ഇലക്ട്രിക് ബസ് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി വി.രാജേഷിനു കുറിക്കുകൊള്ളുന്ന മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. 113 ബസുകളില്‍ ഒരെണ്ണം പോലും മറ്റു ജില്ലകളില്‍ ഓടുന്നില്ലെന്നും കോര്‍പറേഷന്‍ ആവശ്യപ്പെട്ടാല്‍ എല്ലാ ബസുകളും തിരിച്ചു നല്‍കാന്‍ തയാറാണെന്നും ഗതാഗത മന്ത്രി പറഞ്ഞു. പകരം 150 ബസുകള്‍ പുറത്തുനിന്ന് കൊണ്ടുവന്ന് തിരുവനന്തപുരത്ത് ഓടിക്കുമെന്നും ഗണേഷ് കുമാര്‍ താക്കീത് നല്‍കി. 113 ഇലക്ട്രിക് ബസുകള്‍ ഓടിച്ചിട്ടാണ് കെഎസ്ആര്‍ടിസി ലാഭമുണ്ടാക്കുന്നതെന്ന പ്രചാരണം ശരിയല്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസി സ്മാര്‍ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഓടിച്ചുകൊണ്ടിരിക്കുന്നത് 113 ഇലക്ട്രിക് ബസുകളാണ്. കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള മറ്റ് 50 ബസുകളും ഓടുന്നുണ്ട്. ഈ 113 ബസുകള്‍ തിരുവനന്തപുരം കോര്‍പറേഷന്‍ വാങ്ങിത്തന്നു എന്നും ഇത് കേന്ദ്ര പദ്ധതിയുടേതാണെന്നും പറയാന്‍ പറ്റില്ലെന്ന് മന്ത്രി പറഞ്ഞു. സ്മാര്‍ട് സിറ്റി പദ്ധതിയില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം 500 കോടി വീതമാണ്. തിരുവനന്തപുരം കോര്‍പറേഷന്റെ വകയായി 135.7 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. ഇതും സംസ്ഥാനത്തിന്റെ ഖജനാവില്‍നിന്നു പോകുന്നതാണ്. അപ്പോള്‍ പദ്ധതിയുടെ 60 ശതമാനം തുകയും സംസ്ഥാന സര്‍ക്കാരിന്റേതാണ്. കോര്‍പറേഷന്റെ തനതു ഫണ്ടോ പ്ലാന്‍ ഫണ്ടോ ആകാം. അതും സംസ്ഥാന ഖജനാവില്‍നിന്നു വരുന്നതാണ്.
സ്മാര്‍ട് സിറ്റി പദ്ധതി പ്രകാരം നടപ്പാക്കിയ മറ്റു പല വികസനപ്രവര്‍ത്തനങ്ങളുടെയും ഭാഗമായി വാങ്ങിയതാണ് ഇലക്ട്രിക് ബസുകള്‍. 50 വാഹനങ്ങളില്‍ കോര്‍പറേഷന് ഒരു കാര്യവുമില്ല. 113 ബസുകള്‍ക്കു ത്രികക്ഷി കരാറാണ് ഉള്ളത്. സര്‍ക്കാരും കോര്‍പറേഷനും സ്വിഫ്റ്റുമാണ് ഇതില്‍ കക്ഷികള്‍. വണ്ടികള്‍ ഓടുന്നതു പരിശോധിക്കാന്‍ ഉള്ള ഉപദേശകസമിതിയുടെ അധ്യക്ഷന്‍ മേയര്‍ ആണെന്നു മാത്രമാണ് കരാറിലുള്ളതെന്നും ഗതാഗത മന്ത്രി പറഞ്ഞു. താന്‍ അധികാരത്തില്‍ വരുമ്പോള്‍ 2500 രൂപയായിരുന്നു ഈ ബസുകളുടെ പ്രതിദിന വരുമാനം. തികഞ്ഞ ആസൂത്രണത്തോടെ ഇപ്പോള്‍ അത് 8000-9000 രൂപ വരെയാക്കിയിട്ടുണ്ടെന്ന അവകാശവാദവും ഗണേഷ് കുമാര്‍ നടത്തി.
പീക്ക് അവേഴ്സില്‍ സിറ്റിക്കകത്ത് ഓടിയതിനുശേഷം സബര്‍ബനിലുള്ള യാത്രക്കാരെ കൂടി സിറ്റിയിലേക്ക് കൊണ്ടുവരണം എന്ന് കരാറില്‍ പറഞ്ഞിട്ടുണ്ട്. മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. കരാര്‍ വായിച്ച് പഠിച്ചിട്ട് മറുപടി പറയുക. എന്നിട്ടും പ്രശ്നമാണെങ്കില്‍ എന്നെ പോലും കാണേണ്ടതില്ല, സിഎംഡിക്ക് ഒരു കത്ത് കൊടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ വണ്ടികള്‍ നിങ്ങള്‍ പറയുന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്തുതരും എന്നും മന്ത്രി പറഞ്ഞു.
ഇലക്ട്രിക് ബസുകളുടെ ജീവനക്കാരും ടിക്കറ്റ് മെഷീനും പരിപാലന ചുമതലയും കെഎസ്ആര്‍ടിസിയുടേതാണ്. വലിയ പരിപാലന ചെലവാണ് ഈ വണ്ടികള്‍ക്കുള്ളത്. മറ്റു ബസുകളുടെ ടയര്‍ 60,000 കി.മീ വരെ പോകുമ്പോള്‍ ഇതിന് 30,000 കി.മീ വരെയേ കിട്ടുകയുള്ളു. അഞ്ചു വര്‍ഷം കഴിഞ്ഞ് ബാറ്ററി തീരുമ്പോള്‍ 28 ലക്ഷം രൂപ വീതം ബാറ്ററി വാങ്ങാന്‍ വേണ്ടിവരും. ശരിക്കും ഇതു നഷ്ടമാണ്. 28 ലക്ഷം രൂപ കൊടുത്താല്‍ ഡീസല്‍ മിനി ബസ് കിട്ടും. ആ വണ്ടിയുടെ ശരാശരി കിലോമീറ്റര്‍ വരുമാനം 52 രൂപ വരെയാണെന്നു മന്ത്രി വ്യക്തമാക്കി. നഗരത്തിനു പുറത്തുനിന്നുള്ളവരെ ബസില്‍ കയറ്റാന്‍ പറ്റില്ലെന്ന് സര്‍ക്കാരിനു പറയാന്‍ കഴിയില്ല. മേയര്‍ കത്തു നല്‍കിയാല്‍ അപ്പോള്‍ തന്നെ 113 വണ്ടികളും തിരിച്ചു നല്‍കും. എന്നിട്ട് 150 എണ്ണം പുറത്തുനിന്ന് കൊണ്ടുവന്ന് ഓടിക്കും. അവര്‍ക്ക് ഇഷ്ടമുള്ളയിടത്തു വണ്ടി ഇടാം. പക്ഷേ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അനുവദിക്കില്ല. നെയ്യാറ്റിന്‍കരയ്ക്കും ആറ്റിങ്ങലിനും ഓടുന്നത് ഞങ്ങളുടെ വണ്ടികളാണ്. ആ വണ്ടികള്‍ ഓടിക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.