‘പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്ന് ഇ ഡി’; കേസ് എടുക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ സിപിഐഎം
സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശത്തിൽ സിപിഐഎം പ്രതിരോധത്തിൽ. ഇഡിയുടെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഐഎം തീരുമാനം. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിൽ പിണറായി വിജയന് രാഷ്ട്രീയ പ്രതിരോധം ഒരുക്കാനാണ് പാർട്ടി നീക്കം.
പിണറായി വിജയനെതിരെ മാത്രമല്ല, മകൾ വീണ ടി, വീണയുടെ ഭർത്താവും സിപിഐഎം നേതാവുമായ പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ഇഡി സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (PMLA) വകുപ്പ് 66(2) പ്രകാരം ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയ ഇഡി, മാസപ്പടി കേസിലെ അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ വിശദാംശങ്ങളും സംസ്ഥാന പൊലീസിന് കൈമാറിയിട്ടുണ്ട്.
2.78 കോടി അനധികൃതമായി കൈപ്പറ്റിയെന്ന് കണ്ടെത്തൽ
സിഎംആർഎൽ ഒരു സേവനവും ലഭിക്കാതെ എക്സാലോജിക്കിന് 2.78 കോടി രൂപ അനധികൃതമായി നൽകിയെന്നാണ് ഇഡിയുടെ അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. ഈ ഇടപാട് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കിയിരുന്നു. എക്സാലോജിക്കിന് ലഭിച്ച തുകയുടെ യഥാർഥ സ്വഭാവവും അതിന് പിന്നിലെ ഇടപാടുകളും അന്വേഷിക്കുന്നതിനിടെയാണ് രാഷ്ട്രീയ നേതൃത്വത്തിലേക്കും അന്വേഷണം നീണ്ടത്.
ഇതിന്റെ തുടർച്ചയായാണ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന ആവശ്യം ഇഡി ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ ടി വഴി പണം കൈപ്പറ്റിയെന്ന ഗുരുതര ആരോപണവും ഇഡി റിപ്പോർട്ടിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഇനി സംസ്ഥാന സർക്കാരിന്റെ നിലപാട് നിർണായകം
ഇഡി റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയതോടെ കേസിൽ തുടർനടപടി സ്വീകരിക്കേണ്ടത് സംസ്ഥാന പൊലീസാണ്. ഇഡിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുമോ, നിയമോപദേശം തേടുമോ, മറ്റേതെങ്കിലും നടപടിയിലേക്ക് നീങ്ങുമോ എന്നതാണ് ഇനി നിർണായകം. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്താൽ ഇഡിക്കും മാസപ്പടി കേസിൽ തുടർനടപടികളിലേക്ക് കടക്കാനുള്ള സാഹചര്യം ശക്തമാകും. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടിന് കേസിന്റെ തുടർഗതിയിൽ വലിയ പ്രാധാന്യമുണ്ട്.
വിപുലീകൃത സംസ്ഥാന സമിതിയും വിവാദ നിഴലിൽ
പിണറായി വിജയനെതിരെ അഴിമതി കേസ് എടുക്കണമെന്ന ഇഡിയുടെ നിർദേശം പുറത്തുവന്നതോടെ സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയും രാഷ്ട്രീയ വിവാദത്തിന്റെ കേന്ദ്രത്തിലായിരിക്കുകയാണ്. പാർട്ടിയുടെ തെറ്റുതിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനാണ് വിപുലീകൃത സംസ്ഥാന സമിതി ചേരുന്നത്.
പാർട്ടിയുടെ പ്രവർത്തനത്തിലെ വീഴ്ചകളും തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങളും പരിശോധിച്ച് തെറ്റുതിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനിടെയാണ് പാർട്ടി ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ പിണറായി വിജയനെതിരായ ഇഡി നീക്കം പുതിയ സമ്മർദമായി മാറുന്നത്.
ഇഡിയുടെ റിപ്പോർട്ടിനെ രാഷ്ട്രീയ പ്രേരിത നടപടിയെന്ന് സിപിഐഎം വിശേഷിപ്പിക്കുമോ, അതോ നിയമപരമായി നേരിടാനുള്ള നീക്കങ്ങളിലേക്ക് കടക്കുമോ എന്നതും ശ്രദ്ധേയമാണ്. അതേസമയം, സംസ്ഥാന പൊലീസ് ഇഡിയുടെ റിപ്പോർട്ടിൽ എന്ത് നടപടി സ്വീകരിക്കുമെന്നതിലാണ് ഇനി രാഷ്ട്രീയ കേരളത്തിന്റെ കണ്ണുകൾ.
മാസപ്പടി കേസിലെ സാമ്പത്തിക ഇടപാടുകളിൽ നിന്ന് ആരംഭിച്ച അന്വേഷണം ഇപ്പോൾ അഴിമതി ആരോപണത്തിലേക്കും രാഷ്ട്രീയ നേതൃത്വത്തിലേക്കും എത്തിയിരിക്കുകയാണ്. ഇഡിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന അടുത്ത നീക്കമാണ് കേസിന്റെ ഗതി നിർണയിക്കുക.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!