‘അസ്വസ്ഥയുണ്ടാകുന്നത് സ്വാഭാവികം, നാടകത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കാത്തവരാണ് വിമർശനവുമായി എത്തുന്നത്’; വി കെ സനോജ്
ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച ‘മിസ’ നാടകത്തെച്ചൊല്ലിയുള്ള സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി വി കെ സനോജ്. നാടകത്തിലെ ചില രംഗങ്ങൾ മാത്രം അടർത്തിയെടുത്താണ് തെറ്റായ പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നാടകത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കാത്തവരാണ് വിമർശനവുമായി രംഗത്തെത്തുന്നതെന്നും സനോജ് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് കലാകാരിയായ സ്നേഹലത റെഡ്ഡി നേരിട്ട ഭരണകൂട പീഡനമാണ് നാടകം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
1975ലെ അടിയന്തരാവസ്ഥ ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന് മേൽ വീണ ഇരുണ്ട അധ്യായമായിരുന്നുവെന്ന് സനോജ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കലാകാരിയായതിന്റെയും ചോദ്യം ചോദിച്ചതിന്റെയും പേരിൽ സ്നേഹലത റെഡ്ഡി നേരിട്ട കൊടിയ പീഡനത്തിന്റെ കഥയാണ് ‘മിസ’ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരത്തിന്റെയും ചൂഷണത്തിന്റെയും രാഷ്ട്രീയം ഇന്നും അവസാനിച്ചിട്ടില്ലെന്ന സന്ദേശമാണ് നാടകം മുന്നോട്ടുവയ്ക്കുന്നതെന്നും സനോജ് പറഞ്ഞു.
നാടകത്തിലെ ഒരു രംഗം മാത്രം മുറിച്ചെടുത്ത് സദാചാരത്തിന്റെ കണ്ണിലൂടെ നോക്കുന്നവർ മറയ്ക്കാനും മറക്കാനും ശ്രമിക്കുന്നത് അടിയന്തരാവസ്ഥക്കാലത്ത് ഒരു ജനത അനുഭവിച്ച പീഡനങ്ങളെയാണെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്റർ നിരവധി വേദികളിൽ അവതരിപ്പിച്ച നാടകം അന്ന് വിവാദമായിരുന്നില്ലെന്നും സനോജ് പറഞ്ഞു. കലാവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!