Wednesday, 19 August 2026
‘Honest storytelling is a powerful means of change
10:55:39 AM IST
Kerala

ആര് ഭരിച്ചാലും നിയന്ത്രണം വേണ്ടിവരും; കേരളം നേരിട്ടുകൊണ്ടിരിക്കുന്നത് മുമ്പൊന്നും ഇല്ലാത്ത വൈദ്യുതി പ്രതിസന്ധി : കെ.എസ്.ഇ.ബി ചെയർമാൻ

SHARE

സംസ്ഥാനം മുമ്പെങ്ങുമില്ലാത്ത വിധം അപ്രതീക്ഷിതമായ ഊർജ്ജക്ഷാമമാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് കെഎസ്ഇബി ചെയർമാൻ എം. ജി. രാജമാണിക്യം. പല വിധത്തിലുള്ള ഘടകങ്ങൾ ഒരേ സമയം ഒത്തുചേർന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമായതെന്നും അത് മറികടക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബിയെന്നും രാജമാണിക്യം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഭാഗത്ത് എൽ നിനോ പ്രതിഭാസം മൂലം മഴ കുറഞ്ഞതും മറുഭാഗത്ത് വൈദ്യുതി കിട്ടാനില്ലാത്ത ഒരു സാഹചര്യം കൂടി വന്നു ചേർന്നു. കൂടാതെ ഉപഭോഗവും കൂടി. ആര് ഭരിച്ചാലും ഈ പ്രതിസന്ധിയുണ്ടാകുമെന്നും കെഎസ്ഇബി ചെയർമാൻ പറഞ്ഞു.

ഇന്ത്യയൊട്ടാകെ മഴ കുറഞ്ഞ സാഹചര്യം വന്നതോടെ പവർ എക്‌സ്‌ചേഞ്ചിൽനിന്ന് വൈദ്യുതി ലഭിക്കുന്നില്ല. കേരളം ആദ്യമായാണ് ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. 70 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ കാലങ്ങളിൽ കേരളം ഉപയോഗിച്ചിരുന്ന വൈദ്യുതിയുടെ ശരാശരി. 75-80 ദശലക്ഷം യൂണിറ്റ് വരെ പ്രശ്‌നമില്ലാതെ കേരളത്തിൽ വൈദ്യുതി വിതരണം ചെയ്യാൻ സാധിക്കും. അതിപ്പോഴും കഴിയും. എന്നാൽ ഉപഭോഗം 90 ദശലക്ഷത്തിലേക്ക് മാറിയിട്ടുണ്ട്. അധികമായി ആവശ്യമുള്ള വൈദ്യുതി പുറത്ത് നിന്ന് കിട്ടാത്ത ഒരു സാഹചര്യമാണുള്ളതെന്നും കെഎസ്ഇബി ചെയർമാർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം വൈദ്യുതി എക്‌സ്‌ചേഞ്ചിൽനിന്ന് 4000 മെഗാവാട്ട് ആവശ്യപ്പെട്ടെങ്കിലും കിട്ടിയത് 100 മെഗാവാട്ടിൽ താഴെ മാത്രമാണ്. രാജ്യമൊട്ടാകെ ഈ പ്രതിസന്ധിയുള്ളത് കൊണ്ട് എല്ലാ സംസ്ഥാനങ്ങളും വൈദ്യുതി വാങ്ങാനുള്ള മത്സരത്തിലാണ്. അര മണിക്കൂർ വൈദ്യുതി നിയന്ത്രണം വരുത്തണോ അല്ലെങ്കിൽ 240 ഇരട്ടി അധികം നൽകി വൈദ്യുതി വാങ്ങിക്കണോ എന്നതും നിലവിൽ സംസ്ഥാനം നേരിടുന്ന വെല്ലുവിളിയാണെന്നും എം.ജി. രാജമാണിക്യം പറഞ്ഞു.

സർക്കാർ മാറിയത് കൊണ്ട് എന്നത് ഇതിൽ ഒരു പ്രശ്‌നമില്ല. കഴിഞ്ഞ പത്ത് വർഷം വൈദ്യുതി നിയന്ത്രണം ഇല്ലാതിരുന്നത് ഈ പ്രതിസന്ധികളൊന്നും ഇല്ലാതിരുന്നത് കൊണ്ടാണ്. ഉപഭോഗം ഇത്രയും കൂടിയ ഒരു കാലംഘട്ടം മുമ്പ് ഉണ്ടായിട്ടില്ല എന്നും കെഎസ്ഇബി ചെയർമാൻ കൂട്ടിച്ചേർത്തു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →