‘അമേരിക്കയുടെ സാമ്പത്തിക യുദ്ധവും പരാജയപ്പെടും, കടബാധ്യതയിൽ നിന്നും ശ്രദ്ധ തിരിക്കാൻ നീക്കം’; ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ
ഇറാനെതിരായ അമേരിക്കയുടെ പുതിയ സാമ്പത്തിക സമ്മർദനീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. അമേരിക്ക പ്രഖ്യാപിച്ച ‘സാമ്പത്തിക യുദ്ധം’ രാജ്യത്തെ ആഭ്യന്തര സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്ന് അരഗ്ചി ആരോപിച്ചു. കുതിച്ചുയരുന്ന അമേരിക്കൻ കടവും പലിശച്ചെലവുമാണ് യഥാർഥ പ്രതിസന്ധിയെന്നും അരഗ്ചി പറഞ്ഞു.
പരാജയപ്പെട്ട നയങ്ങളിൽ തന്നെ ഉറച്ചുനിൽക്കുന്നത് അമേരിക്കയെ കൂടുതൽ പരാജയങ്ങളിലേക്കാണ് നയിക്കുകയെന്നും അരഗ്ചി എക്സിൽ പ്രതികരിച്ചു. അമേരിക്കയുടെ ‘സാമ്പത്തിക ഭീകരവാദം’ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇറാനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
അതേസമയം ഇറാനെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനൊപ്പം അവരുമായി വ്യാപാര ബന്ധം പുലർത്തുന്ന മറ്റ് പരമാധികാര രാജ്യങ്ങളെപ്പോലും തകർക്കുമെന്ന പ്രസ്താവന അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെയും പരമാധികാര തത്വങ്ങളുടെയും നഗ്നമായ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. പക്വമായ ചർച്ചകളിലൂടെയോ മധ്യസ്ഥതയിലൂടെയോ ആണവ പ്രതിസന്ധി പരിഹരിക്കുന്നതിൽ വന്ന നയതന്ത്ര പരാജയം മറച്ചുവെക്കാനാണ് ഇത്തരം ഭീഷണികളിലേക്ക് വാഷിങ്ടൻ തിരിയുന്നതെന്ന ആക്ഷേപവും ശക്തമാണ്.
പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളം; അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിച്ച് ഇറാൻ, രണ്ട് കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ചു
സൗദിക്ക് നേരെ ഹൂതി ആക്രമണം; 73 പേർക്ക് പരുക്ക്, ശക്തമായ തിരിച്ചടിക്ക് മുന്നറിയിപ്പ്