Monday, 21 September 2026
‘Honest storytelling is a powerful means of change
05:30:59 AM IST
Kerala

‘യൂണിറ്റിന് ആറ് രൂപ നിരക്കില്‍ വൈദ്യുതി, ദീർഘകാല വൈദ്യുതി കരാറിൽ ഒപ്പിട്ട് കെഎസ്ഇബി’; കരാർ 2028 മുതൽ 25 വർഷത്തേക്ക്

ന്യൂസ് ഡെസ്ക് 18 September 2026, 8:29 am
SHARE

സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡുമായി (SECI) ദീർഘകാല വൈദ്യുതി കരാറിൽ ഒപ്പിട്ട് കെഎസ്ഇബി. യൂണിറ്റിന് ആറ് രൂപ നിരക്കിൽ നാല് മണിക്കൂർ വൈദ്യുതി ലഭിക്കുന്നതാണ് കരാർ. 2028 മുതൽ 25 വർഷത്തേക്കാണ് കരാർ. എന്നാൽ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് ഈ കരാർ ഉടൻ പരിഹാരമാകില്ല.

2028 മുതൽ പീക്ക് സമയത്ത് 300 മെഗാവാട്ട് വൈദ്യുതി ലഭ്യമാകും. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള ചർച്ചകൾ ഉൾപ്പെടെ തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരാൻ കാരണമായിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ പീക്ക് ഡിമാൻഡ് 5496 മെഗാവാട്ടാണ്. സാധാരണ വേനൽക്കാലത്ത് രേഖപ്പെടുത്തുന്ന ഡിമാൻഡിന് തുല്യമായ നിലയാണിത്. മുൻ വർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ ആവശ്യകതയെ അപേക്ഷിച്ച് ഏകദേശം 1200 മെഗാവാട്ടിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന വൈദ്യുതി ഉപയോഗം തുടരുന്നതിനാൽ വരുംദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ന് മുൻ ദിവസങ്ങളെ അപേക്ഷിച്ച് 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും വൈദ്യുതി വകുപ്പ് അറിയിച്ചു. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയ തോതിൽ വർധിച്ചതോടെ പവർ എക്സ്ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയുടെ അളവിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും വകുപ്പ് വ്യക്തമാക്കി.

s
ന്യൂസ് ഡെസ്ക്
View all posts →