മനുഷ്യർക്കും പരിസ്ഥിതിക്കും അപകടകാരി, കാർബോസൾഫാൻ കീടനാശിനി നിരോധിക്കാൻ കേന്ദ്രം
ഡോ ജോസ് ജോസഫ്
അതിമാരക കളനാശിനി പാരക്വറ്റിന് പിന്നാലെ കൊടും വിഷമായ കാർബോസൾഫാൻ കീടനാശിനിക്കും ഇന്ത്യയിൽ നിരോധനം വരുന്നു.മാർഷൽ എന്ന ബ്രാൻഡിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കീടനിയന്ത്രണത്തിന് വ്യാപകമായി വിറ്റഴിക്കപ്പടുന്ന കാർബോസൾഫാൻ രാജ്യത്ത് നിരോധിക്കാനുള്ള കരട് ഉത്തരവ് 2026 ഓഗസ്റ്റ് 21 ന് കേന്ദ്ര ഗവണ്മെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. മനുഷ്യരുടെയും മൃഗങ്ങളുടെയും ജലജീവികളുടെയും ആരോഗ്യത്തിനും പരിസ്ഥിതിക്കും കാർബോസൾഫാൻ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് നിരോധന തീരുമാനം. പൊതുജനങ്ങൾക്കും കീടനാശിനിയുടെ വ്യാപാരവുമായി ബന്ധപ്പെട്ടവർക്കും ഇതു സംബന്ധിച്ച അഭിപ്രായങ്ങൾ സെപ്തംബർ 20ന് മുമ്പ് കേന്ദ്ര കൃഷി -കർഷകക്ഷേമ മന്ത്രാലയത്തെ അറിയിക്കാം.ഇത് കൂടി പരിഗണിച്ചായിരിക്കും അന്തിമ നിരോധന ഉത്തരവ്.അന്തിമ ഉത്തരവ് പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ കാർബോസൾഫാൻ്റെ ഇറക്കുമതി, നിർമ്മാണം, വിൽപ്പന, ചരക്കുനീക്കം,വിതരണം, ഉപയോഗം എന്നിവയ്ക്ക് സമ്പൂർണ്ണ നിരോധനം നിലവിൽ വരും.ഇതോടെ കാർബോസൾഫാൻ അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ നിലവിലുള്ള എല്ലാ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും തിരിച്ചുവിളിക്കും.ഇതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ഗവണ്മെൻ്റുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദഗ്ദ സമിതി റിപ്പോർട്ട്
കാർബോസൾഫാൻ നിരോധനം പരിശോധിക്കാൻ ഈ വർഷം ജനുവരി 14 ന് കേന്ദ്ര ഗവണ്മെൻ്റ് ഒരു വിദഗ്ദ സമിതിയെ നിയോഗിച്ചിരുന്നു. ഈ കീടനാശിനിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആഗോളതലത്തിൽ നടത്തിയ പഠനങ്ങൾ വിലയിരുത്തിയ കമ്മറ്റി കാർബോസൾഫാൻ നിരോധിക്കാൻ ജൂൺ 14ന് ശുപാർശ നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ 1968-ലെ കേന്ദ്ര കീടനാശിനി നിയമത്തിൻ്റെ സെക്ഷൻ 27 പ്രകാരമാണ് കാർബോസൾഫാൻ നിരോധനം കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യ കാർബോസൾഫാൻ്റെ വലിയ വിപണി
കാർബമേറ്റ് വിഭാഗത്തിൽ പെടുന്ന, വ്യാപകമായ ഉപയോഗമുള്ള കീടനാശിനിയാണ് കാർബോസൾഫാൻ. ഇന്ത്യ ഈ കീടനാശിനിയുടെ ഏറ്റവും വലിയ വിപണികളിൽ ഒന്നാണ്. കേരളത്തിൽ ഈ കീടനാശിനിയെ മാർഷൽ 6 ജി, മാർഷൽ 25 ഇ സി എന്നീ ബ്രാൻഡുകളിൽ കീടനിയന്ത്രണത്തിന് കേരള കാർഷിക സർവ്വകലാശാല ശുപാർശ ചെയ്തിട്ടുണ്ട്. അന്തർവ്യാപന ശേഷിയുള്ള ഈ കീടനാശിനി നീരുറ്റിക്കുടിക്കുന്ന കീടങ്ങളെ നിയന്ത്രിക്കാൻ കർഷകർ വ്യാപകമായി ഉപയോഗിക്കുന്നു. നെല്ല്, വഴുതന, മുളക് തുടങ്ങിയ പച്ചക്കറി വിളകൾ, കരിമ്പ്, പരുത്തി തുടങ്ങിയ വിളകളിലാണ് കൂടുതൽ ഉപയോഗം. മാരകമായ പാർശ്വഫലങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ പല രാജ്യങ്ങളും കാർബോസൾഫാൻ നിരോധിക്കുകയോ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. അത്യന്തം മാരകമായ രാസവസ്തുക്കളുടെ വ്യാപാരം നിയന്ത്രിക്കുന്നതിനുള്ള റോട്ടർഡാം കൺവെൻഷൻ 2025 -ൽ കാർബോസൾഫാനെ കൺവെൻഷൻ്റെ അനക്സർ മൂന്നിൽ ഉൾപ്പെടുത്തി.
കാർബോസൾഫാൻ്റെ ചരിത്രം
കാർബോസൾഫാൻ്റെ ചരിത്രം അമേരിക്കൻ കമ്പനിയായ എഫ്എംസി കോർപ്പറേഷൻ്റെ കാർബോഫുറാൻ കീടനാശിനിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 1969-ൽ ഫുറഡാൻ എന്ന പേരിൽ കാർബോഫുറാന് അമേരിക്കൻ പേറ്റൻ്റ് ലഭിച്ചു. ഫുറഡാൻ വിപണിയിൽ വൻ വിജയമായെങ്കിലും ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും സൃഷ്ടിച്ചു. പക്ഷികൾക്കും വന്യജീവികൾക്കും അത്യന്തം മാരകമാണ് ഫുറഡാൻ എന്ന് പഠനങ്ങളിൽ കണ്ടെത്തി. ഒരു ചെറു പക്ഷിയെ കൊല്ലാൻ ഒരു തരി ഫുറഡാൻ മതി. ഫുറഡാൻ്റെ മാരക ഫലങ്ങൾ മറികടക്കാൻ എഫ് എം സി കമ്പനി വികസിപ്പിച്ചെടുത്ത രണ്ടാം തലമുറ ബദൽ കീടനാശിനിയാണ് മാർഷൽ എന്ന ലേബലിൽ വിറ്റഴിക്കപ്പെടുന്ന കാർബോസൾഫാൻ.
സുരക്ഷിതമെന്ന വാദം തെറ്റ്
ഫുറഡാനെക്കാളും സുരക്ഷിതമാണെന്ന അവകാശവാദത്തോടെയാണ് കമ്പനി കാർബോസൾഫാൻ വിപണിയിലെത്തിച്ചത്. ഫുറഡാൻ്റെ എല്ലാ കീടനശീകരണ സ്വഭാവങ്ങളും നിലനിർത്തിയ കാർബോസൾഫാൻ സസ്തനികൾക്ക് താരതമ്യേന സുരക്ഷിതമാണെന്നായിരുന്നു കമ്പനി അവകാശപ്പെട്ടത്.കാർബോസൾഫാൻ എൻ-മീഥൈൽ കാർബമേറ്റ് വിഭാഗത്തിൽ പെടുന്ന കീടനാശിനിയാണ്.ഇത് ഏറ്റവും കുപ്രസിദ്ധമായ , “വളരെ അപകടകരമായ കീടനാശിനികളിൽ” (എച്ച്എച്ച്പിസ് ) ഒന്നായ കാർബോഫുറാനുമായി രാസപരമായി അടുത്ത ബന്ധമുളള കീടനാശിനിയാണ്. കാർബോസൾഫാൻ കീടങ്ങളുടെ ശരീരത്തിൽ എത്തിയാൽ ഉപാപചയപരമായി മാരകമായ കാർബോഫുറാനായി പരിവർത്തനം ചെയ്യപ്പെടുകയും മാരക ഫലങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.അസറ്റൈൽകോളിനെസ്റ്ററേസ് എന്ന എൻസൈമിനെ തടയുന്നതിലൂടെ ജീവികളിൽ നാഡി സിഗ്നൽ സംപ്രേഷണത്തെ തടസ്സപ്പെടുത്തും.\
നാഡീവ്യവസ്ഥക്ക് ഹാനികരം
ഫുറഡാനെ പോലെ കാർബോസൾഫാനും നാഡീവ്യവസ്ഥയെ ബാധിക്കുന്നു, മനുഷ്യരിലും മൃഗങ്ങളിലും മത്സ്യങ്ങളിലുമെല്ലാം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി തെളിക്കും.ഈ കീടനാശിനിയുമായി ചെറിയ അളവിലുള്ള സമ്പർക്കമുണ്ടായാൽ പോലും തലവേദനയും തലകറക്കവും ഉണ്ടാകാം.കൂടിയ അളവിൽ ശരീരത്തിൽ എത്തിയാൽ ശ്വസന പ്രശ്നങ്ങൾ ഉണ്ടാക്കും.ശ്വാസതടസ്സത്തിന് കാരണമാവും.കാർബോസൾഫാൻ ഒരിക്കൽ ഉള്ളിലെത്തുകയോ ആഗിരണം ചെയ്യപ്പെടുകയോ ചെയ്താൽ, ശരീരത്തിനുള്ളിൽ വെച്ച് കാർബോഫുറാൻ എന്ന കൊടും വിഷമായി പരിവർത്തനം ചെയ്യപ്പെടുമെന്നതാണ് പ്രധാന ആരോഗ്യ പ്രശ്നം. ലോകാരോഗ്യ സംഘടന ക്ലാസ് 1 ബി വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന “വളരെ അപകടകരം” ആയ രാസപദാർത്ഥമാണ് കാർബോഫുറാൻ. കേരളം ഈ മാരക കീടനാശിനിക്ക് 2011-ൽ നിരോധനം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യാ ഗവണ്മെൻ്റ് 2023-ൽ രാജ്യത്ത് കാർബോഫുറാൻ നിരോധിച്ചു.
മരണനിരക്ക് കൂടുതൽ
ശ്രീലങ്കയിലെ ഏഴ് ആശുപത്രികളിൽ നടത്തിയ ക്ലിനിക്കൽ പOനങ്ങളിൽ കാർബോസൾഫാൻ കാർബോഫുറാനേക്കാൾ മാരകമാണെന്ന് കണ്ടെത്തി. രേഖപ്പെടുത്തിയ 1288 വിഷബാധ കേസുകൾ പരിശോധിച്ചപ്പോൾ കാർബോഫുറാൻ വിഷബാധയേറ്റുള്ള മരണനിരക്ക് 2..2 ശതമാനമായിരുന്നുവെങ്കിൽ കാർബോസൾഫാൻ വിഷബാധയിൽ നിന്നുള്ള മരണ നിരക്ക് 11.1 ശതമാനമായിരുന്നു. ലോകാരോഗ്യ സംഘടന ‘മിതമായി അപകടരമായ ‘ കീടനാശിനികളുടെ പട്ടികയിലാണ് കാർബോസൾഫാനെ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും ഫലത്തിൽ ഫുറഡാനേക്കാളും മാരകമാണ് ഈ കീടനാശിനി എന്നാണ് വിവിധ പഠനങ്ങളിലെ നിഗമനം. ഈ വിഷം മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ പ്രത്യേക മറുമരുന്ന് ലഭ്യമല്ല. അട്രോപിൻ പോലുള്ള ചില ഔഷധങ്ങൾക്ക് ലക്ഷണങ്ങളെ നിയന്ത്രിക്കാമെന്ന് മാത്രമെയുള്ളു.
പരിസ്ഥിതിക്കും അപകടകരം
ആകസ്മികമായ ശ്വസനം,ചർമ്മത്തിലൂടെയുള്ള സമ്പർക്കം, ഉല്പന്നങ്ങളിലെ അവശിഷ്ട വിഷാംശം തുടങ്ങിയവയിലൂടെ ഈ കീടനാശിനി കർഷകർ, കീടനാശിനി തളിക്കുന്ന തൊഴിലാളികൾ, ഭക്ഷ്യ ഉപഭോക്താക്കൾ എന്നിവരിൽ ഗുരുതരവും വിട്ടുമാറാത്തതുമായ നാഡീ സംബന്ധ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കാർബോസൾഫാൻ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ‘അത്യന്തം മാരകമായ ‘ക്ലാസ് 1 രാസപദാർത്ഥത്തിന് ‘ തൊട്ടടുത്താണ്. നെൽപ്പാടങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ പുറത്തേക്ക് ഒഴുകിയെത്തി ജലസ്രോതസ്സുകളെയും ഭൂഗർഭ ജലത്തെയും മലിനമാക്കും. പക്ഷികൾ, മത്സ്യങ്ങൾ, ജലജീവികൾ, മണ്ണിരകൾ, തേനീച്ചകൾ ഉൾപ്പെടെ പരാഗണത്തെ സഹായിക്കുന്ന ജീവികൾ എന്നിവയ്ക്കെല്ലാം അത്യന്തം അപകടകാരിയാണ് കാർബോസൾഫാൻ. കൂടാതെ ഐക്യ രാഷ്ട്രസഭയുടെ ജിഎച്ച്എസ് ഹസാർഡ് ക്ലാസ്സിഫിക്കേഷൻ പ്രകാരം അറിയപ്പെടുന്ന ഒരു സമുദ്ര മലിനീകരണ രാസവസ്തു കൂടിയാണ് ഈ കീടനാശിനി
ആഗോള തലത്തിൽ നിരോധനം
മനുഷ്യൻ്റെ ആരോഗ്യത്തിലും പരിസ്ഥിതിയിലും സൃഷ്ടിക്കുന്ന മാരകമായ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് യു കെ 2001-ൽ കാർബോസൾഫാൻ നിരോധിച്ചു.2007-ൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ കാർബോസൾഫാൻ ഉപയോഗിക്കുന്നത് വിലക്കി. വിയറ്റ്നാം 2022 -ൽ ഇതിന് വിലക്കേർപ്പെടുത്തി. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ കാപ്പി, കൊക്കോ, വാഴ, കയറ്റുമതിക്ക് വേണ്ടിയുള്ള മറ്റ് സർട്ടിഫൈഡ് വിളകൾ എന്നിവയിൽ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. ചില ആഫ്രിക്കൻ രാജ്യങ്ങളും റോട്ടർഡാം കൺവെൻഷൻ്റെ ഭാഗമായി കാർബോസൾഫാൻ ഉപയോഗം അവസാനിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ്. രാജ്യത്തെ ആളുകൾ ആത്മഹത്യക്ക് കാർബോസൾഫാൻ വ്യാപകമായി ഉപയോഗിച്ചതിനെ തുടർന്ന് ശ്രീലങ്കയാണ് ആഗോള തലത്തിൽ കാർ ബോസൾഫാൻ നിരോധനത്തിനു വേണ്ട ശാസ്ത്രീയ തെളിവുകൾ മുന്നോട്ടു വെച്ചത്.
റോട്ടർഡാം കൺവെൻഷൻ തീരുമാനം
2025 ഏപ്രിൽ -മെയ് മാസങ്ങളിൽ ജനീവയിൽ ചേർന്ന റോട്ടർഡാം കൺവെൻഷൻ്റെ പതിമൂന്നാമത് സമ്മേളനമാണ് രാജ്യാന്തര തലത്തിൽ കാർബോസൾഫാൻ്റെ ഉപയോഗം നിയന്ത്രിക്കാനുള്ള നിർണ്ണായക തീരുമാനമെടുത്തത്.യോഗം കാർബോസൾഫാനെ റോട്ടർഡാം കൺവെൻഷൻ്റെ അനക്സ് മൂന്ന് പട്ടികയിൽ ഉൾപ്പെടുത്തി. കൺവെൻഷൻ കാർബോസൾഫാനെ നേരിട്ട് നിരോധിക്കുന്നില്ല. എന്നാൽ കാർബോസൾഫാൻ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ, ഇറക്കുമതി രാജ്യങ്ങളിൽ നിന്ന് മുൻകൂട്ടി രേഖാമൂലം അനുമതി വാങ്ങിയിരിക്കണം. അടുത്ത വർഷം ജൂലൈ 21 ന് മുമ്പ് രാജ്യങ്ങൾ ഇത് സംബന്ധിച്ച പ്രതികരണം അറിയിക്കണമെന്നാണ് തീരുമാനം.
കീടനാശിനി കമ്പനികൾക്ക് എതിർപ്പ്
കർഷകരെക്കാൾ ഇന്ത്യയിലെ കീടനാശിനി നിർമ്മാണ കമ്പനികളാണ് കാർബോസൾഫാൻ നിരോധനത്തെ ശക്തമായി എതിർക്കുന്നത്.അഗ്രോ കെം ഫെഡറേഷൻ ഓഫ് ഇന്ത്യ (എസിഎഫ്ഐ) യുടെ കണക്കുകൾ പ്രകാരം രാജ്യത്ത് 32 ലക്ഷം ഏക്കർ കൃഷി സ്ഥലത്ത് കാർബോസൾഫാൻ ഉപയോഗിക്കുന്നുണ്ട്. ആഭ്യന്തര വാർഷിക ബിസിനസ്സ് 400 കോടി രൂപയ്ക്ക് അടുത്തു വരും. ഇതിൻ്റെ നിർമ്മാണം, പാക്കേജിംഗ്, വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 50 – ഓളം കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. കർഷകർക്ക് ചെലവ് കുറഞ്ഞ കീടനാശിനിയാണ് കാർബോസൾഫാൻ. ഇതിനെതിരെ കീടങ്ങൾ കാര്യമായ പ്രതിരോധശേഷി പ്രകടിപ്പിക്കാറില്ല.ഇക്കാരണങ്ങളാൽ കാർ ബോസൾഫാൻ നിരോധിക്കരുതെന്നാണ് കീടനാശിനി കമ്പനികളുടെ ആവശ്യം. എന്നാൽ പൊതു ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും കണക്കിലെടുത്ത് കാർബോസൾഫാൻ നിരോധിക്കണമെന്ന തീരുമാനത്തിനാണ് കേന്ദ്ര ഗവണ്മെൻ്റിൽ മുൻതൂക്കം.ഇന്ത്യയുടെ നിർദിഷ്ട കാർബോസൾഫാൻ നിരോധനത്തെ കർശനമായ കീടനാശിനി നിയന്ത്രണങ്ങളും മെച്ചപ്പെട്ട രാസ സുരക്ഷയും നടപ്പാക്കി സുസ്ഥിര കൃഷിയിലേക്ക് മാറാൻ ആഗോള തലത്തിൽ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായി വേണം കാണാൻ.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന