Friday, 11 September 2026
‘Honest storytelling is a powerful means of change
07:41:40 PM IST
Kerala

‘പ്രളയ ദുരിതാശ്വാസ വാഹനത്തിനിട്ട പിഴ പോര’; വാഹന മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി ഹൈക്കോടതി

ന്യൂസ് ഡെസ്ക് 23 August 2026, 10:30 am
SHARE

വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഒരു വാഹനത്തിൽ ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോ ലംഘനത്തിനും 5,000 രൂപ വീതം പിഴ ഈടാക്കണമെന്നും കോടതി വ്യക്തമാക്കി. പ്രളയ രക്ഷാപ്രവർത്തനത്തിനായി എത്തിയ വാഹനത്തിന് ആകെ 5,000 രൂപ മാത്രം പിഴ ചുമത്തിയ സംഭവത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

നിയമലംഘനം നടത്തിയ ഥാർ ജീപ്പിന്റെ ചിത്രങ്ങളും കോടതി പരിശോധിച്ചു. ജീപ്പിൽ ആറ് അധിക ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അധിക ലൈറ്റുകൾ ഘടിപ്പിച്ചതിന് 5,000 രൂപയും പിയുസി സംബന്ധമായ നിയമലംഘനത്തിന് 2,000 രൂപയുമാണ് പിഴ ചുമത്തിയിരുന്നത്.

ആറ് അനധികൃത ലൈറ്റുകൾക്കായി ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിലാണ് കോടതി അസന്തുഷ്ടി രേഖപ്പെടുത്തിയത്. പ്രളയ രക്ഷപ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ഇട്ടതിനാണ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം നൽകിയതെങ്കിൽ പിഴ പോരെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

അനുവദനീയമായതിൽ അധികമായി ലൈറ്റുകൾ ഘടിപ്പിക്കരുതെന്നും വീതിയേറിയ ടയറുകൾ, അതിതീവ്ര എൽഇഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ എന്നിവയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇത്തരം മോഡിഫിക്കേഷനുകൾ കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും അപകടഭീഷണിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ശബ്ദവും തീയും ഉണ്ടാകുന്ന പുകക്കുഴലുകൾക്കും കർശന നിയന്ത്രണം വേണമെന്നും കോടതി വ്യക്തമാക്കി.

റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുകൾക്കെതിരെ പൊലീസും എംവിഡിയും കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ അടുത്ത മാസം ഏഴിന് കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →