താടി വളർത്തി രൂപം മാറ്റി, മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ മൂന്ന് മാസം ഒളിവിൽ; ഡോ. റാമിനെ പിടികൂടിയത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ
അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ, മൂന്ന് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കേരള പൊലീസ് മുഖ്യപ്രതിയായ ഡോ. എം. കെ. റാമിനെ പിടികൂടിയത്. അഞ്ചരക്കണ്ടി ദന്തൽ കോളജിലെ പ്രൊഫസറായിരുന്ന ഡോ. റാം ആന്ധ്രപ്രദേശിലെ ചിറ്റൂരും ഗുണ്ടൂരും കേന്ദ്രീകരിച്ചാണ് പ്രധാനമായും ഒളിവിൽ കഴിഞ്ഞിരുന്നത്. താടി വളർത്തി രൂപം മാറ്റിയായിരുന്നു താമസം.
ഒളിവിൽ കഴിഞ്ഞിരുന്ന കാലത്ത് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല എന്നതും റാമിനെ കണ്ടെത്തുന്നതിൽ പൊലീസിന് വെല്ലുവിളിയായി. തുടർന്ന്, റാമുമായി ബന്ധമുള്ളവരുടെ മൊബൈൽ ഫോണുകൾ പൊലീസ് നിരീക്ഷണത്തിലാക്കി. ഇതോടെയാണ് റാമിന്റെ ഒളിയിടങ്ങളെക്കുറിച്ച് പൊലീസിന് നിർണായക സൂചനകൾ ലഭിച്ചത്. റാമിന്റെ സ്വദേശമായ ചിറ്റൂരിൽ ക്യാമ്പ് ചെയ്താണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയത്.
ഇതിനിടെ, ഗുണ്ടൂരിലേക്ക് മാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംഘം അവിടെയെത്തിയെങ്കിലു അവർ എത്തുന്നതിന് തൊട്ടുമുമ്പ് തന്നെ റാം അവിടെനിന്ന് കടന്നുകളഞ്ഞിരുന്നു. ഡോക്ടർ റാമിന്റെ അടുത്ത ബന്ധുവായ ആന്ധ്രയിലെ തെലുങ്കുദേശം പാർട്ടിയുടെ ഒരു നേതാവിന്റെ സംരക്ഷണമാണ് റാമിന് തുണയായതെന്നും റിപ്പോർട്ടുകളുണ്ട്. അപരിചിതരായ ആളുകളെ കാണുമ്പോഴൊക്കെ റാമിന് വിവരം കൈമാറിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, ഡോ. റാം ബംഗളൂരുവിലേക്ക് കടന്നതായുള്ള സൂചനകളെത്തുടർന്ന് ക്രൈംബ്രാഞ്ചിന്റെ ഒരു സംഘം കർണാടക കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കുടകിൽ ഡോ. റാം എത്തിയതായി വിവരം ലഭിച്ചത്. കുടകിലെ ഒളിയിടത്തിൽ നിന്ന് മറ്റൊരിടത്തേക്ക് മാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് സംഘം റാമിനെ പിടികൂടിയത്. ഇയാളെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.
ഡോ. റാമിനെ അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ടെന്ന് മരിച്ച നിതിൻ രാജിന്റെ പിതാവ് രാജൻ പറഞ്ഞു. നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഡോ. റാമിന് ഒരു പങ്കുമില്ലായിരുന്നെങ്കിൽ ഇത്രയും കാലം പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയേണ്ട കാര്യമില്ലായിരുന്നുവെന്നും രാജൻ പറഞ്ഞു.
ഡോ. റാം മാത്രമല്ല, നിതിന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കും തക്കതായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏപ്രിൽ 10-നാണ് കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയായ നിതിൻ രാജ് കോളജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
‘ചുറുചുറുക്കുള്ള യുവനേതാവ്’; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
‘ദിവസവും 20 മണിക്കൂറിലധികം ജോലി ചെയ്യും, പുലർച്ചെ 4 മണിക്ക് എല്ലാ വകുപ്പുകളിലേക്കും വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കും’: മന്ത്രി ആധവ് അർജുന