Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:27 PM IST
Kerala

‘നിക്ഷിപ്ത താൽപര്യത്തോടെ വളഞ്ഞിട്ട് ആക്രമിച്ചാൽ അവജ്ഞയോടെ തള്ളിക്കളയും’; മെറ്റ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി

ന്യൂസ് ഡെസ്ക് 25 August 2026, 11:07 am
SHARE

നിക്ഷിപ്ത താൽപര്യക്കാർ വളഞ്ഞിട്ട് ആക്രമിച്ചാൽ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മെറ്റ വിവാദത്തിൽ വിശദീകരണവുമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയും മന്ത്രിമാരും വിമർശനത്തിന് അതീതരല്ലെന്നും വിമർശനങ്ങളെ സർക്കാർ സഹിഷ്ണുതയോടെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെങ്കിൽ തിരുത്താൻ സർക്കാരിന് മടിയില്ലെന്നും സതീശൻ പറഞ്ഞു.

എന്നാൽ നിക്ഷിപ്ത താൽപര്യത്തോടെ സർക്കാരിനെ കളങ്കപ്പെടുത്താനോ വളഞ്ഞിട്ട് ആക്രമിക്കാനോ ശ്രമിച്ചാൽ അത്തരം നീക്കങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. സർക്കാർ മൂന്ന് മാസം തികയ്ക്കുന്നതിന് മുമ്പുതന്നെ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ചില മാധ്യമങ്ങളുടെ സഹായത്തോടെ ഒരു സംഘം ശ്രമിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സംഘം ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും 24 മണിക്കൂർ പോലും ആയുസുണ്ടായില്ലെന്നും സതീശൻ പറഞ്ഞു. സർക്കാർ ഇടപെട്ട് മാധ്യമവാർത്തകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തുവെന്ന പ്രചാരണം നീചമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഇടപെട്ടിട്ടില്ലെന്ന് മെറ്റ ഔദ്യോഗികമായി വിശദീകരിച്ച സാഹചര്യത്തിൽ വ്യാജപ്രചാരകർക്ക് ഇനി എന്താണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

സമരം ചെയ്യുന്നവരെല്ലാം സർക്കാരിന്റെ ശത്രുക്കളല്ലെന്നും എല്ലാവരെയും തുറന്ന മനസോടെ കേൾക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏത് പ്രശ്‌നത്തിനും പരിഹാരം കാണാൻ സാധ്യമായതെല്ലാം ചെയ്യും. എന്നാൽ സമ്മർദ്ദ ശക്തികൾക്ക് മുന്നിൽ സർക്കാർ കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ 100 ദിവസവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

Read More
s
ന്യൂസ് ഡെസ്ക്
View all posts →