Friday, 11 September 2026
‘Honest storytelling is a powerful means of change
07:14:34 PM IST
Kerala

ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിനെതിരെ നടപടിയില്ല; പാളയം പ്രദീപിനെ ഒഴിവാക്കാൻ കെപിസിസി നിർദേശം

ന്യൂസ് ഡെസ്ക് 7 September 2026, 9:11 am
SHARE

തിരുവനന്തപുരം ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ എംഎൽഎ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. എന്നാൽ എംഎൽഎയുടെ സഹായിയായി പാളയം പ്രദീപിനെ തുടരാൻ അനുവദിക്കേണ്ടതില്ലെന്ന് കെപിസിസി നിർദേശം നൽകും. പ്രദീപിനെതിരെ നേതൃത്വത്തിന് മുന്നിൽ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. രമ്യ ഹരിദാസ് ഇന്നലെ കെ.സി. വേണുഗോപാലുമായി ചർച്ച നടത്തിയിരുന്നു. കൂടുതൽ നടപടികൾ ഒഴിവാക്കി സമവായത്തിലേക്ക് നീങ്ങാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം.

കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കെപിസിസി ഇന്നലെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. രമ്യ ഹരിദാസിന്റെ സഹായി പാളയം പ്രദീപിനെയും കോൺഗ്രസ് കൂന്തള്ളൂർ മണ്ഡലം വൈസ് പ്രസിഡന്റ് സജാദിനെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവമായതിനാലാണ് വേഗത്തിൽ നടപടി സ്വീകരിച്ചതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം, രമ്യക്കൊപ്പം പ്രദീപ് തുടരുന്നതിനെതിരെ പാർട്ടിക്കുള്ളിൽ എതിർപ്പും ശക്തമാണ്.

രമ്യക്കൊപ്പം നിരന്തരം മണ്ഡലത്തിലെ കാര്യങ്ങളിൽ പാളയം പ്രദീപ് ഇടപെടുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം സജാദ് മുട്ടപ്പലവും സജാദും ഉൾപ്പെടെയുള്ളവർ പരാതി നൽകിയിരുന്നു. അതേസമയം, സജാദ് വീട്ടിലേക്ക് വിളിച്ചുവരുത്തി തങ്ങളെ മർദിച്ചെന്ന രമ്യയുടെയും പ്രദീപിന്റെയും പരാതിയും അന്വേഷണ സമിതി പരിഗണിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവിഭാഗത്തിനെതിരെയും നടപടി സ്വീകരിച്ചത്. കൂടുതൽ നടപടികൾ ഒഴിവാക്കി പ്രശ്നം ഒത്തുതീർപ്പാക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

Read More
s
ന്യൂസ് ഡെസ്ക്
View all posts →