‘ഒരിക്കലും അത് ചെയ്യാൻ പാടില്ലായിരുന്നു, പിഷാരടിയോട് ചെയ്തത് വലിയൊരു തെറ്റായിപ്പോയി’; വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
അമ്മ സംഘടനയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ ശ്വേത മേനോനെതിരെ പ്രതിഷേധവുമായി നടി ബീന ആൻ്റണി രംഗത്ത്. സംഘടനയിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്കിടയിൽ സുഹൃത്തും ജനപ്രതിനിധിയുമായ രമേഷ് പിഷാരടിയെ മോശം രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ചെന്നാണ് ബീന ആന്റണി ആരോപിക്കുന്നത്. പിഷാരടിയോട് ചെയ്തത് വലിയൊരു തെറ്റായിപ്പോയി എന്നും ബീന ആന്റണി പറഞ്ഞു. അതേസമയം തകർച്ചയുടെ വക്കിലുള്ള ‘അമ്മ’യെ രക്ഷിക്കാൻ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും അടക്കമുള്ള മുതിർന്ന താരങ്ങൾ മുൻകൈ എടുക്കണമെന്നും ബീന ആന്റണി ആവശ്യപ്പെട്ടു.
ഏറ്റവും അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങൾ പുറത്തുവിട്ട് പിഷാരടിയെപ്പോലെ രാഷ്ട്രീയമായി വലിയ ഇമേജിൽ നിൽക്കുന്ന ഒരു വ്യക്‌തിയെ വേദനിപ്പിച്ചത് വലിയ വിശ്വാസവഞ്ചനയാണെന്ന് ബീന ആൻ്റണി പറഞ്ഞു. ശ്വേതയുടെ ഈ പ്രവർത്തിയിൽ തനിക്കുള്ള വ്യക്‌തിപരമായ എതിർപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ താരം വ്യക്‌തമാക്കി. സംഘടന നേരിടുന്ന കടുത്ത പ്രതിസന്ധിയിൽ സഹായിക്കാൻ എത്തിയ ആളാണ് പിഷാരടിയെന്നും, അദ്ദേഹത്തെ ഇത്തരമൊരു അവസ്‌ഥയിലേക്ക് തള്ളിവിട്ട ശ്വേതയുടെ നിലപാടിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്നും ബീന ആൻ്റണി പറഞ്ഞു.
ബീന ആന്റണി പറഞ്ഞത്
‘കുറച്ചു ദിവസമായിട്ട് ഞാൻ ഇങ്ങനെ ഒരു വിഡിയോ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കുറച്ചു തിരക്കുകളും കാരണങ്ങളും ഒക്കെ ആയതുകൊണ്ടാണ് ഇത് ഇപ്പോ ഇത്രയും നീണ്ടുപോയത്. നമുക്കെല്ലാവർക്കും അറിയാം, ‘അമ്മ’ സംഘടനയിൽ ഇപ്പോൾ ഈ കുറച്ചു നാളുകളായിട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾ. എല്ലാം എല്ലാവരും വായിക്കുകയും കേൾക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. നിങ്ങളൊക്കെ ചോദിക്കുന്നുണ്ടാവാം, ‘അമ്മ’യിലെ കാര്യങ്ങൾക്ക് ഞങ്ങൾക്കെന്താണ്, ഞങ്ങളെ എങ്ങനെ ബാധിക്കും എന്ന് പബ്ലിക്കിന് ചോദിക്കാം. പക്ഷേ, ‘അമ്മ’ എന്നൊരു സംഘടന എന്ന് പറഞ്ഞാൽ ഞങ്ങളെയൊക്കെ സംബന്ധിച്ചിടത്തോളം, ഈ കലാകാരന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയപ്പെട്ടതാണ്. ഞങ്ങൾ ഞങ്ങളുടെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന ഒരു സംഘടന തന്നെയാണ് എത്രയോ വർഷങ്ങളായിട്ട്. അപ്പോൾ അതിനിടയിൽ കുറെ പ്രശ്‌നങ്ങൾ ഉണ്ടാവുക, എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഒരു ഒത്തൊരുമയില്ലാതെ നിൽക്കുക എന്ന് പറയുമ്പോൾ അത് നമ്മളെ എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്. മാനസികമായിട്ട് ഞങ്ങൾ എല്ലാവരും നല്ല വിഷമത്തിലാണ്. കഴിഞ്ഞ ജനറൽ ബോഡിയിൽ ഉണ്ടായ പ്രശ്‌നങ്ങൾ ഒക്കെ തിരിച്ചും മറിച്ചും ഒന്നും പറഞ്ഞിട്ട് കാര്യമില്ല, എല്ലാവർക്കും അറിയാവുന്നതാണ്. ഞാൻ എന്റെ ഒരു വ്യക്‌തതയ്ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. എൻ്റെ പ്രേക്ഷകർ, എന്നെ ഇഷ്‌ടപ്പെടുന്ന ആൾക്കാർ, അവർക്ക് അറിയാൻ വേണ്ടി ഞാൻ എന്റെ ഭാഗം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അന്ന് കുറെ പ്രശ്നങ്ങൾ ഉണ്ടായതിനു ശേഷം ഒരു ഇൻ്റർവ്യൂവിൽ വന്നപ്പോൾ, എന്നോട് ഇതുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു, ശ്വേത അടക്കമുള്ള, ശ്വേതയുടെ ആ ഭരണസമിതിക്ക് ഒരുപാട് പിഴവുകൾ ആദ്യം തന്നെ സംഭവിച്ചു എന്ന്. അത് എപ്പോഴും ഞാൻ പറയുന്ന കാര്യമാണ്. അവർ തമ്മിലുള്ള സ്‌പ്ലിറ്റ്, അവർ പല പല ചേരിയായി തിരിഞ്ഞത്, ഓരോരുത്തർക്കും വന്ന ഈഗോ പ്രശ്‌നങ്ങൾ. ഇതൊക്കെ സംഭവിച്ചത് ഞാൻ അന്നും പറയുന്നു, ഇന്നും പറയുന്നു. പക്ഷേ, അന്നത്തെ ജനറൽ ബോഡിയിൽ അവർ സംസാരിക്കുന്നത് കേട്ടപ്പോൾ എൻ്റെ മനസ്സിൽ എന്തോ ഒരു ഇത് തോന്നി. അതിനു മുന്നേ അവിശ്വാസപ്രമേയം വന്നപ്പോൾ ഞാൻ അതിൽ ഒപ്പിട്ട ആളാണ്, ഇവർ നിൽക്കേണ്ട എന്ന് എനിക്ക് തോന്നിയതാണ്. എന്നാൽ അവർ സംസാരിച്ചപ്പോൾ അവർക്കൊരു 45 ദിവസം കൊടുക്കാം എന്ന് എനിക്ക് തോന്നി, അതിനുവേണ്ടി ഞാൻ അവിടെ സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി, അതിലൊന്നും ഒരു കാര്യവുമില്ലെന്ന്. അവിടെ ഭയങ്കര പ്രശ്‌നങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് വാക്കുതർക്കങ്ങളും എല്ലാം കഴിഞ്ഞിട്ട്, അവസാനത്തെ തീരുമാനത്തിൽ ഈ 17 അംഗങ്ങളുള്ള സമിതി രാജിവയ്ക്കുകയാണെന്ന് പറഞ്ഞ് പുറത്തിറങ്ങിപ്പോകുന്നു. അവർ പുറത്തുവന്ന് മാധ്യമങ്ങളെ കാണുന്നു. ശ്വേത പ്രസിഡന്റ് സ്ഥാനവും രാജിവയ്ക്കുന്നു. ‘അമ്മ’യിൽ നിന്ന് പോകരുതെന്ന് ഞങ്ങൾ എല്ലാവരും അന്ന് പറഞ്ഞിരുന്നു; ശ്വേത ആ ഒരു തീരുമാനം ഇപ്പോൾ എടുക്കല്ലേ എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ അതൊന്നും കേട്ടില്ല, പുള്ളിക്കാരി പുള്ളിക്കാരിയുടെ ഇഷ്‌ടം പറഞ്ഞു, അതങ്ങനെ കഴിഞ്ഞു. എന്നിട്ട് ഇപ്പോൾ ഈ രണ്ടു ദിവസമായിട്ട് നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ വന്നത്, ശ്വേതയും രമേഷ് പിഷാരടിയും തമ്മിലുള്ള വിഷയം. പിഷാരടി ഈ ഒരു പ്രശ്‌നങ്ങൾ സോൾവ് ചെയ്യാൻ വേണ്ടി നമ്മുടെ കൂടെ നിന്ന ആളാണ്. ഇപ്പോൾ നല്ലൊരു പൊസിഷനിൽ, ഏറ്റവും നല്ല ജനപിന്തുണയോടെ ഒരു എം.എൽ.എ ആയിട്ട് വന്ന ആളാണ് പിഷാരടി. ഞങ്ങൾക്ക് ഒരുപാട് അഭിമാനമുണ്ട് പിഷാരടിയുടെ കാര്യത്തിൽ. ആ പിഷാരടി നമ്മുടെ ‘അമ്മ’യുടെ ഈ അവസ്‌ഥയിൽ സഹായിക്കാൻ വന്ന ഒരാളാണ്. ശ്വേതയോട് ഏറ്റവും അടുപ്പമുള്ള രണ്ട് സുഹൃത്തുക്കളാണ് അവർ. അവർ തമ്മിലുള്ള സംസാരം ഇങ്ങനെ പുറത്തേക്ക് എടുത്തിട്ട്, പിഷാരടിയെപ്പോലെ ഇത്രയും ഉയർന്ന നിലയിൽ നിൽക്കുന്ന ഒരു വ്യക്‌തിയെ ഇതുപോലെ വേദനിപ്പിച്ചതിലും മോശമാക്കിയതിലും ഞാൻ എൻ്റെ ദുഃഖം രേഖപ്പെടുത്തുകയാണ്. അത് വളരെ മോശമായിപ്പോയി എന്ന് തന്നെയാണ് ഞാൻ പറയുന്നത്. ഒരിക്കലും അത് ചെയ്യാൻ പാടില്ലായിരുന്നു, വളരെ വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നത്. കാരണം അവർ തമ്മിൽ എത്രയോ ആത്മബന്ധമുള്ള ആൾക്കാരാണ്. പിഷാരടി ജയിച്ചപ്പോൾ ശ്വേത കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന ആ ഒരു സന്തോഷം പ്രകടിപ്പിച്ച ചിത്രം പുറത്തുവിട്ടവർ തന്നെയാണ്. അത്രയും ആത്മബന്ധമുള്ള ആൾക്കാരാണ് അവർ. ആ ഒരു ചാറ്റ് അല്ലെങ്കിൽ സംസാരം എടുത്ത് പുറത്തിട്ടപ്പോൾ ശ്വേത ഒരു കാര്യം ആലോചിക്കേണ്ടേ, ആ മനുഷ്യനെ അത് എത്രമാത്രം ബാധിക്കുമെന്ന്? രാഷ്ട്രീയമായി ഇത്രയും വലിയൊരു ഇമേജിൽ നിൽക്കുന്ന ഒരു മനുഷ്യനെ എന്തുമാത്രം മോശം രീതിയിലാണ് ഇപ്പോൾ മറ്റുള്ള പാർട്ടിക്കാരും ആളുകളും പറയുന്നത്! ആ ഒരു അവസ്‌ഥയിലേക്ക് ഒരിക്കലും പിഷാരടിയെ ആക്കാൻ പാടില്ലായിരുന്നു ശ്വേത. ഞാൻ അതിൽ ശക്തമായി ശ്വേതയോട് പ്രതിഷേധിക്കുന്നു. അതോടൊപ്പം, ഈ ലാസ്‌റ്റ് നിമിഷത്തിൽ വന്നിട്ട് ശ്വേത പറയുന്നു ‘ഞാൻ രാജിവെച്ചിട്ടില്ല, ഞങ്ങളുടെ ഭരണഘടനയും ഭരണസമിതിയും ഇനിയും തുടരും’ എന്നൊക്കെ. അതിൽ യാതൊരു അർഥവുമില്ല ശ്വേത. അതിൽ ഇനി എങ്ങനെ സപ്പോർട്ട് ചെയ്യാനാണ്? നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നിങ്ങളിലുള്ള വിശ്വാസം പിന്നെയും പോവുകയല്ലേ ഉള്ളൂ? ശ്വേത ഇപ്പോൾ ഈ ചെയ്തത് എന്താണ്? നിങ്ങൾ ഭരണസമിതിയിൽ ഇരിക്കുമ്പോൾ ഓരോ സംഭവങ്ങൾ പുറത്തുപോയതിനെക്കുറിച്ചൊക്കെ നമ്മൾ അന്നേ പറഞ്ഞിരുന്നു, അവിടെയാണ് നിങ്ങളുടെ പരാജയം സംഭവിച്ചതെന്ന്. ഇപ്പോൾ ആ കാര്യങ്ങൾ വെളിയിലേക്ക് കൊണ്ടുവരുന്നത് ശ്വേത തന്നെയല്ലേ ചെയ്തിരിക്കുന്നത്? അതിന് എന്ത് ന്യായമാണ് ശ്വേതയ്ക്ക് പറയാനുള്ളത്? അപ്പോൾ എനിക്ക് അതിൽ വളരെ എതിർപ്പുണ്ട്, എൻ്റെ വ്യക്തിപരമായ എതിർപ്പ് ഞാൻ പ്രകടിപ്പിക്കുകയാണ്. ഈ ചെയ്‌തതിനോട് എനിക്ക് ഒരിക്കലും ശ്വേതയോട് യോജിക്കാൻ കഴിയില്ല. പിഷാരടിയോട് ചെയ്തത് വലിയൊരു തെറ്റായിപ്പോയി.’
ഫാൽക്കൺ 9 റോക്കറ്റിന്റെ ഇടിച്ചിറക്കൽ ഉയർത്തുന്ന ‘സ്പേസ് റൈറ്റ്സ്’ ചോദ്യങ്ങൾ; ചന്ദ്രനെയും മാലിന്യക്കൂമ്പാരമാക്കുകയാണോ മനുഷ്യൻ?
12.25% വരെ യഥാർത്ഥ ആദായവുമായി ICL FINCORPന്റെ പുതിയ എൻ.സി.ഡി ഇഷ്യു ആഗസ്റ്റ് 10-ന് ആരംഭിക്കുന്നു