തിരുവനന്തപുരം ശാസ്തമംഗലത്തെ കോര്‍പ്പറേഷൻ കെട്ടിടത്തിലെ വട്ടിയൂര്‍ക്കാവ് എംഎൽഎ വികെ പ്രശാന്തിന്‍റെ ഓഫീസിനെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിച്ച് തിരുവനന്തപുരം മേയര്‍ വിവി രാജേഷ്. ഇത്രത്തോളം രാഷ്ട്രീയവത്കരിക്കേണ്ട കാര്യമില്ലെന്നും വികെ പ്രശാന്തുമായുള്ള സൗഹൃദം വെച്ചാണ് ആര്‍ ശ്രീലേഖ ഓഫീസ് ഒഴിയാനുള്ള ആവശ്യം ഉന്നയിച്ചതെന്നും വിവി രാജേഷ് പറഞ്ഞു.
എല്ലാ കാര്യങ്ങളും പാര്‍ട്ടിയോട് പറയണമെന്നില്ല. ഇങ്ങനെയൊരു ചര്‍ച്ച വന്ന സ്ഥിതിക്ക് ഇത്തരത്തിൽ കോര്‍പ്പറേഷൻ കെട്ടിടം വാടകക്ക് കൊടുക്കുന്നതിലെ രേഖകള്‍ പരിശോധിക്കും. 300 സ്ക്വയർ ഫീറ്റ് റൂം 832 രൂപയ്ക്കാണ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ സ്വകാര്യ വ്യക്തികൾക്ക് വാടകക്ക് നൽകിയിട്ടുണ്ടോ എന്നും പരിശോധിക്കും. എംഎൽഎ ഓഫീസിന് ഇളവ് നൽകാവുന്നതാണ്. രേഖകൾ പരിശോധിച്ച് കൂടുതൽ കാര്യങ്ങൾ പറയാമെന്നും വിവി രാജേഷ് പറഞ്ഞു.
സ്വകാര്യ വ്യക്തികൾക്ക് കോർപ്പറേഷൻ കെട്ടിടം കുറഞ്ഞ വാടകയ്ക്ക് കൊടുത്തിട്ടുണ്ടോ എന്ന് സമഗ്രമായ അന്വേഷണം നടത്തുമെന്നും വിവി രാജേഷ് പറഞ്ഞു. നഗരസഭ പരിധിയിൽ സർവീസ് നടത്തുന്ന ബസുകൾ മറ്റിടങ്ങളിലേക്ക് ഓടുന്നു എന്ന വിവരം മുൻപ് ലഭിച്ചിരുന്നു. ഇത് പരിശോധിക്കും. നഗരത്തിലൂടെ ഓടാനാണ് ഈ ബസുകൾ കേന്ദ്രസർക്കാർ അനുവദിച്ചതെന്നും വിവി രാജേഷ് പറഞ്ഞു.