Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:59 PM IST
Kerala

മത്സരമാകാം, പ്രതികാരമാകരുത്; 24 ന്യൂസ് വിവാദത്തിൽ വേറിട്ട നിലപാടുമായി റിപ്പോർട്ടർ ടിവി

ന്യൂസ് ഡെസ്ക് 29 August 2026, 6:06 pm
SHARE

​കേരളത്തിലെ ടെലിവിഷൻ വാർത്താമുറികളിൽ ഇപ്പോൾ നടക്കുന്നത് കേവലം റേറ്റിങ് യുദ്ധമല്ല; മറിച്ച് പരസ്പരം കടിച്ചു കീറുന്ന ചോരക്കളി കൂടിയാണ്. വാർത്തകളിലെ എക്സ്ക്ലൂസീവുകൾക്കും രാഷ്ട്രീയ നിലപാടുകൾക്കും അപ്പുറം, മാധ്യമസ്ഥാപനങ്ങളും പ്രവർത്തകരും തമ്മിലുള്ള വ്യക്തിവൈരാഗ്യങ്ങൾ ഇന്ന് വാർത്താ ചർച്ചകളേക്കാൾ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഒരു സഹമാധ്യമസ്ഥാപനം വിവാദച്ചുഴിയിൽ പെടുമ്പോൾ അതിനെ എങ്ങനെ നേരിടണം എന്ന ചോദ്യം പ്രസക്തമാകുന്നത്.


​വേട്ടക്കാരൻ ഇരയാകുമ്പോൾ


​റിപ്പോർട്ടർ ടിവിക്കെതിരെ അടുത്തിടെ ഉയർന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പശ്ചാത്തലം കേരളം കണ്ടതാണ്. തികച്ചും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ആ നീക്കത്തെ പ്രതിരോധിക്കുന്നതിന് പകരം, സഹമാധ്യമസ്ഥാപനത്തെ വളഞ്ഞിട്ട് ആക്രമിക്കാനാണ് കേരളത്തിലെ മറ്റു ചാനലുകൾ അന്ന് മത്സരിച്ചത്. കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റ് കൂടിയായ ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ്‌ ആയിരുന്നു ആ നെറികെട്ട നീക്കങ്ങൾക്ക് മുന്നിൽ നിന്നിരുന്നത്.


​എന്നാൽ നേരം ഇരുട്ടി വെളുത്തപ്പോൾ വേട്ടക്കാരൻ ഇരയാകുന്ന കാഴ്ചയാണ് കേരളം കണ്ടത്. സുകുമാരക്കുറുപ്പിന്റെ പേരിൽ വ്യാജവാർത്ത ചമച്ച് ജനങ്ങളെ പരിഹസിച്ച 24 ന്യൂസ് ഇന്ന് കേരളത്തിലെ മറ്റ് മാധ്യമങ്ങളിൽ നിന്നും കടുത്ത ആക്രമണമാണ് നേരിടുന്നത്. വീണു പോകുന്നവൻ ആരായാലും അവനെ ചവിട്ടി മെതിക്കുക എന്ന നെറികെട്ട മാധ്യമമത്സരത്തിൽ ഇന്ന് 24 ന്യൂസും ശ്രീകണ്ഠൻ നായരും സ്വയം വീണുപോയിരിക്കുന്നു.


​മാധ്യമ ധാർമ്മികതയുടെ അതിർവരമ്പുകൾ


​ഒരു മാധ്യമസ്ഥാപനത്തിന് വീഴ്ച പറ്റുമ്പോൾ, ആ വിഷയം ഉപയോഗിച്ച് അവരുടെ വിശ്വാസ്യതയെ ഒന്നടങ്കം തകർക്കാൻ ശ്രമിക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും ധാർമ്മികതയെക്കുറിച്ചും വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഇന്ന് 24 ന്യൂസിനെതിരെ തിരിഞ്ഞ ഈ ആയുധം, നാളെ മറ്റൊരു ചാനലിനെതിരെയും പ്രയോഗിക്കപ്പെടാം. അതുകൊണ്ടുതന്നെ, ഒരു സ്ഥാപനത്തിന്റെ പ്രതിസന്ധിയെ മുഴുവൻ മാധ്യമരംഗത്തെയും ആഭ്യന്തര യുദ്ധത്തിനുള്ള അവസരമാക്കുന്നത് ഒരിക്കലും ഒരു ആരോഗ്യകരമായ മാധ്യമസംസ്കാരത്തിന്റെ ലക്ഷണവുമല്ല.


​ശ്രദ്ധേയമായി റിപ്പോർട്ടറിന്റെ നിലപാട്


​ഈ കൂട്ടപ്പൊരിച്ചിലുകൾക്കിടയിലാണ് റിപ്പോർട്ടർ ടിവിയുടെ നിലപാട് വ്യത്യസ്തമാകുന്നത്. തങ്ങൾ മുൻകാലത്ത് നേരിട്ട ക്രൂരമായ കടന്നാക്രമണങ്ങൾക്ക്, അതേ നാണയത്തിൽ തിരിച്ചടിക്കാൻ അവർ തയ്യാറായില്ല. വിവാദത്തെ വ്യക്തിപരമായോ സ്ഥാപനപരമായോ ഉള്ള പ്രതികാരത്തിനുള്ള വേദിയാക്കി മാറ്റാതിരിക്കാൻ റിപ്പോർട്ടർ എടുത്ത തീരുമാനം മാധ്യമകേരളം ചർച്ച ചെയ്യേണ്ടതുണ്ട്.


​മത്സരമാകാം, പക്ഷെ പ്രതികാരമാകരുത്


​വാർത്താമാധ്യമങ്ങൾക്കിടയിൽ മത്സരം അനിവാര്യമാണ്. എക്സ്ക്ലൂസീവുകൾക്കും വാർത്തകൾക്കും വേണ്ടിയുള്ള പോരാട്ടങ്ങളും ആശയപരമായ ഭിന്നതകളും എക്കാലത്തും ഉണ്ടാകും. എന്നാൽ ഒരു സഹസ്ഥാപനം പ്രതിസന്ധിയിലാകുന്ന ഘട്ടത്തെ ആക്രമണത്തിനുള്ള ആയുധമാക്കുമ്പോൾ, അത് ആരോഗ്യകരമായ മത്സരത്തിൽ നിന്നും വ്യക്തിപരമായ വൈരത്തിലേക്ക് തരംതാഴുന്നു.


​ഒരു മാധ്യമസ്ഥാപനം തെറ്റ് ചെയ്താൽ തീർച്ചയായും അതിനെ വിമർശിക്കാം, വസ്തുതകൾ ചോദ്യം ചെയ്യാം, മറുപടിയും ആവശ്യപ്പെടാം. എന്നാൽ ഒരു വിവാദത്തിന്റെ പേരിൽ സ്ഥാപനത്തെയും വ്യക്തികളെയും നിരന്തരം ലക്ഷ്യമിട്ട് ആക്രമിക്കുന്നതും, പഴയ വൈരാഗ്യങ്ങളുടെ പേരിൽ കുപ്രചരണങ്ങൾ അഴിച്ചുവിടുന്നതും മാധ്യമപ്രവർത്തനവും മാധ്യമയുദ്ധവും തമ്മിലുള്ള അതിർത്തികൾ മായ്ച്ചുകളയുന്ന അപകടകരമായ പ്രവണതയാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →