Sunday, 9 August 2026
‘Honest storytelling is a powerful means of change
04:26:09 AM IST
Kerala

നെന്മാറ ഇരട്ടക്കൊലപാതക കേസ്: ‘ചെന്താമരയ്ക്ക് അർഹമായ ശിക്ഷ ലഭിച്ചു’, കോടതി വിധിയിൽ അതിയായ സന്തോഷമെന്ന് പ്രോസിക്യൂട്ടർ

SHARE

നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയ്ക്ക് അർഹമായ ശിക്ഷയാണ് ലഭിച്ചതെന്നും അതിയായ സന്തോഷമുണ്ടെന്നും പ്രോസിക്യൂട്ടർ അഡ്വ. വിജയകുമാർ. അപൂർവങ്ങളിൽ അപൂർവമായ കേസായാണ് കോടതി സംഭവത്തെ പരിഗണിച്ചത്. പൊലീസിന്റെയും പ്രോസിക്യൂഷൻ സാക്ഷികളുടെയും മികച്ച സഹകരണത്തിലൂടെയാണ് ഇത്തരമൊരു നിർണായക വിധി നേടാൻ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഭാഗം ഉന്നയിച്ച വാദങ്ങളെ കോടതി പൂർണമായും തള്ളിയെന്നും പ്രോസിക്യൂട്ടർ മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടികളുടെ പുനരധിവാസം, പ്രതിയുടെ സ്വഭാവ രീതി, കൊലപാതങ്ങൾ നടത്തിയ രീതി തുടങ്ങിയ വിവിധ കാര്യങ്ങൾ കോടതി വിശദമായി പരിശോധിച്ചു. സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതി ആക്രമണം നടത്തിയതെന്നും കോടതി വിലയിരുത്തി. കോടതിയുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ പ്രതിക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്ന് സൈക്കോളജിസ്റ്റ് ബോർഡ് കണ്ടെത്തിയതായും അഡ്വ. വിജയകുമാർ പറഞ്ഞു.

പ്രോസിക്യൂഷൻ വധശിക്ഷ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രതി മാനസാന്തരം പ്രകടിപ്പിച്ചതെന്നും എന്നാൽ കോടതി അത് പരിഗണിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാക്ഷിയായ ഗിരീഷ് മൊഴി മാറ്റിയത് കള്ളത്തരമായിരുന്നുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടതായും പ്രോസിക്യൂട്ടർ പറഞ്ഞു.

പ്രതിക്ക് സ്വന്തമായി സ്വത്തുക്കൾ ഇല്ലാത്തതിനാൽ സംസ്ഥാന സർക്കാരാണ് 20 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകേണ്ടത്. കൂടാതെ മൂത്ത കുട്ടിക്ക് സർക്കാർ ജോലി നൽകണമെന്നും കോടതി വിധിയിൽ നിർദേശിച്ചിട്ടുണ്ട്. ഭാവിയിൽ ഏതെങ്കിലും സാഹചര്യത്തിൽ പ്രതിക്ക് പരോൾ അനുവദിച്ചാൽ എല്ലാ സാക്ഷികൾക്കും ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും കോടതി നിർദേശിച്ചതായി അഡ്വ. വിജയകുമാർ അറിയിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →