Wednesday, 19 August 2026
‘Honest storytelling is a powerful means of change
02:55:13 PM IST
Kerala

മാധ്യമങ്ങളില്‍ പറയേണ്ടത് പാര്‍ട്ടി നിലപാട്, അല്ലാതെ വക്താക്കള്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയേണ്ട; ഉള്‍പ്പാര്‍ട്ടി പോരിന് തടയിടാന്‍ ശക്തമായ ഇടപെടലുമായി കെപിസിസി

SHARE

കോണ്‍ഗ്രസിനുള്ളിലെ രൂക്ഷമായ ഉള്‍പ്പാര്‍ട്ടി പോരിനും പരസ്യമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും തടയിടാന്‍ ശക്തമായ ഇടപെടലുമായി കെപിസിസി. പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനങ്ങളും നിലപാടുകളും മാത്രമേ പൊതുവേദികളിലോ മാധ്യമങ്ങളിലോ അവതരിപ്പിക്കാവൂ എന്ന് കെപിസിസി കര്‍ശന നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടിയുടെയും നേതൃത്വത്തിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുന്ന തരത്തിലുള്ള പ്രസ്താവനകളില്‍ നിന്നോ ചര്‍ച്ചകളില്‍ നിന്നോ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നോ അംഗങ്ങള്‍ പൂര്‍ണ്ണമായും വിട്ടുനില്‍ക്കണമെന്നും കെപിസിസി വ്യക്തമാക്കി.

പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായ വ്യക്തിപരമായ അഭിപ്രായങ്ങളും തര്‍ക്കങ്ങളും മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വക്താക്കള്‍ ചര്‍ച്ചയാക്കുന്നത് പാര്‍ട്ടിയുടെ ഐക്യത്തെയും അച്ചടക്കത്തെയും ഗുരുതരമായി ബാധിക്കുന്നുവെന്ന് കെപിസിസി വിലയിരുത്തി. ഇത്തരം പരസ്യ പ്രതികരണങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത കുറയ്ക്കാന്‍ ഇടയാക്കുമെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.

വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളോ സംഘടനാപരമായ പരാതികളോ ഉണ്ടെങ്കില്‍ അവ പാര്‍ട്ടിയുടെ ആഭ്യന്തര വേദികളില്‍ മാത്രമേ ഉന്നയിക്കാവൂ എന്നും താക്കീതുണ്ട്. സംഘടനാ സംവിധാനത്തിലൂടെ ഇത്തരം പരാതികള്‍ പരിഹരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പാര്‍ട്ടിയുടെയും നേതൃത്വത്തിന്റെയും പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തുകയോ ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.

മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ പാര്‍ട്ടിയുടെ അച്ചടക്കവും ഐക്യവും ഉത്തരവാദിത്തബോധവും ഉയര്‍ത്തിപ്പിടിക്കണമെന്ന് കെപിസിസി ഓര്‍മ്മിപ്പിച്ചു. സംഘടനയ്ക്കുള്ളിലെ അസ്വാരസ്യങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്നത് ഒഴിവാക്കി പാര്‍ട്ടിക്ക് ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ ആവശ്യമായ അച്ചടക്ക നടപടികളാണ് ഈ നിര്‍ദ്ദേശങ്ങളിലൂടെ കെപിസിസി ലക്ഷ്യമിടുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ മാധ്യമ വിഭാഗം ചെയര്‍പേഴ്സണ്‍ ദീപ്തി മേരി വര്‍ഗീസ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

മുന്‍ എസ്.എഫ്.ഐ നേതാവിനെ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്കിടെയാണ് ഈ നിര്‍ദ്ദേശം വന്നിരിക്കുന്നത്, ഇത് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ പരസ്യമായ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →