Friday, 11 September 2026
‘Honest storytelling is a powerful means of change
07:08:33 PM IST
World

നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 600 കടന്നു; 1924 പേരെ കാണാനില്ലെന്ന് സർക്കാർ

ന്യൂസ് ഡെസ്ക് 29 August 2026, 9:41 am
SHARE

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. കാണാതായവരുടെ എണ്ണം 1924 ആയി ഉയർന്നതായി നേപ്പാൾ സർക്കാർ അറിയിച്ചു. നേരത്തെ ആയിരത്തോളം പേരെ കാണാതായെന്നായിരുന്നു സർക്കാർ പുറത്തുവിട്ട കണക്ക്. ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന 993 പേരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. 500 ഓളം വിദേശ പൗരന്മാരെയും കാണാതായിട്ടുണ്ട്.

കാണാതായവരിൽ 320 ഇന്ത്യക്കാരും നൂറിലധികം ഇന്ത്യൻ വംശജരും ഉൾപ്പെടുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാളിലെ തുരങ്കങ്ങളിൽ കുടുങ്ങിയവർക്കായി തിരച്ചിൽ നടത്താൻ വിദഗ്ധ സംഘത്തെ ഇന്ത്യ അയച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ നേപ്പാളിന് അടിയന്തര ധനസഹായവും പ്രഖ്യാപിച്ചു.

അതേസമയം, ടിബറ്റിൽ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി എത്തിയ 149 പേരുടെ പട്ടിക ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിൽ കൂടുതലുള്ളത്.

പ്രളയത്തിൽ 320 ഇന്ത്യക്കാരെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. കൂടാതെ 100 ഇന്ത്യൻ വംശജരെയും എട്ട് മലയാളികളെയും കണ്ടെത്താനായിട്ടില്ല. നേപ്പാളിൽ ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്തിയതായും രക്ഷപ്പെടുത്തിയ 21 ഇന്ത്യക്കാരെ ഇന്ത്യയിലെത്തിച്ചതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തമിഴ്നാട്ടിൽ നിന്നുള്ളവരാണ് ആദ്യഘട്ടത്തിൽ നാട്ടിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ടിബറ്റൻ മേഖലയിൽ കുടുങ്ങിയ 96 ഇന്ത്യക്കാർ സുരക്ഷിതമായി നേപ്പാൾ ഭാഗത്തേക്ക് കടന്നിട്ടുണ്ട്. ടിബറ്റ് മേഖലയിൽ കഴിയുന്ന 400 ഇന്ത്യക്കാരും സുരക്ഷിതരാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിവരം.

പ്രളയത്തിൽ തകർന്ന ത്രിശൂലി ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 63 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായും ജയ്സ്വാൾ അറിയിച്ചു. പ്രളയത്തിൽ എത്ര ഇന്ത്യക്കാർ മരിച്ചുവെന്ന കാര്യത്തിൽ നിലവിൽ വ്യക്തമായ കണക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തുരങ്കങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി പ്രത്യേക വൈദഗ്ധ്യമുള്ള സംഘത്തെ ഇന്ത്യ നേപ്പാളിലേക്ക് അയച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

s
ന്യൂസ് ഡെസ്ക്
View all posts →