Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:22 PM IST
Kerala

സുകുമാരക്കുറുപ്പ് ഇല്ല, മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകും

ന്യൂസ് ഡെസ്ക് 27 August 2026, 12:37 pm
SHARE

കേരള പൊലീസിനെ വട്ടം ചുറ്റിച്ച പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്. പതിറ്റാണ്ടുകളായി തിരച്ചിൽ നടത്തുന്ന പിടികിട്ടാപ്പുള്ളിയെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാൻ സമയമായെന്ന് പൊലീസ് കരുതുന്നു. ചോദ്യങ്ങൾക്ക് ഉത്തരമായി സുകുമാരക്കുറുപ്പ് മരിച്ചിരിക്കാമെന്ന നി​ഗമനത്തിലാണ് പൊലീസ്.

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം സംബന്ധിച്ച കേസ് ഫയല്‍ അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തീരുമാനിച്ചു കഴിഞ്ഞു. ഉന്നതതല ചര്‍ച്ചയ്ക്കു ശേഷം അന്വേഷണം അവസാനിപ്പിക്കും. ഈ കാലയളവിനിടയില്‍ സുകുമാരക്കുറുപ്പ് ഹൃദ്രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടിരിക്കാമെന്ന റിപ്പോര്‍ട്ട് അന്വേഷണസംഘം മേധാവിക്ക് നല്‍കും.കേരള പൊലീസിന്റെ പട്ടികയിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപുള്ളിയാണ് സുകുമാരക്കുറുപ്പ്. സുകുമാരക്കുറുപ്പിനെ കണ്ടെന്ന ഒരു വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു നഴ്‌സിന്റെ മൊഴിയെടുത്തിരുന്നു. സുകുമാര കുറുപ്പിനെ കണ്ടതായി പൊലീസിനെ അറിയിച്ച രത്നമ്മ എന്ന നഴ്സിന്റെ മൊഴി വീണ്ടും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലായിരുന്നു കേസിന്റെ പരിശോധന നടത്തിയത്. തുടർന്നാണ് ഇനി കേസിൽ തുടർ നടപടി വേണ്ടെന്ന നിഗമനത്തിൽ എത്തിയത്.

1984 ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വന്തം പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി താൻ മരിച്ചുവെന്ന് വരുത്താൻ നിരപരാധിയായ ചാക്കോയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി കാറിലിട്ട് കത്തിക്കുകയായിരുന്നു.

ചാക്കോ എന്ന ഫിലിം റപ്രസന്റീവ് കൊല്ലപ്പെട്ട കേസിലെ പ്രധാനപ്രതിയായ സുകുമാരക്കുറുപ്പിനെ പോലീസിന് കണ്ടെത്താനായിട്ടില്ല. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ ചെറിയനാട് വില്ലേജില്‍ പുത്തന്‍ വീട്ടില്‍ ശിവരാമ കുറുപ്പിന്റെ മകനാണ് ഗോപാലകൃഷ്ണ കുറുപ്പ് എന്ന സുകുമാരക്കുറുപ്പ്. പ്രീഡിഗ്രി തോറ്റ ശേഷം നാട്ടില്‍ പലവിധ ജോലികള്‍ ചെയ്തുവന്നു. വ്യോമസേനയില്‍ ചേര്‍ന്നെങ്കിലും അത് ഉപേക്ഷിച്ചു നാട്ടില്‍ മടങ്ങിയെത്തി. തുടര്‍ന്ന് താന്‍ മരിച്ചുവെന്നു വ്യാജ രേഖയുണ്ടാക്കി വ്യോമസേനയ്ക്കു ടെലഗ്രാം അയച്ചു. നിജസ്ഥിതി അറിയാനെത്തിയ ചെങ്ങന്നൂര്‍ പൊലീസിനെ കൈക്കൂലി കൊടുത്ത് മടക്കി. പിന്നീട് സുകുമാരക്കുറുപ്പ് എന്ന പേരില്‍ വ്യാജ പാസ്സ്‌പോര്‍ട്ട് ഉണ്ടാക്കി വിദേശത്തേക്ക് കടക്കുകയായിരുന്നു. സുകുമാര കുറുപ്പ് കൊലപാതക കേസ് എന്നായിരുന്നു ആദ്യം കേസിന്റെ പേര്. പിന്നീട് അത് ചാക്കോ വധക്കേസ് എന്ന് പുനര്‍നാമകരണം ചെയ്യേണ്ടി വന്നു.

കൊലയ്ക്ക് ശേഷം സ്ഥലം വിട്ട കുറുപ്പിനെ കണ്ട ഏക മലയാളി ഝാർഖണ്ഡിൽ നഴ്സായിരുന്ന രത്നമ്മയായിരുന്നു. ആ സമയത്ത് ഹൃദ്രോഗിയായിരുന്നു സുകുമാരക്കുറുപ്പെന്നാണ് വെളിപ്പെടുത്തൽ. രത്നമ്മ കുറുപ്പിനെ കണ്ടു എന്ന് പറയുന്ന സമയത്ത് അയാളുടെ പ്രായവും രോഗവും വെച്ച് നോക്കിയാൽ ഇത്രയും കാലം അയാൾ ജീവിച്ചിരിക്കാൻ സാധ്യത വളര കുറവാണ് എന്ന വിലയിരുത്തിലിലാണ് അന്വേഷണ സംഘം. തുടർന്നാണ് ഇനി കേസിൽ തുടർ നടപടി വേണ്ടന്ന നിഗമനത്തിൽ എത്തിയത്.

സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിൽ കേസ് ഫയൽ അവസാനിപ്പിക്കാൻ പുതിയ അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് ഉടൻ റിപ്പോർട്ട് നൽകും. ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്കു മുമ്പ് കുറുപ്പ് മരിച്ചിരിക്കാമെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. വൈകാതെ അന്തിമ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന. ഉന്നത ആലോചനയ്ക്ക് ശേഷമാണ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനമാകുക. തീരുമാനമാകാത്ത കേസുകൾ തീർപ്പാക്കുന്നതിന്‍റെ ഭാഗമായി മൂന്നു മാസം മുൻപാണ് സുകുമാരക്കുറുപ്പിൻ്റെ ഫയൽ പോലീസ് വീണ്ടും തുറന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →