ഗംഭീറിനും അഗാർക്കറിനും പരസ്പരം ഈഗോയാണ്, അത് കാരണം നശിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീമാണ്: ദിനേശ് കാർത്തിക്
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ കനത്ത തകർച്ചകൾക്ക് പിന്നാലെ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിൽ ഭിന്നത രൂക്ഷമെന്ന് മുൻ വിക്കറ്റ് കീപ്പർ താരം ദിനേഷ് കാർത്തിക്കിന്റെ വെളിപ്പെടുത്തൽ. ചീഫ് സെലക്ടർ അജിത് അഗാർക്കറും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ കടുത്ത അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പ്ലേയിംഗ് ഇലവൻ തിരഞ്ഞെടുപ്പിൽ ഇരുവരും രണ്ട് തട്ടിലാണെന്നും കാർത്തിക് ആരോപിച്ചു. ശ്രേയസ് അയ്യരുടെ നായകത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീം അയർലൻഡിനോട് 2-0 നും, തൊട്ടുപിന്നാലെ ഇംഗ്ലണ്ടിനോട് 4-0 നും ടി20 പരമ്പരകൾ പരാജയപ്പെട്ടിരുന്നു.
ഈ തോൽവികൾക്ക് പിന്നാലെയാണ് മലയാളി താരം സഞ്ജു സാംസണെയും 15 കാരനായ യുവപ്രതിഭ വൈഭവ് സൂര്യവംശിയെയും പ്ലേയിങ് ഇലവനിൽ മാറി മാറി പരീക്ഷിച്ച മാനേജ്‌മെന്റിന്റെ രീതിയെ ‘കസേര കളി’ എന്ന് വിശേഷിപ്പിച്ച് കാർത്തിക് രംഗത്തെത്തിയത്. സ്കൈ സ്പോർട്സ് പോഡ്കാസ്റ്റിലാണ് കാർത്തിക് ടീമിനുള്ളിലെ ഈഗോ പോരാട്ടങ്ങളെക്കുറിച്ച് തുറന്നടിച്ചത്.
ഇംഗ്ലണ്ട് പര്യടനത്തിൽ വൈഭവ് സൂര്യവംശി ആദ്യ മത്സരത്തിൽ തന്നെ അരങ്ങേറുമെന്ന് ക്രിക്കറ്റ് വൃത്തങ്ങളിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും സഞ്ജു സാംസണെയാണ് ആദ്യ മത്സരത്തിൽ ഓപ്പണറായി നിലനിർത്തിയത്. എന്നാൽ അയർലൻഡിനെതിരായ രണ്ട് ടി20 മത്സരങ്ങൾക്ക് പുറമെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലും സഞ്ജു റൺസ് കണ്ടെത്താനാകാതെ പരാജയപ്പെട്ടതോടെ സഞ്ജുവിനെ ബെഞ്ചിലിരുത്തി.
തുടർന്ന് 15 കാരൻ സൂര്യവംശിക്ക് രണ്ടാം ടി20യിൽ അരങ്ങേറാൻ മാനേജ്‌മെന്റ് അവസരമൊരുക്കുകയായിരുന്നു. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ കടുത്ത സമ്മർദ്ദത്തിൽ വൈഭവ് സൂര്യവംശിക്കും തിളങ്ങാനാകാതെ വന്നതോടെ, ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ വീണ്ടും സഞ്ജുവിനെത്തന്നെ ഓപ്പണറായി തിരിച്ചുവിളിച്ചു. ഇത്തരം തന്ത്രശൂന്യമായ പരീക്ഷണങ്ങൾക്ക് പിന്നിൽ കോച്ചും സെലക്ടറും തമ്മിലുള്ള കടുത്ത ഈഗോ പോരാട്ടമാണെന്നാണ് കാർത്തിക്കിന്റെ വിലയിരുത്തൽ.
ചീഫ് സെലക്ടറും ഹെഡ് കോച്ചും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് പുറത്തുനിന്ന് നോക്കുന്ന ആർക്കും എളുപ്പത്തിൽ മനസിലാകുമെന്ന് കാർത്തിക് പറഞ്ഞു. അഗാർക്കർ ഭാവിയെ മുൻനിർത്തിയുള്ള ദീർഘകാല പദ്ധതികളുമായാണ് മുന്നോട്ട് നീങ്ങുന്നത്. എന്നാൽ കളിക്കുന്ന എല്ലാ മത്സരങ്ങളും ഉടനടി ജയിക്കണമെന്ന കടുത്ത വാശിയിലാണ് ഗൗതം ഗംഭീർ. ഇതാണ് പ്ലേയിങ് ഇലവൻ തിരഞ്ഞെടുപ്പിലെ വലിയ ആശയക്കുഴപ്പത്തിന് കാരണമെന്നും ഇത് കളിക്കാരുടെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കുമെന്നും കാർത്തിക് കൂട്ടിച്ചേർത്തു.
ഒരു ഭാഗത്ത് ടീമിനെ ദീർഘകാലത്തേക്ക് കെട്ടിപ്പടുക്കാൻ നോക്കുന്ന ചീഫ് സെലക്ടറും, മറുഭാഗത്ത് തോറ്റാൽ തൻറെയും ക്യാപ്റ്റൻറെയും പേര് ചീത്തയാകുമെന്ന് ഭയന്ന് ഉടനടി വിജയം വേണമെന്ന് വാശിപിടിക്കുന്ന കോച്ചും തമ്മിലുള്ള പോരാട്ടമാണ് നിലവിലെ യഥാർത്ഥ പ്രശ്നം. ബിസിസിഐ അടിയന്തരമായി ഇടപെട്ട് ഈ ആഭ്യന്തര തർക്കം പരിഹരിക്കേണ്ടതുണ്ടെന്ന് കാർത്തിക് വ്യക്തമാക്കി.
ഇംഗ്ലണ്ട് പര്യടനത്തിലെ കനത്ത തകർച്ചയെക്കുറിച്ച് വിശദമായ റിവ്യൂ മീറ്റിംഗ് നടത്തുമെന്ന് ബിസിസിഐ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ദിനേഷ് കാർത്തിക്കിന്റെ വെളിപ്പെടുത്തൽ കൂടി പുറത്തുവന്നതോടെ വരും ദിവസങ്ങളിൽ ബിസിസിഐ ക്യാമ്പിൽ വലിയ ചർച്ചകൾക്കും നിർണ്ണായക തീരുമാനങ്ങൾക്കും ഇത് വഴിവെക്കുമെന്നുറപ്പാണ്.
‘സർക്കാർ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന അഭിപ്രായമാണ് പറഞ്ഞത്’; പിണറായി വിജയനെതിരായ ഇഡി ശുപാർശയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്
ഗംഭീറിന്റെ പെറ്റ് ഹർഷീത് റാണ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ നിന്ന് പുറത്ത്; ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിലും റാണയില്ല