മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്: കുറ്റപത്രം ഉടൻ; പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയിൽ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്. കേസിലെ പ്രതിയായ എംബിബിഎസ് വിദ്യാർത്ഥി ഏബൽ അഗസ്റ്റിന്റെ ഫോണിന്റെ ഫോറൻസിക് പരിശോധനാ ഫലം ലഭിക്കാനാണ് അന്വേഷണ സംഘം കാത്തിരിക്കുന്നത്. സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ നിർണായകമായത് ഒരു വിദ്യാർത്ഥി നടത്തിയ സമാന്തര അന്വേഷണമായിരുന്നു.
റെഡ്ഡിറ്റ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ മെഡിക്കൽ വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിച്ചിട്ടും പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് വിദ്യാർത്ഥികളിൽ ഒരാൾ സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചത്. റെഡ്ഡിറ്റിൽ അക്കൗണ്ട് തുറന്ന് അശ്ലീല കുറിപ്പുകളോടൊപ്പം ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്ന അക്കൗണ്ടുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ കണ്ടെത്തുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് അക്കൗണ്ടിന് പിന്നിൽ തങ്ങളുടെ തന്നെ സഹപാഠിയായ വയനാട് സ്വദേശി ഏബൽ അഗസ്റ്റിനാണെന്ന് വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞത്.
പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് ഏബലിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യം ലഭിച്ച് പ്രതി വേഗത്തിൽ പുറത്തിറങ്ങിയതിൽ പ്രതിഷേധിച്ച് മെഡിക്കൽ വിദ്യാർത്ഥികൾ അർധരാത്രിയിൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. തുടർന്ന് അഞ്ച് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഏബലിനെ വീണ്ടും അറസ്റ്റ് ചെയ്യുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ ഏബൽ അഗസ്റ്റിനെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളുടെ ഉറവിടം, ഉപയോഗിച്ച ഉപകരണങ്ങൾ, കേസുമായി ബന്ധപ്പെട്ട മറ്റ് തെളിവുകൾ എന്നിവ ഉൾപ്പെടെ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ഫോണിന്റെ ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നതോടെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!