Tuesday, 22 September 2026
‘Honest storytelling is a powerful means of change
12:06:09 PM IST
Kerala

ഭാര്യയ്ക്കും മകൾക്കും ട്രെയിനിൽ കയറാനായില്ല, അപായച്ചങ്ങല വലിച്ച് റിട്ട. റെയിൽവേ സൂപ്രണ്ട്; കോടതി സമൻസ്

ന്യൂസ് ഡെസ്ക് 22 September 2026, 11:58 am
SHARE

ട്രെയിനിൽ ഭാര്യയ്ക്കും മകൾക്കും കയറാൻ കഴിയാത്തതിനെ തുടർന്ന് അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ച സംഭവത്തിൽ റിട്ട. റെയിൽവേ സൂപ്രണ്ടിന് കോടതിയുടെ സമൻസ്. കോഴിക്കോട് നാദാപുരം വലിയപുരയിൽ വിജയനാണ് ഷൊർണൂർ റെയിൽവേ കോടതിയിൽ നാളെ ഹാജരാകാൻ സമൻസ് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂൺ 15-നാണ് കേസിനാസ്പദമായ സംഭവം. എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ ആലുവയിൽ നിന്നു യാത്ര തിരിക്കാനായി വിജയനും കുടുംബവും ഡി1 കോച്ചിൽ ടിക്കറ്റ് റിസർവ് ചെയ്തിരുന്നു. പ്ലാറ്റ്‌ഫോമിലെ ഡിസ്പ്ലേ ബോർഡിൽ കാണിച്ച സ്ഥലത്താണ് ഇവർ കാത്തുനിന്നതെങ്കിലും ട്രെയിൻ നിർത്തിയത് അവിടെയായിരുന്നില്ല.

ഡി1 കോച്ച് എത്തിയത് ജനറൽ കോച്ച് വരേണ്ട സ്ഥലത്തായിരുന്നു. ഇത് കാരണം റിസർവ് ചെയ്യാത്ത യാത്രക്കാർ പലരും ഈ കോച്ചിലേക്ക് ഇടിച്ചുകയറുകയും പിന്നീട് തിരിച്ചിറങ്ങുകയും ചെയ്തു. ഇതിനിടയിൽ ഒരു മിനിറ്റിനു ശേഷം ട്രെയിൻ മുന്നോട്ടു നീങ്ങിയപ്പോൾ വിജയന് മാത്രമാണ് കോച്ചിലേക്ക് കയറാൻ സാധിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും മകൾക്കും തിരക്ക് കാരണം ട്രെയിനിൽ കയറാൻ കഴിഞ്ഞില്ല. തുടർന്ന് ട്രെയിൻ മുന്നോട്ടുനീങ്ങിയ ഉടൻ തന്നെ വിജയൻ അപായച്ചങ്ങല വലിച്ച് വണ്ടി നിർത്തുകയായിരുന്നു.

ഡിസ്പ്ലേ ബോർഡിൽ കാണിച്ചതിൽ നിന്ന് വ്യത്യസ്തമായാണ് ട്രെയിൻ നിർത്തിയതെന്നും, രണ്ടു മിനിറ്റ് സ്റ്റോപ്പുള്ള ട്രെയിൻ ആലുവയിൽ ഒരു മിനിറ്റ് മാത്രമാണ് നിർത്തിയതെന്നും വിജയൻ വ്യക്തമാക്കുന്നു. ഇതിന്റെ തെളിവുകൾ അന്നേദിവസം തന്നെ നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ നിന്ന് ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മതിയായ കാരണങ്ങളില്ലാതെ ചെയിൻ വലിച്ചാൽ 1,000 രൂപ പിഴ ഈടാക്കാനാണ് റെയിൽവേ നിയമം അനുശാസിക്കുന്നത്. എന്നാൽ ഇത് മതിയായ കാരണമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആരാണെന്നറിയാൻ വിജയൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി.

ഇതിന് ‘ചുമതലപ്പെട്ട അധികാരി’ എന്നായിരുന്നു ഡിവിഷനൽ റെയിൽവേ സെക്യൂരിറ്റി കമാൻഡന്റിന്റെ മറുപടി. ഏതു തസ്തികയിലുള്ള ആളാണ് അധികാരി എന്ന് റെയിൽവേ വ്യക്തമാക്കിയില്ല. തുടർന്ന് പിഴയൊടുക്കാൻ വിജയൻ തയാറാകാത്തതിനാൽ ആർപിഎഫ് കേസ് രജിസ്റ്റർ ചെയ്ത് കോടതി സമൻസ് അയക്കുകയായിരുന്നു.

s
ന്യൂസ് ഡെസ്ക്
View all posts →