കഞ്ചിക്കോട് പുതുതായി എഥനോള്‍ നിര്‍മ്മാണ പ്ലാന്റ് ആരംഭിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്നും സര്‍ക്കാരിന്റെ മുന്‍പില്‍ സമര്‍പ്പിക്കപ്പെട്ട ഒരു ഇന്‍വെസ്റ്റ്‌മെന്റ് പ്രൊപ്പോസലില്‍ നിയമാനുസൃതമായ നടപടികളാണ് സ്വീകരിച്ചതെന്നും എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
പ്രൊപ്പോസല്‍ പരിശോധിച്ച് നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരമാണ് അനുമതി നല്‍കിയത്. ഇപ്പോള്‍ ഒരു കമ്പനിയാണ് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുള്ളത്. അവര്‍ക്ക് എല്ലാ പരിശോധനകളുടെയും അടിസ്ഥാനത്തില്‍ നിലവിലുള്ള നിയമങ്ങളെല്ലാം പാലിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി നല്‍കിയത്. മറ്റാരെങ്കിലും പ്രൊപ്പോസല്‍ സമര്‍പ്പിച്ചാല്‍ അതിനും ഇതേ നടപടിക്രമങ്ങള്‍ തന്നെയാകും പിന്‍തുടരുക. ഇപ്പോള്‍ പെട്രോളിയം കമ്പനികള്‍ക്കും എഥനോള്‍ വലിയ തോതില്‍ ആവശ്യമുണ്ട്. കേരളത്തില്‍ തന്നെ ഉല്‍പ്പാദനം നടക്കുമ്പോള്‍ സംസ്ഥാനത്തിന് അത് പ്രയോജനകരമാകുകയും വരുമാനമുണ്ടാകുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.