ഹോര്‍മുസില്‍ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് സ്ഥാപിച്ച മൈനുകള്‍ നിര്‍വീര്യമാക്കിയെന്ന് യുഎസ്; കപ്പല്‍ പാതകളിലെ സുരക്ഷ ഉറപ്പാക്കിയ നടപടി നാഴികക്കെല്ലന്ന് സെന്‍ട്രല്‍ കമാന്‍ഡ്
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐ.ആര്.ജി.സി.) സ്ഥാപിച്ച മൈനുകള്‍ നിര്‍വീര്യമാക്കിയതായി യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ്. അന്താരാഷ്ട്ര കപ്പല്‍ പാതകളിലെ സുരക്ഷ ഉറപ്പാക്കിയ ഈ നടപടി മേഖലയിലെ വലിയൊരു നാഴികക്കല്ലാണെന്ന് യു.എസ്. സെന്റ്കോം കമാന്‍ഡര്‍ ബ്രാഡ് കൂപ്പര്‍ വ്യക്തമാക്കി. സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് ഐ.ആര്.ജി.സി. സ്ഥാപിച്ച മൈനുകള്‍ നിര്‍വീര്യമാക്കിയതായി ബ്രാഡ് പറഞ്ഞത്.
യു.എസ്. നേവി ഡൈവര്‍മാര്‍, കപ്പലുകള്‍, മറ്റു നാവിക-വ്യോമസേനാ വിഭാഗങ്ങള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞ ഏതാനും മാസങ്ങളായി അതീവ രഹസ്യമായാണ് മൈനുകള്‍ നീക്കംചെയ്യുന്ന ദൗത്യം നടന്നത്. വെല്ലുവിളികളും അപകടങ്ങളും നിറഞ്ഞതായിരുന്നെങ്കിലും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാനായെന്നും, നിലവില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും ബ്രാഡ് കൂപ്പര്‍ കൂട്ടിച്ചേര്‍ത്തു.
കൂപ്പര്‍ പറഞ്ഞതുപോലെ ഇറാനിയന്‍ സമുദ്ര മൈനുകള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കില്‍ ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിനുള്ള നിയന്ത്രണങ്ങള്‍ കുറയാന്‍ സാധ്യതയുണ്ട്. എണ്ണ വ്യവസായത്തിന് നിര്‍ണായകമായ ഈ കടലിടുക്കിലെ ഗതാഗതം, ഇറാനെതിരായ ഏകദേശം ആറുമാസം നീണ്ട യുദ്ധത്തിനിടെ കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരുന്നു; ഇത് എണ്ണയുടെയും വാതകത്തിന്റെയും വില വര്‍ധിക്കുന്നതിന് കാരണമായി.
ഇറാനെതിരായ ഉപരോധം നടപ്പിലാക്കുന്നതിനൊപ്പംതന്നെ കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ അന്‍പതിനായിരത്തോളം യു.എസ്. സൈനികരാണ് മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ലോകത്തെ ഊര്‍ജ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് പങ്കും കടന്നുപോകുന്ന പ്രമുഖ ഗതാഗത പാതയായ ഹോര്‍മുസ് കടലിടുക്ക്, യു.എസ്.-ഇറാന് സംഘര്‍ഷങ്ങളെത്തുടര്‍ന്ന് തടസ്സപ്പെട്ടത് ആഗോള സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന