‘മലയാള മനോരമ വാർത്ത പച്ചക്കള്ളമാണ്, ഈ അസംബന്ധ വാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും”; മുഹമ്മദ് റിയാസ്
മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പിഎ മുഹമ്മദ് റിയാസ്. ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്നലെ തന്നെ മാധ്യമങ്ങൾക്ക് വിശദമായി മറുപടി നൽകിയതാണെന്ന് റിയാസ് വ്യക്തമാക്കി. തെറ്റ് ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമുണ്ടെന്നും വിഷയത്തെ നിയമപരമായി നേരിടാൻ കഴിയുമെന്ന ഉറച്ച ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിഎംആർഎലിൽ നിന്ന് വീണ വിജയന് സേവനത്തിന് ലഭിച്ച പണം തന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തെന്നും ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ ഫോണിൽ വിശദീകരണം തേടിയെന്നുമുള്ള മലയാള മനോരമയിലെ വാർത്ത പച്ചക്കള്ളമാണെന്ന് റിയാസ് ആരോപിച്ചു. തന്റെ ചിത്രം മുൻനിർത്തി ഫ്രണ്ട് പേജിൽ പ്രസിദ്ധീകരിച്ച വാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം നടക്കുന്നതിനാലും വിഷയം നിയമപരമായി നേരിടുന്നതിനാലും ദിവസവും വരുന്ന അടിസ്ഥാനരഹിതമായ വാർത്തകളോട് പ്രതികരിക്കാറില്ലെന്നും റിയാസ് വ്യക്തമാക്കി. തെറ്റ് ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമുണ്ടെന്നും വിഷയത്തെ നിയമപരമായി നേരിടാൻ കഴിയുമെന്ന ഉറച്ച ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്തയ്ക്ക് പിന്നിലെ രാഷ്ട്രീയ വശങ്ങൾ പാർട്ടിയും താനും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
ED അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം ഇന്നലെ തന്നെ വിശദമായി മാധ്യമങ്ങൾക്ക് മറുപടി നൽകിയതാണ്.
സിഎംആറിൽ നിന്ന് വീണയ്ക്ക് സേവനത്തിന് ലഭിച്ച പണം എന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്നും, ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ എന്നോട് ഫോണിൽ വിശദീകരണം ചോദിച്ചുവെന്നുമുള്ള ഇന്നത്തെ മലയാള മനോരമ വാർത്ത പച്ചക്കള്ളമാണ്.
ഇന്ന് മലയാള മനോരമ ദിനപത്രത്തിന്റെ ഫ്രണ്ട് പേജിൽ എന്റെ ഫോട്ടോ വെച്ച് പ്രസിദ്ധീകരിച്ച ഈ അസംബന്ധ വാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും.
അന്വേഷണം നടക്കുന്നതിനാലും,നിയമപരമായി നേരിടുന്നതിനാലും ഓരോ ദിവസവും വരുന്ന അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടി നൽകുന്നില്ല.
തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ,
നിയമപരമായി നേരിടാനാകും എന്ന നല്ല ബോധ്യമുണ്ട്.ഇതിന്റെ രാഷ്‌ട്രീയ വശങ്ങൾ പാർട്ടിയും ഞാനും നേരത്തെ സൂചിപ്പിച്ചതാണ്.
-പി എ മുഹമ്മദ് റിയാസ്-
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!