Friday, 11 September 2026
‘Honest storytelling is a powerful means of change
05:28:40 PM IST
#Trending

ദുരന്തഭൂമിയായി നേപ്പാൾ, മിന്നൽ പ്രളയത്തിൽ 162 പേർ മരിച്ചു, 750 പേരെ കാണാനില്ല; ഇന്ത്യൻ തീർത്ഥാടകരുടെ കാര്യത്തിൽ ആശങ്ക

ന്യൂസ് ഡെസ്ക് 27 August 2026, 10:10 am
SHARE

നേപ്പാൾ – ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപാച്ചിലിലും ഒരു കുട്ടി ഉൾപ്പെടെ 160 പേർ മരിച്ചു. ഇന്നലെ രാവിലെ ഉണ്ടായ ദുരന്തത്തിൽ 750ൽ അധികം ആളുകളെ കാണാതായതാണ് വിവരം. കാണാതായവരിൽ കൈലാസ മാനസസരോവർ യാത്രയ്‌ക്കെത്തിയ 133 ഇന്ത്യൻ തീർഥാടകരും ഉൾപ്പെടുന്നുവെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. ഇതുവരെ 157 മൃതദേഹങ്ങൾ നേപ്പാൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന് മുമ്പായുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ. ശക്തമായ ഉരുൾപൊട്ടൽ മൂലമാണ് ഇത്തരത്തിൽ പ്രകമ്പനം ഉണ്ടായതെന്ന് യു.എസ്.ജി.എസ്. വ്യക്തമാക്കുന്നു. ആദ്യം ഭൂചലനമാണ് ദുരന്ത കാരണമെന്ന് സംശയിച്ചിരുന്നെങ്കിലും, ഉരുൾപൊട്ടലണ് പ്രളയ യഥാർത്ഥ കാരണമെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ പിന്നീട് സ്ഥിരീകരിച്ചു.

ചെളിയിലും അവശിഷ്ടങ്ങൾക്കിടയിലും പെട്ടുപോയവരെ കണ്ടെത്താനായി രക്ഷാപ്രവർത്തകർ രാത്രി വൈകിയും തിരച്ചിൽ നടത്തി. ദുരന്തബാധിത പ്രദേശങ്ങളിൽ മുഴുവൻ സർക്കാർ സംവിധാനങ്ങളും വിന്യസിച്ചതായി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പറഞ്ഞു.

കൂടുതൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും കുടുംബങ്ങളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ. ദുരന്തം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും 341 വിദേശികളടക്കം 403 വിനോദസഞ്ചാരികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് നേപ്പാൾ ടൂറിസം മന്ത്രാലയം അറിയിച്ചു. കാണാതായ വിദേശികളിൽ 142 ഇന്ത്യക്കാരും, കൂടാതെ ഓസ്‌ട്രേലിയ, ബ്രിട്ടൻ, മലേഷ്യ, നെതർലാൻഡ്‌സ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നുണ്ടെന്ന് ടൂറിസം ബോർഡ് അറിയിച്ചു.

രക്ഷാപ്രവർത്തനത്തിനായി നേപ്പാൾ സൈന്യം 14 ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയെയും പ്രദേശത്ത് ഇതിനകം വിന്യസിച്ചിട്ടുണ്ട്. എന്നാൽ മോശം കാലാവസ്ഥയും തകർന്ന ആശയവിനിമയ സംവിധാനങ്ങളും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
​ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിക്കുകയും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്. ഇതിനുപുറമെ, ലോകബാങ്ക് നേപ്പാളിന് 163.88 മില്യൺ ഡോളറിന്റെ അടിയന്തര ധനസഹായവും പ്രഖ്യാപിച്ചു.

​പ്രളയജലം ഗണ്ഡക് നദിയിലൂടെ താഴേക്ക് ഒഴുകാൻ സാധ്യതയുള്ളതിനാൽ ഇന്ത്യയിലെ ഉത്തർപ്രദേശ്, ബീഹാർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ അധികൃതർ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അതിർത്തി പ്രദേശങ്ങളിൽ ദേശീയ ദുരന്തനിവാരണ സേനയെയും (എൻ.ഡി.ആർ.എഫ്) വിന്യസിച്ചു. അതിനിടെ, നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് വിവരങ്ങൾ ലഭ്യമാക്കാൻ കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി പ്രത്യേക ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കി. സഹായം ആവശ്യമുള്ളവർക്ക് +977 9851316807, +977 9709107500 എന്നീ നമ്പറുകളിൽ നേരിട്ടോ വാട്ട്‌സ്ആപ്പ് വഴിയോ ബന്ധപ്പെടാവുന്നതാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →