Tuesday, 11 August 2026
‘Honest storytelling is a powerful means of change
08:12:33 AM IST
Kerala

മാധ്യമ പ്രവർത്തകൻ പിടി പൗലോസ് അന്തരിച്ചു; അന്ത്യം ന്യൂയോർക്കിൽ

SHARE

പ്രസിദ്ധ എഴുത്തുകാരനും പത്രപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ പിടി പൗലോസ് അന്തരിച്ചു. 79 വയസായിരുന്നു. ന്യൂയോർക്കിൽ വെച്ചായിരുന്നു അന്ത്യം. ഇ-മലയാളിയുടെ അവാർഡ് ജേതാവും പ്രവാസ സാഹിത്യകാരനുമായ പിടി പൗലോസ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്. 1968 മുതൽ കാൽ നൂറ്റാണ്ടുകാലം കൽക്കട്ടയിലും, പിന്നീട് 15 വർഷം കൊച്ചിയിലും പ്രവർത്തിച്ചു. 2010 മുതൽ ന്യൂയോർക്കിലെ ഫ്രാങ്ക്ളിൻ സ്‌ക്വയറിൽ താമസിക്കുന്നു. ന്യൂയോർക്ക് സർഗ്ഗവേദിയുടെ അമരക്കാരിൽ ഒരാളാണ്.

കൽക്കട്ട മലയാളി അസ്സോസിയേഷൻ സ്ഥാപകാംഗവും പ്രസിഡന്റും, ബംഗാൾ റാഷണലിസ്റ്റ് അസ്സോസിയേഷൻ സ്ഥാപക സെക്രട്ടറിയുമായിരുന്നു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. കൽക്കട്ടയിൽ പത്രപ്രവർത്തനം, നാടകം (നടൻ, സംവിധായകൻ) എന്നീ മേഖലകളിൽ സജീവമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ അറിയപ്പെടാത്ത കഥകൾ പുറത്തുവിട്ടതിനെത്തുടർന്ന് വധഭീഷണി നേരിട്ടിട്ടുണ്ട്.

അതേസമയം പി ടി പൗലോസിൻ്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ഓഫ് നോർത്ത് ടെക്സാസ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അദ്ദേഹത്തിൻ്റെ വേർപാട് സാഹിത്യ ലോകത്തിനും അമേരിക്കൻ മലയാളി സമൂഹത്തിനും നികത്താനാകാത്ത വലിയൊരു നഷ്ടമാണെന്നും പ്രസിഡൻ്റ് സണ്ണി മാളിയേക്കൽ പറഞ്ഞു. തന്റെ എഴുത്തുകളിലൂടെയും പത്രപ്രവർത്തനത്തിലൂടെയും സാമൂഹിക സേവനത്തിലൂടെയും എണ്ണമറ്റ ജീവിതങ്ങളെ സ്‌പർശിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സത്യത്തോടും സാഹിത്യത്തോടും മനുഷ്യത്വത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വരുംതലമുറകൾക്ക് എന്നും പ്രചോദനമായിരിക്കും. അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളിലൂടെയും സാഹിത്യ സൃഷ്ട്‌ടികളിലൂടെയും അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും നിലനിൽക്കുമെന്നും സണ്ണി മാളിയേക്കൽ പറഞ്ഞു.

s
ന്യൂസ് ഡെസ്ക്
View all posts →