Thursday, 13 August 2026
‘Honest storytelling is a powerful means of change
08:53:47 AM IST
World

ഹോര്‍മൂസില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ട സംഭവം: ഇറാന്‍ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം

SHARE

ഹോര്‍മുസില്‍ എണ്ണടാങ്കറുകള്‍ക്ക് നേരെ നടത്തിയ മിസൈലാക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാന്‍ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം. ഹോര്‍മൂസിലെ മിസൈലാക്രമണത്തില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ മുഹമ്മദ് ജവാദ് ഹുസൈനിയേയും മറ്റ് ഇറാനിയന്‍ നയതന്ത്രജ്ഞരെയുമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയത്. ഒമാന്‍ തീരംവഴി ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച യുഎഇയുടെ രണ്ട് കപ്പലുകള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഒമാന്റെ അതിര്‍ത്തിക്കുള്ളില്‍ നടന്ന ആക്രമണത്തില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണ് നീക്കം.

30 ഇന്ത്യന്‍ നാവികരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും പത്തു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പരുക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. മൊംബാസ, അല്‍ ബഹിയ എന്നീ കപ്പലുകളുടെ നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. മൊംബാസയിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍. ഒമാന്റെ ജലാതിര്‍ത്തിയില്‍, ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ ഭാഗത്തുവച്ചാണ് മിസൈല്‍ ആക്രമണമുണ്ടായത്. അതേസമയം, കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരുക്കേറ്റ 4 ഇന്ത്യക്കാരില്‍ ആരൊക്കെ ഏതു സംസ്ഥാനത്തുനിന്നുള്ളവരാണെന്നും വ്യക്തമല്ല.

ഒമാന്‍ തീരംവഴി ഹോര്‍മുസ് മുറിച്ചുകടക്കാന്‍ ശ്രമിച്ച യു.എ.ഇ.യുടെ മംബാസ, അല്‍ ബാഹിയ എന്നീ എണ്ണക്കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ക്രൂയിസ് മിസൈല്‍ പതിച്ച് കപ്പലുകള്‍ക്ക് തീപിടിച്ചതായി യു.എ.ഇ. പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

ഇറാന്‍ നാവികസേനയെ ലക്ഷ്യമിട്ട് യുഎസ് കനത്ത ആക്രമണം നടത്തി. ജലത്തിലൂടെ സഞ്ചരിക്കുന്ന ഡ്രോണ്‍ ഉപയോഗിച്ചാണ് ഇറാനിയന്‍ കപ്പലിനുനേര്‍ക്ക് യുഎസ് ആക്രമണം നടത്തിയത്. ഡ്രോണ്‍ ബോട്ടുകള്‍ അമേരിക്ക ആദ്യമായിട്ടാണ് ഇറാനെതിരെ പ്രയോഗിക്കുന്നത്. ഇറാനിലെ കപ്പല്‍ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രത്തിലും യുഎസ് ആക്രമണം നടത്തി. ആക്രമണത്തിന്റെ വിഡിയോ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) പുറത്തുവിട്ടു. അതിനിടെ, ഇറാനെ ലക്ഷ്യമിട്ട് അടുത്തഘട്ട ആക്രമണങ്ങള്‍ ആരംഭിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചിരുന്നു.

ഇതിനിടയില്‍ യുകെ ബന്ധമുള്ള ടാങ്കറിനുനേര്‍ക്ക് മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. ഒമാന്റെ തെക്കുകിഴക്കന്‍ മേഖലയായ ലിമയ്ക്ക് സമീപത്തുകൂടി പോകുകയായിരുന്ന കപ്പലാണിത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) അറിയിച്ചു.

s
ന്യൂസ് ഡെസ്ക്
View all posts →