Friday, 11 September 2026
‘Honest storytelling is a powerful means of change
07:42:19 PM IST
Kerala

ജിഎസ്എൽവി എഫ്17 വിജയകരം; ബഹിരാകാശ ദൗത്യത്തിൽ ഐഎസ്ആർഒയുടെ ഗംഭീര തിരിച്ചുവരവ്

ന്യൂസ് ഡെസ്ക് 4 September 2026, 8:31 am
SHARE

ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ്17 വിജയകരമായി വിക്ഷേപിച്ചു. സെപ്റ്റംബർ 4ന് പുലർച്ചെ 2.55ന് ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. ജിഎസ്എൽവിയുടെ 19-ാമത് ദൗത്യമായ ഇത്, എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആർഒയുടെ വിജയകരമായ തിരിച്ചുവരവായി. അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിച്ചത്.

ജനുവരിയിലെ പിഎസ്എൽവി സി62 ദൗത്യത്തിന്റെ പരാജയത്തിന് ശേഷമുള്ള ആദ്യ ഐഎസ്ആർഒ വിക്ഷേപണമാണിത്. 27 മണിക്കൂർ 30 മിനിറ്റ് നീണ്ട കൗണ്ട്‌ഡൗൺ കഴിഞ്ഞ ദിവസം രാത്രി 11.25ന് ആരംഭിച്ചിരുന്നു. ഇഒഎസ്-5 എന്ന കോഡ് നാമമുള്ള ജിയോ ഇമേജിംഗ് സാറ്റലൈറ്റ് വൺ എ രാജ്യസുരക്ഷ, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിൽ നിർണായക സംഭാവന നൽകുമെന്നാണ് പ്രതീക്ഷ. ഭൂസ്ഥിര പരിക്രമണപഥത്തിൽ നിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മുഴുവൻ സമയവും നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ പ്രധാന ദൗത്യം.

2021 ഓഗസ്റ്റ് 12ന് ഇതേ ഉപഗ്രഹത്തെ വിക്ഷേപിക്കാൻ നടത്തിയ ജിഎസ്എൽവി എഫ്10 ദൗത്യം പരാജയപ്പെട്ടിരുന്നു. അതിന് പകരമായി നിർമിച്ച പുതിയ പേടകമാണ് ഇപ്പോൾ വിക്ഷേപിച്ചത്. 2367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ നേരിട്ട് ജിയോ ട്രാൻസ്ഫർ ഓർബിറ്റിലെത്തിക്കാൻ ജിഎസ്എൽവിക്ക് കഴിയാത്തതിനാൽ, അതിന് അൽപ്പം താഴെയുള്ള ഭ്രമണപഥത്തിലാണ് റോക്കറ്റും ഉപഗ്രഹവും വേർപെട്ടത്. ശേഷിക്കുന്ന ദൂരം ഉപഗ്രഹം സ്വന്തം പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് പിന്നിടും.

പിഎസ്എൽവി പരാജയത്തിന് പിന്നാലെ ഐഎസ്ആർഒയുടെ മറ്റ് ദൗത്യങ്ങളും താൽക്കാലികമായി നിർത്തിവച്ചിരുന്നു. ജൂൺ അവസാനമോ ജൂലൈ ആദ്യമോ ജിഎസ്എൽവി ദൗത്യം നടത്താൻ ശ്രമിച്ചെങ്കിലും കേന്ദ്ര അനുമതി ലഭിക്കാത്തതിനാൽ നീളുകയായിരുന്നു. പരാജയപ്പെട്ട പിഎസ്എൽവിയുടെ മൂന്നാം ഘട്ടവുമായി നേരിട്ട് ബന്ധപ്പെട്ട ഘടകങ്ങളൊന്നും ജിഎസ്എൽവിയിൽ ഇല്ലെന്നാണ് വിലയിരുത്തൽ. ദൗത്യം വിജയിച്ചതോടെ ഗഗൻയാന്റെ ആദ്യ ആളില്ലാ ദൗത്യത്തിനുള്ള ഒരുക്കങ്ങൾക്കും വേഗം കൂടും. ഈ കലണ്ടർ വർഷം തന്നെ ആദ്യ ഗഗൻയാൻ ദൗത്യം നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ അറിയിച്ചു. മാർച്ചിന് മുമ്പ് ആറ് വിക്ഷേപണങ്ങൾ കൂടി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →