാമൂഹിക വിഭജനാത്മകവുമായ ഉള്ളടക്കത്തെ തുറന്നുകാട്ടുകയും അത് ന്യൂനപക്ഷങ്ങൾക്ക് മാത്രമല്ല, ദലിതർക്കു ആദിവാസികൾക്കും പിന്നാക്കക്കാർക്കും അപകടകരമാണ് എന്ന് നിരന്തരം പറയുകയും ഒരാളാണ് സണ്ണിയെ കൈകാര്യം ചെയ്യുകയെന്നതാണ്. ഹൈന്ദവ ഏകീകരണത്തിൻ്റെ രാഷ്ട്രീയത്തിലേക്ക് സവർണ ഹിന്ദുത്വം പുറന്തള്ളിയ വിഭാഗങ്ങളെ കുട്ടിച്ചേർക്കുന്നതിനാണ് സംഘപരിവാർ ദീർഘകാലമായി കേരളത്തിൽ ശ്രമിക്കുന്നത്. എങ്കിൽ മാത്രമേ ഹിന്ദു ഭൂരിപക്ഷം സൃഷ്ടിച്ച് കേരളത്തിൽ അധികാരം നേടാൻ കഴിയൂ. ആ നീക്കത്തിനെതിരെ ശബ്‌ദിക്കുന്ന ഒരാളെന്ന നിലയിൽ സണ്ണിയെപ്പോലുള്ളവർ അവരുടെ ശത്രുപക്ഷത്താണ്. ശബരിമല സ്ത്രീ പ്രവേശന വിധിയെ അനുകൂലിച്ചും അയ്യപ്പനെ രാഷ്ട്രീയ ആയുധമാക്കുന്നതിനെതിരെയും അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ സംഘപരിവാരത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ഡോ. ബി ആർ അംബേദ്കറുടെ നേതൃത്വത്തിൽ നിർമ്മിച്ച ഭരണഘടനയെയും ഭരണഘടന മൂല്യങ്ങളെയും സംരക്ഷിക്കുന്നതിൻ്റെ പ്രാധാന്യക്കുറിച്ചും അദ്ദേഹം പ്രസംഗങ്ങളിൽ നിരന്തരം ഓർമ്മിപ്പിക്കാറുണ്ട്. ഭരണഘടന ഉറപ്പ് നൽകുന്ന സ്ത്രീ-പുരുഷ തുല്യനീതിയെന്ന ആശയത്തിൻ്റെയും ശാസ്ത്രീയ ബോധത്തിൻ്റെയും അടിത്തറയിൽ നിന്നുകൊണ്ടാണ് അദ്ദേഹം സുപ്രീം കോടതി വിധിയെയും ഉയർത്തിപ്പിടിച്ചത്. ശബരിമല വിധിക്കെതിരെ ശബരിമലയിലും കേരളത്തിൻ്റെ തെരുവുകളിലും അക്രമാസക്ത സമരങ്ങൾ നടത്തിയ സംഘപരിവാറിന് സണ്ണി ശത്രുവാകുന്നത് സ്വാഭാവികമാണ്. ബിജെപി സർക്കാർ നടപ്പാക്കിയ മുന്നാക്ക സംവരണവും പൗരത്വ ഭേദഗതി നിയമവും പോലുള്ള ഭരണഘടന വിരുദ്ധ നടപടികളെയും എതിർത്ത ഒരാളാണ് അദ്ദേഹം. ആക്രമണോത്സുക ഹിന്ദുത്വത്തെയും അതിൻ്റെ ആശയപരവും വിശ്വാസപരവുമായ അടിത്തറയെയും വിമർശിക്കുന്ന ഒരാൾ കൂടിയാണ്. ഇതാണ് അവരുടെ എതിർപ്പിൻ്റെ മറ്റൊരു കാരണം.

ദലിതർ എന്നാൽ ഹിന്ദു പട്ടികജാതിക്കാർ മാത്രമല്ലെന്നും ഇന്ത്യയിലെ വിവിധ മതങ്ങൾക്കുള്ളിൽ ജാതി വിവേചനങ്ങൾ നേരിടുന്നവരാണെന്നും സാമൂഹിക ശാസ്ത്രത്തെ കുറിച്ച് സാമാന്യ ധാരണയുള്ളവർക്കറിയാം. സിഖ്, ബുദ്ധ, ക്രിസ്‌ത്യൻ, ഇസ്ലാം മതങ്ങൾക്കുള്ളിൽ ദലിതരുണ്ട്. കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഉൾപ്പെട്ടവരാണ് ദലിതർ. വിശ്വാസപരമായ വ്യത്യസ്തത പുലർത്തുമ്പോഴും ഒരു ജനതയെന്ന നിലയിൽ സമാനതകളും സാഹോദര്യവും ഐക്യവും പങ്കുവെക്കുന്നവരാണ് ദലിതർ. പല പ്രദേശങ്ങളിലും ഒരു കുടുംബത്തിൽ തന്നെ രണ്ട് വിഭാഗങ്ങളും ഉണ്ടാകുന്നതും സ്വാഭാവികമാണ്. അവർ പരസ്പരം വിവാഹം കഴിക്കാറുമുണ്ട്. എന്നാൽ സണ്ണിക്കെതിരായ ആക്രമണങ്ങളിൽ സംഘപരിവാർ ഈ ഐക്യത്തെയും സാഹോദര്യ ബന്ധത്തെയും തകർക്കുന്നതിനുള്ള കുടിലബുദ്ധിയാണ് പ്രയോഗിക്കുന്നത്. ക്രിസ്ത്യാനിയായി മതപരിവർത്തനം ചെയ്ത സണ്ണി കപിക്കാട് ജോലി കിട്ടാൻ ഹിന്ദു പട്ടികജാതിക്കാരനായെന്നും അപ്രകാരം സംവരണം തട്ടിയെടുത്തെന്നുമാണ് അവരുടെ ആരോപണം. അടിസ്ഥാനരഹിതമായ ഈ ആരോപണത്തിന് പിന്നിൽ ഒരു ലക്ഷ്യമുണ്ട്. ഹിന്ദു- ക്രിസ്ത്യൻ ദലിത് വിഭാഗങ്ങളെ തമ്മിലടിപ്പിക്കുകയാണത്. അതിലൂടെ ഹിന്ദു പട്ടിക ജാതിക്കാരെ ഹിന്ദുത്വ ഏകീകരണത്തിൻ്റെ ഭാഗമാക്കി മാറ്റുക. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ വിരുദ്ധ കലാപങ്ങളിൽ സംഘപരിവാർ പ്രയോഗിക്കാറുള്ള തന്ത്രമാണിത്. ഒരു സ്വതന്ത്ര സാമുദായിക ശക്തിയെന്ന നിലയിൽ ദലിതരുടെ ശിഥിലീകരണമാണ് ഇതിലൂടെ സംഭവിക്കുക. ഇത് മനസ്സിലാക്കിയാണ് ദലിത് സമുദായ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന സണ്ണിയെ പോലുള്ളവരെ നിശ്ശബ്‌ദരാക്കാനുള്ള നീക്കം.

കലാപം സൃഷ്ടിക്കുകയും കയ്യേറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ ആഭാസകരവും പ്രകോപനപരവുമായ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമാണ് സംഘപരിവാർ നേതാക്കളിൽ നിന്ന് പുറത്തുവരുന്നത്. ഇത് അണികളിലേക്ക് എത്തുന്നത് സാമൂഹിക മാധ്യമങ്ങളിൽ പരിധിവിട്ട തെറിവിളികളുടെയും ഭീഷണികളുടെയും രൂപത്തിലാണ്. സണ്ണിക്കെതിരായ രോഷ പ്രകടനങ്ങളിലൂടെ അവർ വമിപ്പിക്കുന്നത് മറച്ചുവെക്കപ്പെട്ട ജാതീയതയും വംശീയ വിദ്വേഷവും സ്ത്രീവിരുദ്ധതയുമാണ്. കേരളത്തിൻ്റെ മതേതര ജനാധിപത്യ ബോധത്തിൽ ഹിന്ദുത്വ വിദ്വേഷ പ്രചാരണങ്ങൾ സൃഷ്ടിച്ച പ്രതിലോമ മാറ്റങ്ങളുടെ ലക്ഷണങ്ങൾ മാത്രമാണ് ഇതെല്ലാം.

തെറ്റായ ഒരു പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചപ്പോഴും തൻ്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ല എന്ന് സണ്ണി കപിക്കാട് പറഞ്ഞ സാഹചര്യത്തിൽ മറ്റൊരു പ്രധാന ചോദ്യം കൂടിയുണ്ട്. ഇന്നത്തെ കേരളത്തിൽ വിശ്വാസവും ആചാരങ്ങളും ദൈവങ്ങളും മത ഗ്രന്ഥങ്ങളും വിമർശനത്തിന് അതീതമാണോ? ആചാരങ്ങളെയും വിശ്വാസങ്ങളെയും വിമർശിച്ചും വെല്ലുവിളിച്ചും ചോദ്യം ചെയ്തും തിരുത്തിച്ചുമാണ് ഇരുളടഞ്ഞ കേരളം ഒരു ആധുനിക സമൂഹമായി മാറിയതെന്ന് ഓർക്കണം. ശ്രീനാരായണ ഗുരുവും അയ്യൻകാളിയും പൊയ്കയിൽ അപ്പച്ചനും സഹോദരൻ അയ്യപ്പനും പണ്ഡിറ്റ് കറുപ്പനും അടക്കമുള്ള നവോത്ഥാന നായകർ നിർവഹിച്ച ദൗത്യവും അതായിരുന്നു. അവർ നടത്തിയ സമരങ്ങളുടെ ഉള്ളടക്കവും അത് തന്നെയാണ്.

ശിവ പ്രതിഷ്ഠ നടത്തി ബ്രാഹ്മണ്യ ആചാരത്തെ സൗമ്യമായി വെല്ലുവിളിച്ച ശ്രീനാരായണ ഗുരുവിൽ നിന്ന് തുടങ്ങുന്നതാണ് ആചാര ലംഘനം. അദ്ദേഹത്തിൻ്റെ അടുത്ത അനുയായി ആയിരുന്ന സഹോദരൻ അയ്യപ്പൻ കൊടുങ്ങല്ലൂർ ഭരണിക്ക് പോകല്ലേ എന്ന് ആഹ്വാനം ചെയ്തതിൻ്റെ പേരിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസത്തിൻ്റെ പേരിൽ ചൂഷണം നടക്കുന്ന പളനിയിലേക്കും കൊട്ടിയൂരിലേക്കും പോകരുതേയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോട്ടയത്ത് എസ്എൻഡിപി യോഗത്തിൻ്റെ വാർഷിക സമ്മേളനത്തിനെത്തിയ കോൺഗ്രസ് നേതാവ് മദൻ മോഹൻ മാളവ്യ രാമരാജ്യത്തിന് ജയ് വിളിക്കാൻ പറഞ്ഞപ്പോൾ ‘ശൂദ്രമുനിയെ വെട്ടിക്കൊന്ന രാമൻ്റെ രാജ്യം തങ്ങൾക്ക് വേണ്ടെന്നും അതിനേക്കാൾ നല്ലത് രാവണ രാജ്യ’മാണെന്ന് പ്രഖ്യാപിച്ചരാണ് സഹോദരൻ അയ്യപ്പനും എസ്എൻഡിപി യോഗം നേതാക്കളും.
ശബരിമലയിൽ തീപ്പിടുത്തം ഉണ്ടായപ്പോൾ ഗുരുവിൻ്റെ മറ്റൊരു അനുയായിയും തിരു- കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി കേശവൻ പറഞ്ഞത് ഒരു അമ്പലം കത്തി നശിച്ചാൽ അത്രയും അന്ധവിശ്വാസം പോകുമെന്നാണ്. ഇനി നമുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്താമെന്ന് ആഹ്വാനം ചെയ്തത് നമ്പൂതിരിമാരെ മനുഷ്യരാക്കാനും സ്ത്രീകളെ ‘മറക്കുടക്കുള്ളിലെ മഹാനരകത്തിൽ’ നിന്ന് മോചിപ്പിക്കാനും യത്നിച്ച വി ടി ഭട്ടതിരിപ്പാടാണ്. എന്തിനേറെ നായർ സമുദായത്തെ നാശത്തിൻ്റെ പടുകുഴിയിൽ വീഴ്ത്തിയ സംബന്ധമെന്ന അസംബന്ധ ആചാരത്തെ ലംഘിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് മന്നത്ത് പത്മനാഭൻ നായർ സമുദായ ഐക്യം സൃഷ്ടിച്ചത്. പൊയ്കയിൽ അപ്പച്ചൻ ബൈബിൾ കത്തിച്ച് പ്രതിഷേധിച്ചിട്ടുണ്ട്. ബൈബിളും ഖുറാനും മുഹമ്മദ് നബിയുമെല്ലാം വിമർശന വിധേയരായിട്ടുണ്ട്. അതിനെല്ലാം മത പണ്ഡിതർ മറുപടികളും നൽകിയിട്ടുണ്ട്.

എന്നാൽ സമീപകാലത്തായി അത്തരം വിമർശനങ്ങളെയെല്ലാം റദ്ദ് ചെയ്യാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് നടക്കുന്നത്. അതിൽ മുന്നിട്ട് നിൽക്കുന്നത് ഹിന്ദുത്വ – സംഘപരിവാർ സംഘടനകളാണ്. മറ്റ് പല മത സംഘടനകളും നേതാക്കളും ഇക്കൂട്ടത്തിലുണ്ട് എന്നത് മറക്കുന്നില്ല. സ്വതന്ത്ര ചിന്തക്കും മത- വിശ്വാസ വിമർശനത്തിനുമുള്ള പൗരൻ്റെ അവകാശത്തിന് നേരെയുള്ള കയ്യേറ്റമാണ് ഇക്കൂട്ടർ നടത്തുന്നത്. ഇത് അനുവദിച്ച് കൊടുക്കണമോ എന്ന ചോദ്യമാണ് കേരളീയ സമൂഹത്തിന് മുന്നിൽ ഉയരുന്നത്.

ലേഖനം: കെ സുനില്‍ കുമാര്‍
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Read More
s
Southlive
View all posts →