Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:27 PM IST
Kerala

‘കള്ള കഥകൾ കേരളം അംഗീകരിക്കില്ല’; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ഇ ഡി നീക്കത്തെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് എംവി ​ഗോവിന്ദൻ

ന്യൂസ് ഡെസ്ക് 9 September 2026, 9:52 am
SHARE

സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിണറായിക്കും റിയാസിനുമെതിരെ ഇഡി കള്ളക്കഥകൾ തയ്യാറാക്കി കേസെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിക്കെതിരായ കടന്നാക്രമണം ശക്തമാകുകയാണെന്നും ഇതിനെ ഒറ്റക്കെട്ടായി നേരിടുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

ഇഡിയുടെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. കള്ളക്കഥകൾ കേരളം അംഗീകരിക്കില്ലെന്നും പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് സിപിഐഎം മുന്നോട്ട് പോയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഡിയുടെ നടപടിയിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്നും പിണറായിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചവരാണ് ഇപ്പോൾ നിലപാട് മാറ്റുന്നതെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. ബിജെപിയുമായി കോൺഗ്രസിന് ഒരു ഡീൽ രൂപപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെ കേസിൽ ഉൾപ്പെടുത്താനുള്ള രാഷ്ട്രീയ ഇടപെടലാണ് ഇഡി നടത്തുന്നതെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. ഇഡിയുടെ കത്തിൽ ഒരു തെളിവുമില്ലെന്നും ആർക്കും എന്തും എഴുതി തയ്യാറാക്കാമെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഇഡി നിർദേശത്തിൽ സർക്കാർ തീരുമാനം വൈകിയേക്കും. വിശദമായ നിയമോപദേശം തേടിയ ശേഷമാകും തീരുമാനം എടുക്കുക. തിടുക്കപ്പെട്ട് തീരുമാനമെടുത്തെന്ന പ്രതീതി ഉണ്ടാകരുതെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് ഏറെ വൈകിക്കാനാകില്ലെന്ന വിലയിരുത്തലും സർക്കാരിനുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →