Sunday, 9 August 2026
‘Honest storytelling is a powerful means of change
03:39:35 AM IST
Voices

കാർബൺ ഫാമിംഗ്: മറഞ്ഞിരിക്കുന്ന നഷ്ട സാധ്യതകൾ

SHARE

ഡോ ജോസ് ജോസഫ്


കാർബൺ ഫാമിംഗിൻ്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പരീക്ഷണ ശാലകളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ.മുമ്പ് കാർബൺ ക്രെഡിറ്റുകൾ വിപണിയിൽ നിന്നും വില കൊടുത്തു വാങ്ങിയിരുന്ന വൻകിട കമ്പനികൾ പലതും ഈ മേഖലയിൽ നേരിട്ട് നിക്ഷേപം നടത്താൻ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം പ്രോത്സാഹിപ്പിച്ച്, ഭൂ ശോഷണത്തിനും മണ്ണിലെ കാർബൺ നഷ്ടത്തിനും വഴിതെളിച്ചവരാണ് ഈ കമ്പനികളിൽ ചിലതെന്നതാണ് വൈരുദ്ധ്യം.ഇന്ത്യയുടെ കാർബൺ മാർക്കറ്റ് 2025-ൽ 417 കോടി ഡോളറായിരുന്നു.കഴിഞ്ഞ വർഷം തുടക്കമിട്ട ഇന്ത്യൻ കാർബൺ മാർക്കറ്റ് സജീവമാകുന്നതോടെ 2032 ൽ ഇത് 4824 കോടി ഡോളറായി ഉയരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ ആഗോള തലത്തിലും ഇന്ത്യയിലും കാർബൺ ഫാമിംഗുമായി ബന്ധപ്പെട്ട് ഇതിനകം നൽകിയ കാർബൺ ക്രെഡിറ്റുകൾ ആകെ ക്രെഡിറ്റുകളുടെ ഒരു ശതമാനത്തിനടുത്ത് മാത്രമെ വരികയുള്ളു.ആഗോള കാർബൺ പ്രോജക്ട് റേറ്റിംഗ് ഏജൻസികൾ കാർഷിക കാർബൺ ക്രെഡിറ്റുകൾക്ക് താഴ്ന്ന റേറ്റിംഗ് നൽകുന്നതാണ് ഒരു കാരണം.


നിലവിലുള്ള കൃഷിക്ക് കാർബൺ ക്രെഡിറ്റില്ല


നിലവിലുള്ള തോട്ടങ്ങളും അതിലെ വൃക്ഷങ്ങളും അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് വേർതിരിച്ചെടുത്ത് സംഭരിക്കുന്നുണ്ടെങ്കിലും അതിന് കാർബൺ ക്രെഡിറ്റ് ലഭിക്കില്ല. അന്തരീക്ഷത്തിലേക്കുള്ള കാർബൺ ഉൽസർജ്ജനം കുറയ്ക്കുന്നതിനും ഒഴിവാക്കുന്നതിനും പരമാവധി വേർതിരിച്ചെടുത്ത് മണ്ണിൽ സംഭരിക്കുന്നതിനും വേണ്ടി കർഷകർ അധികമായി ഏറ്റെടുത്ത് നടപ്പാക്കുന്ന പുതിയ കാർഷിക പ്രവർത്തനങ്ങൾക്കാണ് കാർബൺ ക്രെഡിറ്റ്.നിലവിലുള്ള ഒരു കാർഷിക പ്രവർത്തനത്തിൻ്റെ സ്വാഭാവിക പരിണാമത്തിന് ക്രെഡിറ്റ് ലഭിക്കില്ല. ആദ്യം തന്നെ കാർബൺ ഫാമിംഗ് പദ്ധതി ഇല്ലായിരുന്നുവെങ്കിൽ കൃഷിയിടത്തിൽ നിന്നും എത്രമാത്രം ഹരിത ഗൃഹ വാതക വിസർജ്ജനം നടക്കുമായിരുന്നുവെന്നും എത്രമാത്രം കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്യപ്പെടുമായിരുന്നുവെന്നും കണക്കാക്കും.ഈ അടിസ്ഥാന കണക്കിൽ നിന്നും കാർബൺ ഫാമിംഗ്‌ നടപ്പാക്കിയതിലൂടെ അധികമായി എന്ത് മാറ്റമുണ്ടാക്കി എന്ന് വിലയിരുത്തിയാകും കാർബൺ ക്രെഡിറ്റ് നൽകുക.ഇതിലുണ്ടാകുന്ന വിവിധ ചോർച്ചകളും കാർബൺ ക്രെഡിറ്റ് നൽകുന്നതിന് മുമ്പ് കിഴിക്കും.


കാർബൺ ക്രെഡിറ്റ് കണക്കാക്കൽ സങ്കീർണ്ണം.


കർഷകർക്ക് കാർബൺ ക്രെഡിറ്റ് നൽകുന്നത് അത്ര ലളിതമായ ഒരു പ്രക്രിയയല്ല.സങ്കീർണ്ണമായ നിരവധി ഘട്ടങ്ങളിലൂടെ കാർബൺ ഫാമിംഗ് നടപ്പാക്കുന്ന ഒരു കർഷകൻ കടന്നു പോകണം. പദ്ധതി നടപ്പാക്കുന്ന പ്രോജക്ട് ഡെവലപ്പറുടെ വിശ്വസനീയതയാണ് ഏറ്റവും പ്രധാനം.ഇന്ത്യയിൽ പ്രഖ്യാപിക്കപ്പെടുന്ന കാർബൺ ഫാമിംഗ് പദ്ധതികളുടെ മൂന്നിൽ ഒരു ഭാഗം മാത്രമെ രെജിസ്ട്രേഷൻ ഘട്ടത്തിൽ എത്താറുള്ളു. ആവേശത്തോടെ തുടങ്ങുന്ന സ്റ്റാർട്ടപ്പുകളിൽ പലതും പദ്ധതി ഉപേക്ഷിച്ച് പാതി വഴിയിൽ പിന്മാറുന്നു. കാർബൺ ഫാമിംഗ് രീതികളിലൂടെ മണ്ണിൽ അധികമായി കൂട്ടിച്ചേർത്ത കാർബൺ ക്യത്യമായി കണക്കാക്കുന്നത് ചെലവേറിയതാണ്. പദ്ധതി നടപ്പാക്കുന്ന ഡെവലപ്പർക്ക് നിർമ്മിത ബുദ്ധി ,ഇൻ്റർനെറ്റ് ഓഫ് തിങ്സ്, പ്രെഡിക്ടീവ് മോഡലിംഗ് തുടങ്ങിയ നവീന സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള ശേഷിയുണ്ടായിരിക്കണം.കൃത്യമായ കാർബൺ ഫാമിംഗ് പ്രോട്ടോക്കോളും ഫാമിംഗ് പ്ലാനും നടപ്പാക്കുകയും നിശ്ചത ഇടവേളകളിൽ പുരോഗതി വിശകലനം ചെയ്യുകയും വേണം. കാർബൺ ക്രെഡിറ്റുകൾ സൃഷ്ടിക്കുന്നതിൽ അളക്കൽ, റിപ്പോർട്ടിംഗ്, സ്ഥിരീകരണം (മെഷർമെൻ്റ്, റിപ്പോർട്ടിംഗ്, വേരിഫിക്കേഷൻ -എംആർവി ) എന്നിവ നിർണ്ണായകമാണ്.ഇതിൻ്റെ അടിസ്ഥാനത്തിൽ എത്രമാത്രം കാർബൺ ബഹിർഗമനം കുറച്ചു അല്ലെങ്കിൽ വേർതിരിച്ചെടുത്തു സംഭരിച്ചു എന്ന് വിശകലനം ചെയ്തായിരിക്കും കർഷകർക്ക് കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കറ്റുകൾ നൽകുക.


നേട്ടം ഇടത്തട്ടുകാർക്ക്


കാർബൺ ക്രെഡിറ്റ് വിൽപ്പനയിൽ കർഷകരെക്കാൾ നേട്ടം കൊയ്യുന്നത് ഇടത്തട്ടുകാരാണെന്നതാണ് പ്രധാന വിമർശനം.കാർബൺ ക്രെഡിറ്റുകൾ ഒരു വിപണിയധിഷ്ഠിത സംവിധാനമാണ്. കമ്പനികളുടെ ലാഭത്തിനാണ് പ്രാഥമിക പരിഗണന.കർഷകർക്ക് അധിക വരുമാനം നേടിക്കൊടുക്കുന്നതോ കർഷക ക്ഷേമം ഉറപ്പാന്നതോ ഇതിൻ്റെ ലക്ഷ്യമല്ല.പ്രോജക്ട് ഡെവലപ്പർമാരായ കമ്പനികളുടെ സാമ്പത്തിക നേട്ടമാണ് ഇതിൽ പങ്കെടുക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. കർഷകരുമായുള്ള കാർബൺ ക്രെഡിറ്റ് കരാറുകൾ പലപ്പോഴും സുതാര്യമല്ല. ‘കർഷകൻ ആദ്യം ‘ എന്ന നിലപാട് കമ്പനികൾക്കില്ല. ലാഭത്തിൻ്റെ ന്യായമായ വിഹിതം കർഷകർക്ക് കൈമാറാൻ കമ്പനികൾ മടി കാണിക്കും.കർഷകർ കൃഷി ഭൂമിയും അധ്വാനവും കാർബൺ ഫാമിംഗിനു വേണ്ടി മാറ്റി വെയ്ക്കുമ്പോൾ ലാഭത്തിൻ്റെ അധിക പങ്കും കമ്പനികൾ കൊണ്ടു പോകുന്നു.


വരുമാന നഷ്ടവും ഭക്ഷ്യ സുരക്ഷയും


രാസവളങ്ങളും രാസ കീടനാശിനികളുമെല്ലാം പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള പരിസ്ഥിതി സൗഹൃദ കൃഷി രീതികളാണ് കാർബൺ ഫാമിംഗിൽ ശുപാർശ ചെയ്യുന്നത്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കാർബൺ ഫാമിംഗ് പദ്ധതി തുടങ്ങി കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതു വരെയുള്ള കാത്തിരിപ്പ് കാലം ഇന്ത്യയിൽ താരതമ്യേന കൂടുതലാണ്. നാല് വർഷം വരെയെടുത്തേക്കാം. ഈ പരിവർത്തന കാലഘട്ടത്തിൽ വിളവ് കുറയുന്നത് കർഷകരുടെ വരുമാനത്തെയും ഭക്ഷ്യ സുരക്ഷയെയും ബാധിക്കും. ഡോക്യുമെൻ്റേഷൻ ഉൾപ്പെടെ ആദ്യ ഘട്ടത്തിൽ കർഷകർക്ക് ചെലവും കൂടുതലായിരിക്കും.കാർബൺ കൃഷിയുടെ പേരിൽ ചെലവു കുറഞ്ഞ പ്രത്യേക കാർഷിക രീതികളിലേക്കുള്ള മാറ്റം ചില സാഹചര്യങ്ങളിൽ ഉല്പാദനം കുറച്ചേക്കാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. പരമാവധി കാർബൺ ക്രെഡിറ്റ് ഉല്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന കമ്പനികൾ കൃഷിയിടത്തിലെ ഉല്പാദന ക്ഷമതയിലും കർഷകൻ്റെ വരുമാന വർധനവിലും താല്പര്യം കാണിക്കാറില്ല.കാർബൺ വരുമാനം കമ്പനികൾ കൊണ്ടു പോകുമ്പോൾ ഉല്പാദനത്തിൽ കുറവുണ്ടായാൽ അതിൻ്റെ നഷ്ടം കർഷകൻ തനിയെ സഹിക്കേണ്ടി വരും.


പുനരുജ്ജീവന കൃഷിയും ബയോച്ചാറും


ഇന്ത്യയിൽ നടപ്പാക്കുന്ന കാർബൺ ഫാമിംഗ് പദ്ധതികളിൽ പലതും പുനരുജ്ജീവന കൃഷി (റിജെനെറേറ്റീവ് അഗ്രികൾച്ചർ), ബയോചാർ പ്രയോഗം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് നടപ്പാക്കുന്നത്.2022-ൽ സ്ഥാപിതമായ പ്രമുഖ ഇന്ത്യൻ കാർബൺ ഫാമിംഗ് കമ്പനി വരാഹയുടെ പദ്ധതികളിൽ പുനരുജ്ജീവന കൃഷി, കാർഷിക വനവൽക്കരണം, ബയോച്ചാർ പ്രയോഗം തുടങ്ങിയവ പ്രധാനപ്പെട്ട ഘടകങ്ങളാണ്.സുസ്ഥിര കൃഷി, ജൈവകൃഷി, പ്രകൃതി കൃഷി തുടങ്ങിയവയിൽ നിന്ന് വ്യത്യസ്തമായി പുനരുജ്ജീവന കൃഷിയുടെ പ്രോട്ടോക്കോൾ കമ്പനികളാണ് നിശ്ചയിക്കുന്നത്.ഓക്സിജൻ രഹിതമോ ഓക്സിജൻ പരിമിതമോ ആയ അന്തരീക്ഷത്തിൽ കാർഷിക ജൈവാവശിഷ്ടങ്ങൾ ഉയർന്ന താപനിലയിൽ ചൂടാക്കുമ്പോൾ ലഭിക്കുന്ന കാർബൺ സമ്പന്ന ജൈവ വസ്തുവാണ് ബയോചാർ അഥവാ ജൈവക്കരി. കാർബൺ വേർതിരിച്ച് മണ്ണിൽ ദീർഘകാലം സംഭരിക്കാൻ ബയോച്ചാർ കാർബൺ ഫാമിംഗ് കമ്പനികൾ ഇന്ത്യയിൽ വൻതോതിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്തമായ ഫലങ്ങളാണ് ബയോച്ചാർ പ്രയോഗത്തിൽ നിന്നും കൃഷിയിടങ്ങളിൽ ലഭിക്കുന്നത്. അതെ സമയം കന്നുകാലി വളർത്തൽ മേഖലയിൽ നിന്നും മിഥെയ്ൻ ബഹിർഗമനം കുറക്കുന്നതിനുള്ള പദ്ധതികൾക്ക് ഇന്ത്യയിലെ മുഖ്യധാരാ കമ്പനികൾ അർഹമായ പ്രാധാന്യം നൽകിയിട്ടില്ല.


സ്ഥിരതയില്ലാത്ത കാർബൺ സംഭരണം


മറ്റാരോ നടത്തിയ അന്തരീക്ഷ മലിനീകരണം പരിഹരിക്കാൻ കർഷകർ ഏറ്റെടുത്തു നടത്തുന്ന അധിക പ്രവർത്തനമാണ് കാർബൺ ഫാമിംഗ്. ചെറുകിട- നാമമാത്ര കർഷകരെ പങ്കെടുപ്പിച്ച് സ്കെയിൽ ഉയർത്തി ഇത് നടപ്പാക്കുക വലിയ വെല്ലുവിളിയാണ്. 2023-ൽ കാർബൺ ബ്രീഫും ഗാർഡിയൻ പത്രവും ചേർന്നു നടത്തിയ ഒരു പഠനത്തിൽ വേർതിരിച്ചെടുത്ത കാർബണിൻ്റെ അളവ് കമ്പനികൾ യഥാർത്ഥത്തിലും കൂടുതലായി പെരുപ്പിച്ചു കാണിച്ച് കൂടുതൽ കാർബൺ ക്രെഡിറ്റുകൾ നേടുന്നതായി കണ്ടെത്തിയിരുന്നു. അന്തരീക്ഷത്തിൽ നിന്നും വേർതിരിച്ച് മണ്ണിൽ സംഭരിച്ചിരിക്കുന്ന കാർബൺ ശാശ്വതമായി അവിടെ നിലനിൽക്കണമെന്നില്ല.കർഷകർ കാർബൺ ഫാമിംഗ് കൃഷി രീതികൾ ഉപേക്ഷിച്ചാൽ മണ്ണിൽ സംഭരിച്ചിരിക്കുന്ന കാർബൺ വീണ്ടും അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടാനുള്ള സാധ്യതയുണ്ട്. വിപണിയിലെ ചാഞ്ചാട്ടം, കാലാവസ്ഥാ വ്യതിയാനം,ശക്തമായ ഗവണ്മെൻ്റ് നിയന്ത്രണ സംവിധാനങ്ങളുടെ അഭാവം എന്നിവയും കർഷകർക്ക് കാർബൺ ഫാമിംഗിൽ നിന്നുള്ള നഷ്ടസാധ്യതകൾ വർധിപ്പിക്കുന്നു.


കേര പദ്ധതിയിൽ തുടങ്ങട്ടെ


ദീർഘ കാലാടിസ്ഥാനത്തിൽ മണ്ണിലെ കാർബൺ അംശം വർധിപ്പിക്കുന്ന കാലാവസ്ഥാ പ്രതിരോധ കൃഷി രീതികൾ നടപ്പാക്കുന്നത് സ്വഗതാർഹമാണ്. എന്നാൽ കാർബൺ ഫാമിംഗ് വ്യാപകമാക്കുന്നതിന് മുമ്പ് വ്യത്യസ്തമായ കാർഷിക കാലാവസ്ഥാ മേഖലകളിലും മണ്ണുകളിലും കാർഷിക സർവ്വകലാശാലയുടെയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൻ്റെയും കീഴിലുള്ള പൊതു മേഖലാ ഗവേഷണ സ്ഥാപനങ്ങൾ ബഹുവർഷ പരീക്ഷണങ്ങൾ നടത്തി ഇതിൻ്റെ കാര്യക്ഷമതയും നേട്ടങ്ങളും തെളിയിച്ച് കർഷകരെ ബോധ്യപ്പെടുത്തണം – കേരളത്തിൽ നെൽകൃഷിയിൽ നിന്നുള്ള ഹരിത ഗൃഹ വാതക വിസർജ്ജനം കുറയ്ക്കാൻ ലോക ബാങ്ക് പദ്ധതിയായ ‘കേര’യിൽ വിപുലമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ഒരു വർഷം മുമ്പ് നെൽവയലുകളിൽ നിന്നും മിഥെയ്ൻ ബഹിർഗമനം കുറയ്ക്കാനുള്ള ധാരണാപത്രം സംസ്ഥാന കൃഷി വകുപ്പും ഫിലിപ്പൈൻസ് മാനില അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രവും തമ്മിൽ ഒപ്പു വെച്ചിരുന്നു. പാലക്കാട്, തൃശൂർ ജില്ലകളിലെ 45000 കർഷകരുടെ 22000 ഹെക്ടർ നെൽപാടങ്ങളിൽ നിന്നും മിഥെയ്ൻ ഉൽസർജ്ജനം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാൻ ലോക ബാങ്കിൽ നിന്നും കോടികൾ വായ്പയെടുത്തു നടപ്പാക്കുന്ന ‘കേര’ പദ്ധതിയിൽ തന്നെ സംസ്ഥാന സർക്കാർ കാർബൺ ഫാമിംഗിന് തുടക്കം കുറിക്കട്ടെ.

Read More
s
ന്യൂസ് ഡെസ്ക്
View all posts →