‘പിണറായി വിജയൻ വൈദ്യുതി മന്ത്രിയായ കാലം മുതലുള്ള അഴിമതിയുടെ തുടർച്ച’, അഴിമതിപ്പണം വെളുപ്പിക്കാൻ വീണയുടെ കമ്പനികളെ മറയാക്കി: ഷോൺ ജോർജ്
പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോൺ ജോർജ്ജ്. പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയൻ സംസ്ഥാന വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ ആരംഭിച്ച അഴിമതിയുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും, അഴിമതിയിലൂടെ ലഭിച്ച പണം വെളുപ്പിക്കുന്നതിനായി വീണാ വിജയന്റെ കമ്പനികളെ മറയാക്കിയെന്നുമാണ് ഷോൺ ജോർജ്ജിന്റെ ആരോപണം.
കേസുമായി ബന്ധപ്പെട്ട് ഇഡി ഔദ്യോഗികമായി പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ടെന്നും അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും ഷോൺ ജോർജ്ജ് പറഞ്ഞു. പുറത്തുവന്ന പണമിടപാട് രേഖകൾ തന്റേതല്ലെന്ന് വ്യക്തമാക്കാൻ വീണാ വിജയൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കമ്പനിക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടുണ്ടോയെന്നും ഷോൺ ജോർജ്ജ് ചോദിച്ചു. അന്വേഷണ ഏജൻസിയായ ഇഡിയുമായി താൻ ഒരു ഘട്ടത്തിലും നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും, മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്റെ പുരോഗതി മനസ്സിലാക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് ഹവാല മാർഗം പണം കടത്തിയതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും, ഇത് സാമ്പത്തിക കുറ്റകൃത്യം മാത്രമല്ല ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും ഷോൺ ജോർജ്ജ് ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ സിപിഎം നേതൃത്വം പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റിനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് കോഴിക്കോട് കേന്ദ്രീകരിച്ച് ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപിച്ച ഷോൺ ജോർജ്ജ്, നിലവിലെ റെയ്‌ഡ് റിയാസിനെതിരെയല്ലെന്നും വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കുന്നതെന്നും വ്യക്തമാക്കി. സേവനം നൽകാതെ മകൾക്ക് കോടികൾ നൽകിയെന്നത് പിണറായി വിജയന് നൽകിയ കൈക്കൂലിയാണെന്ന സ്വപ്ന സുരേഷിന്റെ മുൻ ആരോപണം ശരിവെക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും, പുറത്തുവന്ന വിവരങ്ങൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന