Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:27 PM IST
Kerala

കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധം; 17 എസ്‌എഫ്‌ഐ വിദ്യാർഥികളുടെ അറസ്റ്റ് രണ്ടാഴ്ച തടഞ്ഞ് ഹൈക്കോടതി

ന്യൂസ് ഡെസ്ക് 3 September 2026, 6:52 pm
SHARE

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17 വിദ്യാർഥികളുടെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. എസ്‌എഫ്‌ഐ പ്രവർത്തകരായ വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. കേസിൽ പൊലീസ് റിപ്പോർട്ട് തേടിയ കോടതി ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുന്നതിനായി ഹർജി മാറ്റി.

ഓഗസ്റ്റ് 13ന് ക്യാമ്പസിൽ നടന്ന സംഭവത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിരുന്നില്ലെന്നാണ് വിദ്യാർഥികളുടെ വാദം. എന്നാൽ സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷം വൈസ് ചാൻസലർ സിസ് തോമസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇതേ സംഭവത്തിൽ വീണ്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് നിയമപരമല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്നതടക്കമുള്ള ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും വിദ്യാർഥികൾ കോടതിയിൽ ഹാജരാക്കി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നാണ് വിദ്യാർഥികളുടെ വാദം.

ബിരുദ സർട്ടിഫിക്കറ്റ് വിതരണം വൈകുന്നതടക്കം 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ പ്രതിഷേധം തുടരുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →