Friday, 11 September 2026
‘Honest storytelling is a powerful means of change
07:11:37 PM IST
Kerala

‘അനാവശ്യ നിയന്ത്രണങ്ങൾ വേണ്ട, സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതിൽ ഇസ്‌ലാമിൽ തടസ്സമില്ല’; കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശം തള്ളി പാളയം ഇമാം

ന്യൂസ് ഡെസ്ക് 4 September 2026, 5:58 pm
SHARE

സ്ത്രീകളുടെ പൊതുഇടപെടലുമായി ബന്ധപ്പെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശങ്ങൾ തള്ളി പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. ഇസ്ലാമിൽ ലിംഗ വിവേചനമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് ഇസ്ലാം ഒരിടത്തും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച ജുമുഅ പ്രസംഗത്തിനിടെയായിരുന്നു പാളയം ഇമാമിന്റെ പ്രതികരണം.

ഇസ്ലാം ഒരിക്കലും സ്ത്രീകളുടെ സാമൂഹിക ഇടപെടലുകൾക്കും പൊതുപങ്കാളിത്തത്തിനും എതിരല്ലെന്ന് സുഹൈബ് മൗലവി പറഞ്ഞു. വിശ്വാസികൾ എന്ന നിലയിൽ സ്ത്രീകളും പുരുഷന്മാരും ഇസ്ലാമിക മാർഗനിർദേശങ്ങൾ ഉൾക്കൊണ്ടും പാലിച്ചുകൊണ്ടുമാണ് സാമൂഹിക രംഗങ്ങളിൽ ഇടപെടേണ്ടത്. അനാവശ്യ നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രമായ യാഥാസ്ഥിതിക നിലപാടുകൾക്കും ലിബറൽ നിലപാടുകൾക്കും മധ്യേയുള്ള മധ്യമ നിലപാടാണ് ഇസ്ലാമിന്റേതെന്നും പാളയം ഇമാം പറഞ്ഞു. ഖുർആൻ മുന്നോട്ടുവയ്ക്കുന്ന മാർഗനിർദേശങ്ങൾ അവഗണിക്കാനാകില്ലെന്നും അതേസമയം അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളും പുരുഷന്മാരും എല്ലാ രംഗങ്ങളിലും അല്ലാഹുവിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കണമെന്നാണ് വിശുദ്ധ ഖുർആൻ ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ സാമൂഹിക ഇടപെടലുമായി ബന്ധപ്പെട്ട് നേരത്തെ കാന്തപുരം നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സ്ത്രീകൾ പൊതുവേദികളിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നതടക്കമുള്ള പരാമർശങ്ങളിൽ കാന്തപുരം പിന്നീട് വിശദീകരണം നൽകുകയും ആത്മീയ ചർച്ചകളെ വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പാളയം ഇമാമിന്റെ നിലപാട് വ്യക്തമാക്കുന്ന ജുമുഅ പ്രസംഗം ശ്രദ്ധേയമാകുന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →