Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:22 PM IST
Kerala

പ്രതിപക്ഷ ഉപനേതൃപദവി: പിണറായിയുടെ നിലപാട് തള്ളി ടി പി രാമകൃഷ്ണൻ; സിപിഐയുമായി ചർച്ച തുടരും

ന്യൂസ് ഡെസ്ക് 28 August 2026, 4:36 pm
SHARE

പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് സിപിഐയുമായി ഇനി ചർച്ചയില്ലെന്ന പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ നിലപാട് തള്ളി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വിഷയത്തിൽ പരസ്പര കൂടിയാലോചനകളിലൂടെ പരിഹാരം കാണാനുള്ള ശ്രമം തുടരുകയാണെന്ന് ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.

പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് സിപിഐ പുതിയ ആവശ്യം ഉന്നയിച്ചതാണ് തർക്കത്തിന് കാരണമെന്നും പരസ്പരം ചർച്ച ചെയ്ത് വിഷയം പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരെന്ത് അഭിപ്രായം പറഞ്ഞാലും ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന രാഷ്ട്രീയ നിലപാടിനാണ് പ്രാധാന്യമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.

വിഷയത്തിൽ സിപിഐഎം മാത്രം തീരുമാനമെടുക്കേണ്ട സാഹചര്യമല്ലെന്നും സിപിഐയിലെ ചില നേതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ അത് സിപിഐയുടെ ഔദ്യോഗിക നിലപാടാണോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഉപനേതൃപദവിയിൽ സിപിഐയുമായി ഇനി ചർച്ചയില്ലെന്ന പിണറായി വിജയന്റെ പരസ്യ നിലപാടിനെതിരെ സിപിഐ നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ടി പി രാമകൃഷ്ണന്റെ പ്രതികരണം.

പ്രശ്നപരിഹാരത്തിന് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിപിഐ. മുന്നണി യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് ഘടകകക്ഷികൾ തമ്മിൽ ധാരണയുണ്ടെന്നും അതനുസരിച്ച് യോഗങ്ങൾ ചേർന്ന് മുന്നോട്ടുപോകുമെന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →