‘ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കും’; അമേരിക്കയുടെ അഭ്യർത്ഥന തള്ളി ചൈന
ഇറാനുമേൽ കൂടുതൽ യുഎസ് ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന. കൂടുതൽ സാമ്പത്തിക ഉപരോധങ്ങളും സമ്മർദങ്ങളും ഇറാനിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഉപരോധങ്ങളും സാമ്പത്തിക സമ്മർദങ്ങളും ഒരിക്കലും പ്രശ്നപരിഹാരത്തിനുള്ള മാർഗമല്ലെന്ന് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പ്രതികരിച്ചു.
ഇറാനെ സാമ്പത്തികമായി തകർക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തെ ‘സാമ്പത്തിക ഭീകരവാദം’ എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. നിലവിലെ സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കേണ്ട സമയമാണെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു. ഇറാൻ ശക്തമായി നിലകൊള്ളുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ ഇറാൻ വഴങ്ങില്ലെന്നും പെസഷ്‌കിയാൻ കൂട്ടിച്ചേർത്തു.
അമേരിക്കൻ സാമ്പത്തിക ഉപരോധത്തെ നേരിടാൻ രാജ്യം തയ്യാറെടുക്കണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് ജനങ്ങളോട് ആവശ്യപ്പെട്ടു. പുതിയ യുഎസ് ഉപരോധങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും പ്രതികരിച്ചു. സാമ്പത്തിക യുദ്ധത്തിൽ അമേരിക്ക പരാജയപ്പെടുമെന്നും ഉപരോധ ഭീഷണി നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളം; അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിച്ച് ഇറാൻ, രണ്ട് കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ചു
സൗദിക്ക് നേരെ ഹൂതി ആക്രമണം; 73 പേർക്ക് പരുക്ക്, ശക്തമായ തിരിച്ചടിക്ക് മുന്നറിയിപ്പ്