‘മതിയായ സൂചനാബോർഡുകളുണ്ടായിരുന്നില്ല, ലോറി അലക്ഷ്യമായി നിർത്തിയിട്ടിരുന്നു’; കയ്പമംഗലം അപകടം സുരക്ഷാ വീഴ്ച കാരണമാണെന്ന് നാട്ടുകാർ
തൃശൂർ കയ്പമംഗലത്ത് എട്ട് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് ദേശീയപാതയിലെ സുരക്ഷാ വീഴ്ച കാരണമാണെന്ന് നാട്ടുകാർ. മതിയായ സൂചനാബോർഡുകളില്ലാത്തതിനൊപ്പം ഡൈവേർഷൻ ഭാഗത്ത് ചരക്ക് ലോറി അലക്ഷ്യമായി നിർത്തിയിട്ടിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായും നാട്ടുകാർ പറഞ്ഞു.
ദേശീയപാത 66ൽ പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്ച രാത്രി 11.42ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ ഡിവൈഡറിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറിയത്. സംഭവസ്ഥലത്ത് മൂന്ന് ലോറികൾ അടുപ്പിച്ച് നിർത്തിയിട്ടിരുന്നതായും ഇടതുവശത്തേക്കുള്ള ദിശ സൂചിപ്പിക്കുന്ന സിഗ്നൽ ബോർഡ് മറച്ചാണ് ലോറി നിർത്തിയിരുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
ഇടിയുടെ ആഘാതത്തിൽ കാർ ലോറിക്കടിയിലേക്ക് കയറിപ്പോയി. ലോറി അൽപം മുന്നോട്ട് നീക്കിയ ശേഷമാണ് കാർ പുറത്തെടുക്കാനായത്. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്. ആറ് പേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ച നിലയിലായിരുന്നു. രണ്ട് പേർക്ക് മാത്രമാണ് ചെറിയ അനക്കമുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.
ദിണ്ടിഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളേജ് വിദ്യാർഥികളായ വിശ്വ, സൂര്യ, സന്തോഷ്, പ്രസന്ന, യുവസഞ്ജിത് എന്നിവരാണ് തിരിച്ചറിഞ്ഞവരിൽ ഉൾപ്പെടുന്നത്. മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. കാർ അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടമേഖലയായി അറിയപ്പെടുന്ന സ്ഥലത്ത് ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!