Friday, 11 September 2026
‘Honest storytelling is a powerful means of change
05:29:29 PM IST
Kerala

ചിറയിൻകീഴ് കയ്യാങ്കളി: അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായി രമ്യ ഹരിദാസ്; നീതിപൂർവമായ തീരുമാനം പ്രതീക്ഷിക്കുന്നുവെന്ന് പ്രതികരണം

ന്യൂസ് ഡെസ്ക് 9 September 2026, 6:46 pm
SHARE

ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കെപിസിസി അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായി രമ്യ ഹരിദാസ് എംഎൽഎ. കെപിസിസി അന്വേഷണ സമിതി ചെയർമാൻ എം എം ഹസ്സന് മുന്നിൽ മൊഴി നൽകിയെന്നും തനിക്ക് പറയാനുള്ള കാര്യങ്ങൾ വിശദീകരിച്ചെന്നും രമ്യ ഹരിദാസ് പറഞ്ഞു. പാർട്ടി അച്ചടക്കമുള്ള പ്രവർത്തകയെന്ന നിലയിൽ വിഷയത്തിൽ നീതിപൂർവമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി.

അന്വേഷണ സമിതി റിപ്പോർട്ട് എത്രയും വേഗം കെപിസിസി അധ്യക്ഷന് കൈമാറുമെന്ന് എം എം ഹസ്സൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരോടും സംസാരിച്ചിട്ടുണ്ടെന്നും വിഷയം ഗൗരവമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. നടപടിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കെപിസിസി അധ്യക്ഷന്റേതായിരിക്കുമെന്നും ശക്തമായ നടപടി സ്വീകരിക്കേണ്ടത് അദ്ദേഹമാണെന്നും ഹസ്സൻ പറഞ്ഞു.

രമ്യ ഹരിദാസ് തന്നെ കബളിപ്പിച്ചിട്ടില്ലെന്നും ഹസ്സൻ വ്യക്തമാക്കി. ഡൽഹിയിലേക്ക് പോകുന്നതായി നേരത്തെ അറിയിച്ചിരുന്നു. തുടർന്ന് ചിറ്റൂർ മുൻ എംഎൽഎയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഉണ്ടായെന്നും പിന്നീട് നേരിട്ട് എത്തി മൊഴി നൽകാമെന്ന് രമ്യ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാളയം പ്രദീപിനെ സ്റ്റാഫായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ രമ്യ ഹരിദാസ് തന്നെയാണ് മറുപടി പറയേണ്ടതെന്നും ഹസ്സൻ വ്യക്തമാക്കി.

ചിറയിൻകീഴിലെ കയ്യാങ്കളിക്ക് പിന്നാലെ പാളയം പ്രദീപിനെ സംരക്ഷിക്കാൻ രമ്യ ഹരിദാസ് കത്ത് നൽകിയതോടെയാണ് വിവാദം ശക്തമായത്. എംഎൽഎക്കെതിരെ നടപടി വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ ആദ്യ നിലപാടെങ്കിലും കത്ത് വിവാദത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നാഭിപ്രായം ഉയർന്നു. അന്വേഷണ സമിതിക്ക് മുന്നിൽ ആദ്യഘട്ടത്തിൽ ഹാജരാകാതിരുന്ന രമ്യ ഹരിദാസ് ഇന്ന് കെപിസിസി ആസ്ഥാനത്തെത്തി മൊഴി നൽകുകയായിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →