Friday, 11 September 2026
‘Honest storytelling is a powerful means of change
07:14:21 PM IST
Kerala

ചിറയിൻകീഴ് കയ്യാങ്കളി: അന്വേഷണ സമിതി രൂപീകരിച്ച് കെപിസിസി, രമണി പി നായർക്ക് അന്വേഷണ ചുമതല

ന്യൂസ് ഡെസ്ക് 5 September 2026, 2:00 pm
SHARE

ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കയ്യാങ്കളിയിൽ അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി. കെപിസിസി ജനറൽ സെക്രട്ടറി രമണി പി. നായർക്കാണ് അന്വേഷണ ചുമതല. നിയമസഭാ തിരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിന്റെ ചുമതല രമണിക്കായിരുന്നു. സംഭവത്തിൽ ഇരു വിഭാഗങ്ങളുടെയും മൊഴിയെടുക്കാനും നാളെ തന്നെ യോഗം ചേർന്ന് അന്വേഷണം ആരംഭിക്കാനുമാണ് കെപിസിസിയുടെ നിർദേശം.

സംഭവത്തിൽ ഇരുവിഭാഗങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. രമ്യ ഹരിദാസിന്റെ പരാതിയിൽ എസ്.സി, എസ്.ടി നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നാണ് വിവരം. ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, കോൺഗ്രസ് കൂന്തള്ളൂർ മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരടക്കം ഏഴ് പേർക്കെതിരെയാണ് ചിറയിൻകീഴ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്.

തനിക്കെതിരെ മോശം പരാമർശങ്ങൾ നിരന്തരം ഉണ്ടായതിനെ തുടർന്നാണ് പ്രവർത്തകരെ ചോദ്യം ചെയ്തതെന്നും സജിത്തിനെതിരായ തന്റെ പ്രതികരണം സ്വാഭാവികമായിരുന്നുവെന്നുമാണ് രമ്യ ഹരിദാസ് എംഎൽഎയുടെ വിശദീകരണം. അതേസമയം, രമ്യയുടേത് അഭിനയമാണെന്ന് ആരോപിച്ച സജിത്ത് മുട്ടപ്പലം, എംഎൽഎയുടെ പിഎയായി പ്രവർത്തിക്കുന്ന പാളയം പ്രദീപാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നും ആരോപിച്ചു. എംഎൽഎയ്ക്കൊപ്പം പിഎ കുടുംബയോഗത്തിൽ പങ്കെടുത്തതിനെ ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കമിട്ടതെന്നാണ് പുറത്തുവരുന്ന വിവരം.

തർക്കത്തിനിടെ ആദ്യം താനാണ് അടിച്ചതെന്ന് രമ്യ ഹരിദാസ് സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ തന്നെ ആക്രമിച്ചത് പ്രാദേശിക കോൺഗ്രസ് നേതാക്കളാണെന്നാണ് എംഎൽഎയുടെ ആരോപണം. മറുവശത്ത്, എംഎൽഎയാണ് തന്നെ ആക്രമിച്ചതെന്നാണ് സജിത്ത് മുട്ടപ്പലത്തിന്റെ ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇരുവിഭാഗങ്ങളെയും കേട്ടശേഷം കെപിസിസി അന്വേഷണ സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.

Read More
s
ന്യൂസ് ഡെസ്ക്
View all posts →