മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. ആംനസ്റ്റിക്കെതിരെയും മുന്‍ ഡയറക്ടര്‍ ആകാര്‍ പട്ടേലിനെതിരെയുമുള്ള കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പ് ചുമത്തി ഇഡി രജിസ്റ്റര്‍ചെയ്ത കേസിലെ നടപടികളാണ് അടുത്തവാദം കേള്‍ക്കുന്നതുവരെ തടഞ്ഞത്. അതുവരെ കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് ഇഡിക്ക് നിര്‍ദേശം നല്‍കി.
2022 മേയ് ഏഴിനാണ് ഇഡി കേസ് രജിസ്റ്റര്‍ചെയ്തത്. ഈ കേസ് തള്ളണമെന്നാവശ്യപ്പെട്ടാണ് ആകാര്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു ഇതില്‍ കോടതി ഇഡിക്ക് നോട്ടീസയച്ചു.
വിദേശസംഭാവന (നിയന്ത്രണ) നിയമം ലംഘിച്ചെന്നാരോപിച്ച് 2019-ല്‍ സിബിഐ രജിസ്റ്റര്‍ചെയ്ത കേസിന്റെ ചുവടുപിടിച്ചാണ് ഇഡി കേസെടുത്തത്.
കേസില്‍ മൂന്നാം പ്രതിയായ ആംനസ്റ്റി ഇന്ത്യയുടെ മുന്‍ സിഇഒ ജി. അനന്തപദ്മനാഭനെതിരായി ഇഡി നടപടിയെടുക്കുന്നത് ഫെബ്രുവരിയില്‍ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് താത്കാലികമായി തടഞ്ഞിരുന്നു.
ഇത് കണക്കിലെടുത്താണ് ആകാര്‍ പട്ടേലിനെതിരായ നടപടിയും തടഞ്ഞത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ 2020-ല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചതാണ്. സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചതോടെയായിരുന്നു ഇത്. ജസ്റ്റിസ് ഹേമന്ദ് ചന്ദന്‍ഗൗഡറുടേതാണ് ഉത്തരവ്.