Friday, 11 September 2026
‘Honest storytelling is a powerful means of change
07:42:59 PM IST
Kerala

കയ്പ്പമംഗലം അപകടം; ലോറി ഡ്രൈവർ അറസ്റ്റിൽ

ന്യൂസ് ഡെസ്ക് 6 September 2026, 8:52 am
SHARE

തൃശ്ശൂർ കയ്പ്പമംഗലത്ത് എട്ട് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര പുണെ സ്വദേശി ദുക്കാറാം കാംബ്ലെയാണ് അറസ്റ്റിലായത്. കയ്പ്പമംഗലം മൂന്നുപീടികയിൽ സംശയകരമായ സാഹചര്യത്തിൽ ഇയാളെ കണ്ടെത്തിയ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ദേശീയപാതയിൽ ലോറി അനധികൃതമായി നിർത്തിയിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം രാത്രി 11.42ഓടെയായിരുന്നു അപകടം. കയ്പ്പമംഗലം പനമ്പിക്കുന്ന് സെന്ററിലെ മേൽപ്പാലം കടന്നെത്തിയ കാർ റോഡിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ദിണ്ടിഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്. പാലം ഇറങ്ങിയ ശേഷം കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന കാർ സർവീസ് റോഡിലേക്ക് തിരിയേണ്ട ഭാഗത്ത് മതിയായ ഡിവൈഡറുകളോ ദിശാസൂചനാ ബോർഡുകളോ ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം. ഇതുമൂലം ഗതാഗതം നിരോധിച്ചിരുന്ന പാതയിലേക്ക് കാർ വേഗത്തിൽ പ്രവേശിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അതേസമയം, വിദ്യാർത്ഥികൾ സഞ്ചരിച്ച കാറിന്റെ അമിതവേഗമാണ് അപകടത്തിന് പ്രധാന കാരണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. റോഡിൽ ലോറി അനധികൃതമായി നിർത്തിയിട്ടതും അപകടത്തിന് കാരണമായതായി ദേശീയപാത അതോറിറ്റി ചൂണ്ടിക്കാട്ടി. റോഡിലെ മുന്നറിയിപ്പ് സംവിധാനങ്ങളുടെ അഭാവവും ലോറിയുടെ അനധികൃത പാർക്കിങ്ങും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷണത്തിൽ പരിശോധിച്ചുവരികയാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →