Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:23 PM IST
Kerala

‘രാഹുൽ ഗാന്ധിക്കെതിരായ കേസ് പ്രതിഷേധാർഹം’; സംഘപരിവാർ ഭരണകൂടത്തിന്റെ ഭീരുത്വമെന്ന് വി ഡി സതീശൻ

ന്യൂസ് ഡെസ്ക് 31 August 2026, 7:02 pm
SHARE

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയർത്തിയ രാഹുൽ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ പങ്കെടുത്ത പൊതുയോഗത്തിന് പിന്നാലെ സംഘപരിവാർ നടത്തിയ ശുദ്ധീകരണ ക്രിയ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു. ഖാർഗെയെപ്പോലൊരു മുതിർന്ന നേതാവ് പങ്കെടുത്ത വേദിയിൽ നടന്നത് അയിത്തത്തിന്റെ ആധുനിക രൂപമാണെന്നും സമത്വത്തിനും മനുഷ്യന്റെ അന്തസിനും വേണ്ടിയാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നതെന്നും സതീശൻ വ്യക്തമാക്കി.

രാഷ്ട്രീയ എതിരാളികൾക്കെതിരെ നിയമ സംവിധാനങ്ങളെ ആയുധമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പട്ടികജാതി-പട്ടികവർഗ പീഡനനിരോധന നിയമങ്ങൾ ദുരുപയോഗം ചെയ്ത് കേസെടുത്തതിലൂടെ സംഘപരിവാർ ഭരണകൂടത്തിന്റെ ഭീരുത്വമാണ് വ്യക്തമാകുന്നതെന്നും സതീശൻ പറഞ്ഞു. അയിത്തത്തിനും വിവേചനത്തിനുമെതിരായ പോരാട്ടത്തിൽ രാഹുൽ ഗാന്ധിക്കും മല്ലികാർജുന്‍ ഖാർഗെയ്ക്കുമൊപ്പം കേരള ജനത ഉറച്ചുനിൽക്കുമെന്നും ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും തകർക്കാനുള്ള നീക്കങ്ങളെ മതേതര സമൂഹം ശക്തമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റ്


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ബി.ജെ.പി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണ്. ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത പൊതുയോഗത്തിന് ശേഷം സംഘപരിവാര്‍ നടത്തിയ ‘ശുദ്ധീകരണ’ ക്രിയ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരായ വെല്ലുവിളിയാണ്. ഖാര്‍ഗെയെപ്പോലൊരു മുതിര്‍ന്ന നേതാവ് പങ്കെടുത്ത വേദിയില്‍ സംഘ്പരിവാര്‍ നടപ്പാക്കിയത് അയിത്തത്തിന്റെ ആധുനിക രൂപമാണ്. സമത്വത്തിനും മനുഷ്യന്റെ അന്തസിനും വേണ്ടിയാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്. ചോദ്യങ്ങള്‍ മറുപടി നല്‍കുന്നതിന് പകരം, രാഹുല്‍ ഗാന്ധിക്കെതിരെ പട്ടികജാതി/പട്ടികവര്‍ഗ പീഡനനിരോധന നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് കേസെടുത്തതിലൂടെ സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ ഭീരുത്വമാണ് വ്യക്തമാകുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നിയമ സംവിധാനങ്ങളെ ആയുധമാക്കുന്നത് അനുവദിക്കാനാകില്ല. രാജ്യത്ത് അയിത്തവും വിവേചനവും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കുമൊപ്പം കേരള ജനതയും ഉറച്ചുനില്‍ക്കും. ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങളെ മതേതര സമൂഹം ശക്തമായി നേരിടും.

Read More
s
ന്യൂസ് ഡെസ്ക്
View all posts →